ടൂറിസം വകുപ്പിന് കീഴില്‍ ഡിസൈൻ ഇന്നൊവേഷൻ ആന്‍ഡ് ഇൻകുബേഷൻ ലാബ് സ്ഥാപിക്കുന്നതിന് ഭരണാനുമതി

മൂന്നു കോടിയോളം രൂപ അനുവദിച്ചു
Kozhikode / November 7, 2025

കോഴിക്കോട്: കിൻഫ്ര നോളജ് പാർക്കിൽ കേരള ടൂറിസം വകുപ്പിന് കീഴിൽ ഡിസൈൻ ഇന്നൊവേഷൻ ആന്‍ഡ് ഇൻകുബേഷൻ ലാബ് (ഡിഐഐഎല്‍) സ്ഥാപിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. പദ്ധതിക്കായി 2,98,96,504 രൂപയാണ് ടൂറിസം വകുപ്പ് ചെലവഴിക്കുന്നത്.

സംസ്ഥാനം പുറത്തിറക്കിയ ഡിസൈന്‍ നയത്തിന്റെ ഭാഗമായാണ് ഡിഐഐഎല്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്തിന്റെ സര്‍ഗ്ഗാത്മക സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, പൊതു അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ടൂറിസത്തിന് ഉത്തേജനം നൽകുക എന്നിവയ്ക്കായുള്ള ആവാസവ്യവസ്ഥയാണ് ഈ നയം വഴി കെട്ടിപ്പെടുക്കാന്‍ ഉദ്ദേശിക്കുന്നത്.

 നഗര രൂപകൽപ്പന, നഗരാസൂത്രണം, വാസ്തുവിദ്യ, ഡിസൈന്‍, സാമൂഹിക ഗവേഷണം എന്നിവയിൽ വിദഗ്ദ്ധരെ ഡിഐഐഎല്ലില്‍ ഉൾപ്പെടുത്തുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൺസൾട്ടൻസി സേവനങ്ങൾ, ലൈസൻസുകൾ, അനുമതികള്‍, ഡിസൈൻ ഇന്നൊവേഷൻ രംഗത്തെ ഗവേഷണ-വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്റീരിയര്‍ ജോലികള്‍ മരാമത്ത് പണികള്‍, ഫർണിച്ചറുകള്‍, വൈദ്യുതീകരണം, കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് ജോലികള്‍, വികസന ഗ്രാന്റുകൾ തുടങ്ങിയവയ്ക്കാണ് തുക വിനിയോഗിക്കുന്നത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഫണ്ട് കണ്ടെത്തുന്നതില്‍ ലാബ് സ്വയം പര്യാപ്തത കണ്ടെത്തണമെന്ന് ഉത്തരവില്‍ പറയുന്നു. ആവശ്യമെങ്കില്‍ പൊതു-സ്വകാര്യ പങ്കാളിത്തം(പിപിപി) ഏര്‍പ്പെടുത്താനും അനുമതിയുണ്ട്.

Photo Gallery