മേമുണ്ട ഹയര്‍സെക്കന്‍ഡറിയില്‍ അക്വാടിക് സെന്ററിനായി 99.5 ലക്ഷം രൂപ അനുവദിച്ചു

Kozhikode / November 6, 2025

കോഴിക്കോട്: ജില്ലയിലെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ജല കായിക പരിശീലന കേന്ദ്രം(അക്വാട്ടിക് സെന്റര്‍) സ്ഥാപിക്കുന്നതിന് ടൂറിസം വകുപ്പ് ഭരണാനുമതി നൽകി. 99,50,000 രൂപയുടെ പദ്ധതി ശുപാര്‍ശയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ആഭ്യന്തര ജല കായിക വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കിയത്. നിലവിലുള്ള കുളവും അനുബന്ധ സൗകര്യങ്ങളും നവീകരിച്ചുള്ള സമഗ്രമായ വികസനമാണ് വിഭാവനം ചെയ്യുന്നത്.
 
വിദ്യാഭ്യാസത്തെ കായികക്ഷമതയുമായി സമന്വയിപ്പിച്ച് വിദ്യാർത്ഥികളുടെയും ശാരീരികവും മാനസികവും കായികവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിര സംവിധാനമായിരിക്കുമിതെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിന്റ വിവിധ പ്രദേശങ്ങളിലുള്ള പൊതു കുളങ്ങളും ജലാശയങ്ങളും വലിയ തോതില്‍ ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണെന്നും മന്ത്രി പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം.

Photo Gallery