ഫോട്ടോ ഫിനിഷില്‍ കാട്ടില്‍ തെക്കേതില്‍ ചുണ്ടന് (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) നെഹ്റു ട്രോഫി

ട്രോപ്പിക്കല്‍ ടൈറ്റന്‍സ്, മൈറ്റി ഓര്‍സ്, ബാക്ക് വാട്ടര്‍ നിന്‍ജാസ്, റേജിംഗ് റോവേഴ്സ് ഉള്‍പ്പെടെ 9 ടീമുകള്‍ക്ക് സിബിഎല്‍ യോഗ്യത
Alleppey / September 4, 2022

ആലപ്പുഴ: കാണികളിലും തുഴക്കാരിലും ആവേശവും ആകാംക്ഷയും നിറച്ച് 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ അവസാന ലാപ്പിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) ജേതാക്കള്‍. 4.30.77 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് കാട്ടില്‍ തെക്കേതില്‍ ഒന്നാം സ്ഥാനം നേടി ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) രണ്ടാം പതിപ്പിലേക്ക് യോഗ്യത നേടിയത്. 


കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടന്‍ (മൈറ്റി ഓര്‍സ്) രണ്ടാം സ്ഥാനം നേടി. 4.31.57 മിനിറ്റിലാണ് നടുഭാഗം ചുണ്ടന്‍ ഫിനിഷ് ചെയ്തത്. പുന്നമടക്കായലിന്‍റെ ഓളപ്പരപ്പില്‍ ഫോട്ടോഫിനിഷ് മത്സരം തീര്‍ത്ത് പുന്നമട ബോട്ട് ക്ലബ്ബിന്‍റെ വീയപുരം ചുണ്ടന്‍ (ബാക്ക് വാട്ടര്‍ നിന്‍ജാസ്) മൂന്നാം സ്ഥാനവും പോലീസ് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ (റേജിംഗ് റോവേഴ്സ്) നാലാം സ്ഥാനവും നേടി സിബിഎല്ലിലേക്ക് പ്രവേശനം നേടി. 


ഹീറ്റ്സുകളില്‍ മികച്ച സമയം കുറിച്ചാണ് ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടില്‍ തെക്കെതില്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലില്‍ മത്സരിച്ചത്. ഇവര്‍ക്കു പുറമേ മികച്ച സമയം കുറിച്ച് ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ വള്ളങ്ങളും സിബിഎല്ലില്‍ മത്സരിക്കും. നവംബര്‍ 26 വരെ തുടര്‍ച്ചയായ ശനിയാഴ്ചകളില്‍ 12 റൗണ്ടുകളിലായിട്ടാണ് സിബിഎല്‍. ഓണം ഇടവേളയ്ക്കു ശേഷം രണ്ടാം റൗണ്ട് മത്സരങ്ങള്‍ കരുവാറ്റ വള്ളംകളിയുടെ ഭാഗമായി സെപ്റ്റംബര്‍ 17 ന് പുനരാരംഭിക്കും.


നെഹ്റു ട്രോഫി വള്ളംകളിയുടെയും സിബിഎല്‍ രണ്ടാം പതിപ്പിന്‍റെയും ഉദ്ഘാടനം ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വ്വഹിച്ചു. ആലപ്പുഴയില്‍ തുടങ്ങി 12 റൗണ്ടുകളിലായി നടക്കുന്ന സിബിഎല്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിലൂടെ മലബാര്‍ മേഖലയിലും വള്ളംകളിയുടെ സംസ്കാരം പകര്‍ത്താനാകുമെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കോവിഡിനു ശേഷം ഇത്രയും ജനപങ്കാളിത്തത്തോടെ ഒരു മത്സരം സംഘടിപ്പിക്കാനായത് കേരളത്തിന്‍റെ കൂട്ടായ്മയുടെ വിജയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


സിബിഎല്‍ ആവേശകരമായ അനുഭവമാണെന്നും അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായി സിബിഎല്ലും നെഹ്രു ട്രോഫിയും സംഘടിപ്പിക്കുമെന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിന്‍റെ കാര്‍ഷിക, കലാ സംസ്കാരവുമായി ഇഴുകിച്ചേര്‍ന്നിട്ടുള്ളതാണ് വള്ളംകളിയെന്നും നെഹ്റു ട്രോഫി നാടിന്‍റെ അഭിമാനമുയര്‍ത്തുന്ന മത്സരമാണെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.


ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ റിട്ട. അഡ്മിറല്‍ ഡി കെ ജോഷി മാസ് ഡ്രില്‍ ഫ്ളാഗ് ഓഫ് ചെയ്തു. എ എം ആരിഫ് എം.പി നെഹ്റു ട്രോഫി സ്മരണിക പ്രകാശനം ചെയ്തു.
എംഎല്‍എമാരായ പി പി ചിത്തരഞ്ചന്‍, സജി ചെറിയാന്‍, തോമസ് കെ തോമസ്, എച്ച് സലാം, എം എസ് അരുണ്‍കുമാര്‍, ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്,  ആലപ്പുഴ സബ് കളക്ടര്‍ സൂരജ് ഷാജി, ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ ജി രാജേശ്വരി, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യാരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.


2019 ലെ നെഹ്റു ട്രോഫി വിജയിയായ ക്യാപ്റ്റന്‍ നാരായണന്‍കുട്ടി തുഴച്ചില്‍ക്കാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍ കെ കുറുപ്പ് ബോട്ട് ക്യാപ്റ്റന്‍മാരെ പരിചയപ്പെടുത്തി.
കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന നെഹ്റു ട്രോഫിക്ക് വന്‍ ജനപങ്കാളിത്തമായിരുന്നു. പുന്നമടക്കായലിലെ ഫിനിഷിംഗ്, സ്റ്റാര്‍ട്ടിംഗ് പോയിന്‍റുകളിലേക്കും ഇരുകരകളിലേക്കും രാവിലെ മുതല്‍ ജനസഹസ്രങ്ങളാണ് ഒഴുകിയത്. ജനങ്ങളുടെ ആവേശം മത്സരവള്ളങ്ങളിലും പ്രകടമായി. അത്യധികം ആവേശത്തോടെയാണ് ഇവര്‍ മത്സരത്തില്‍ തുഴയെറിഞ്ഞത്. 


ഒന്‍പത് വിഭാഗങ്ങളിലായി 20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 77 വള്ളങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. രാവിലെ 11ന്  മത്സരങ്ങള്‍ക്ക് തുടക്കമായി. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം നടന്നത്. വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍, തറവള്ളം, കെട്ടുവള്ളം വിഭാഗങ്ങളിലും മത്സരം നടന്നു. ഉച്ചയ്ക്ക് ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങളും നടന്നു. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണ് നടന്നത്.  ഓരോ ഹീറ്റ്സിലും നാലു വള്ളങ്ങള്‍ വീതം മത്സരിച്ചു.


 

Photo Gallery

+
Content
+
Content