സ്റ്റാർട്ടപ്പ് ഇന്നോവേഷൻ ഫെസ്റ്റിവൽ ഇന്ന് (ബുധന്‍)
Thrissur / November 4, 2025
തൃശൂര്‍: നവംബർ അഞ്ച് മുതൽ ഒമ്പത് വരെ ശക്തൻ നഗറിൽ നടക്കുന്ന "എമേർജിങ് തൃശൂർ 2025" ന്റെ ഭാഗമായി കേരളാ സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ "ഇന്നോവേഷൻ ഫെസ്റ്റിവലിന് ഇന്ന്(ബുധനാഴ്ച) തുടക്കമാകും. നാല്പതോളം ഇന്നൊവേറ്റീവ് സ്റ്റാർട്ടപ്പുകളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടക്കുന്നുണ്ട്. എംഎസ്എംഇ-പരമ്പരാഗത ബിസിനസുകളുടെ വളര്‍ച്ചയെ സഹായിക്കുന്ന വിവിധ പരിഹാരങ്ങൾ നൽകുന്നവയാണ് പ്രദർശിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍.
വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന സ്റ്റാർട്ടപ്പ് 360, ഫൗണ്ടേഴ്സ് മീറ്റ്, പാനൽ ഡിസ്കഷനുകൾ, ഫയർ സൈഡ് ചാറ്റ്, വുമൺ സ്റ്റോറി, വനിതകൾക്കായുള്ള വിവിധ സ്റ്റാർട്ടപ്പ് പദ്ധതികളുടെ വിശദീകരണം തുടങ്ങിയവയും നടക്കും. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ ആയ "ഹഡിൽ ഗ്ലോബൽ" ന്റെ റോഡ് ഷോയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഇന്നോവേഷൻ ഫെസ്റ്റിവൽ കേരളാ സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ഉത്ഘാടനം ചെയ്യും. ഡോ. സുധീർ കെ. പി. (ഹെഡ്, അഗ്രി ഇൻക്യൂബേറ്റർ), ഡോ. എ. സീമ (സിമെറ്റ്), അഭയൻ പി (എംഡി, കൈറ്റ്സ്) എന്നിവർ സംസാരിക്കും. റമീസ് അലി (ഇന്റർവെൽ ലേർണിംഗ്), ദേവൻ ചന്ദ്രശേഖരൻ (ഫ്യുസലേജ് ഇന്നോവേഷൻസ്), ജോസഫ് ബാബു (റിയാഫി), മഞ്ജു വാസുദേവൻ (ഫോറസ്റ്റ് പോസ്റ്റ്), രാഹുൽ ബാലചന്ദ്രൻ (ഇങ്കർ റൊബോട്ടിക്‌സ്), സയ്യിദ് സവാദ് (1ട്രപ്രണർ), വിനിത ജോസഫ് (സ്റ്റാർട്ടപ്പ് മിഷൻ), സൂര്യ തങ്കം (സ്റ്റാർട്ടപ്പ് മിഷൻ) തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
സ്റ്റാർട്ടപ്പ് സംരംഭകർ, സ്റ്റാർട്ടപ്പ് മേഖലയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ, വിദ്യാർത്ഥികൾ, നിക്ഷേപകര്‍ തുടങ്ങിയവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 6235188800 എന്ന നമ്പറിൽ ബന്ധപെടുക.