ഓണം കേമമാക്കാന്‍ മില്‍മയും

ഓണം കേമമാക്കാന്‍ മില്‍മയും
Trivandrum / September 5, 2022

തിരുവനന്തപുരം: ഓണത്തിന് പാലിനും അനുബന്ധ ഉല്പന്നങ്ങള്‍ക്കുമുള്ള അധികവില്‍പ്പന പരിഗണിച്ച് മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂണിയന്‍ മികച്ച ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മേഖലാ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എസ് ഭാസുരാംഗന്‍ അറിയിച്ചു.
    
മേഖലാ യൂണിയന്‍റെ പരിധിയിലുളള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ മില്‍മ നേരിട്ട് നടത്തുന്നവയ്ക്ക് പുറമെയും സ്റ്റാളുകള്‍ ഒരുക്കും. ജില്ലകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പൂരാടം, ഉത്രാടം ദിവസങ്ങളില്‍ രാവിലെ 5 മുതല്‍ രാത്രി 11 വരെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. തിരുവനന്തപുരം- 50, കൊല്ലം-20, പത്തനംതിട്ട -18, ആലപ്പുഴ -15 എന്നിങ്ങനെ വൈദ്യുത ദീപാലങ്കാരത്തോടു കൂടിയ ഏജന്‍സി സ്റ്റാളുകള്‍ ഉണ്ടാകും. 

ഓണവിപണി ലക്ഷ്യമാക്കി ഉപഭോക്താക്കള്‍ക്കും ക്ഷീരോല്‍പാദകര്‍ക്കും ഏജന്‍സികള്‍ക്കും വിതരണക്കാര്‍ക്കും പ്രയോജനകരമായ വില്‍പ്പന പ്രോത്സാഹന പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡി എസ് കോണ്ട അറിയിച്ചു.

ഓണത്തിന് ഉപയോഗിക്കുന്ന പാല്‍,തൈര്, നെയ്യ്, പാലട മുതലായ ഉല്പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മില്‍മയുടെ വിറ്റുവരവിന്‍റെ 85% കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് തിരികെ നല്‍കുകയാണ് മില്‍മ ചെയ്യുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Gallery