ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ വിന്‍വിഷ് ടെക്നോളജീസ് ഡിസൈന്‍ സെന്‍റര്‍ സ്ഥാപിക്കും

1.10 ലക്ഷം ചതുരശ്രയടി യൂണിറ്റ് 500 ജീവനക്കാരെ ഉള്‍ക്കൊള്ളും 3-4 വര്‍ഷത്തിനുള്ളില്‍ 1000 പേര്‍ക്ക് തൊഴിവസരം
Trivandrum / November 6, 2025

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇലക്ട്രോണിക്സ്, ഐഒടി, ഒപ്റ്റോ-ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ വിന്‍വിഷ് ടെക്നോളജീസ് 2027 ഓടെ ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ സ്വന്തം കാമ്പസ് സ്ഥാപിക്കും. 1,10,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് യൂണിറ്റ് സ്ഥാപിക്കുക. ഏകദേശം 500 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയും. ടെക്നോപാര്‍ക്കിന്‍റെ ഔദ്യോഗിക വോഡ്കാസ്റ്റായ 'ആസ്പയര്‍: സ്റ്റോറീസ് ഓഫ് ഇന്നൊവേഷനി'ല്‍ വിന്‍വിഷ് ടെക്നോളജീസ് സിഒഒ പയസ് വര്‍ഗീസ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, ഒപ്റ്റിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി കിന്‍ഫ്ര പാര്‍ക്കില്‍ നാല് ഏക്കര്‍ സ്ഥലത്ത് 3.50 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ഏഴ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്നും പയസ് വര്‍ഗീസ് പറഞ്ഞു. ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, ഒപ്റ്റോ-ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന അളവിലുള്ള നിര്‍മ്മാണത്തിനായി 50,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ആദ്യ കെട്ടിടം രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകും. രണ്ടാമത്തെ കെട്ടിടത്തിന് തറക്കല്ലിട്ടു. ഇത് ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

ടെക്നോപാര്‍ക്ക് ഫേസ്-3 ലെയും കിന്‍ഫ്രയിലെയും മുഴുവന്‍ കാമ്പസുകളുടെയും നിര്‍മ്മാണം 2027 ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ എല്ലാ ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, ഒപ്റ്റോ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളും ഒരേയിടത്ത് ലഭ്യമാകും. 3 മുതല്‍ 4 വര്‍ഷത്തിനുള്ളില്‍ 1000 പേര്‍ക്ക് തൊഴിവസരത്തിനും വഴിയൊരുങ്ങും. ഈ സൗകര്യങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കമ്പനി ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിന് (ഐപിഒ) പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടെക്നോപാര്‍ക്കില്‍ നിന്നുള്ള കമ്പനികള്‍ക്ക് ബ്രഹ്മോസും ഐഎസ്ആര്‍ഒയുടെ യൂണിറ്റുകളായ വിഎസ്എസ് സി, എല്‍പിഎസ് സി, ഐഐഎസ് യു എന്നിവയും ധാരാളം അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് പയസ് വര്‍ഗീസ് ചൂണ്ടിക്കാട്ടി. പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ നിന്ന് നിരവധി അവസരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. വിജ്ഞാന സമ്പദ് വ്യവസ്ഥയുള്ള കേരളത്തില്‍ കഴിവുള്ള പ്രൊഫഷണലുകളെ കണ്ടെത്തുന്നത് എളുപ്പമാണ്. വിന്‍വിഷിന് നിലവില്‍ മതിയായ ഒപ്റ്റിക്സ്, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ എഞ്ചിനീമാരുണ്ട്.

  ഊര്‍ജ്ജസ്വലമായ ഗവേഷണ-വികസന നവീകരണ ആവാസവ്യവസ്ഥയെ പ്രയോജനപ്പെടുത്തി താങ്ങാനാവുന്ന നിരക്കില്‍ തദ്ദേശീയമായി സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഗവേഷണ-വികസനവും സാങ്കേതികവിദ്യയും നടപ്പിലാക്കുന്നതിന് വ്യവസായ-അക്കാദമിക് സഹകരണം അനിവാര്യമാണ്. ഉല്‍പ്പന്നങ്ങളുടെ സമയബന്ധിതമായ വിതരണവും വിപണി അറിവും പ്രധാനമാണ്. ലഭ്യമായ ഫണ്ടുകളെക്കുറിച്ച് സംരംഭകരെ അറിയിക്കാന്‍ ഒരു പ്ലാറ്റ് ഫോം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ഭൂമിയിലേക്ക് ഹൈഡെഫനിഷന്‍ വീഡിയോകള്‍ വേഗത്തില്‍ അയക്കുന്നതിനായി വിന്‍വിഷ് ടെക്നോളജീസ് 2013 ല്‍ നാസയ്ക്കായി ആദ്യത്തെ ബഹിരാകാശ പദ്ധതി വിജയകരമായി നടപ്പിലാക്കി. സ്പേസ് എക്സ്, ഗൂഗിള്‍, ഫേസ്ബുക്ക്, ബോയിംഗ്, ഐഎസ്ആര്‍ഒ എന്നിവയും വിന്‍വിഷിന്‍റെ പ്രധാന ക്ലയന്‍റുകളില്‍ ഉള്‍പ്പെടുന്നു.

2007 ല്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഡിസൈന്‍, എംബഡഡ് സോഫ്റ്റ് വെയര്‍ ഡവലപ്മെന്‍റ്, മെക്കാനിക്കല്‍ ഡിസൈന്‍, ഒപ്റ്റിക്സ് ഡിസൈന്‍ എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്. 2015 ല്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തിന് കീഴില്‍ നിര്‍മ്മിച്ച ആദ്യത്തെ ഉല്‍പ്പന്നമായ കണ്‍ഫോക്കല്‍ മൈക്രോസ്കോപ്പ് വികസിപ്പിച്ചെടുത്തു.

 

Photo Gallery

+
Content