ബിനാലെക്ക് മുന്നോടിയായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ 'ക്രിയലൈസേഷൻ' സംവാദം നാളെ

Thrissur / November 5, 2025

തൃശ്ശൂർ: ഒന്നിലേറെ സംസ്ക്കാരങ്ങളും ഭാഷകളും കൂടിച്ചേര്‍ന്നുണ്ടാകുന്ന പുതിയ ഭാഷാസംസ്ക്കാരത്തെക്കുറിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സംവാദം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നാളെ(നവംബര്‍ 7, വെള്ളിയാഴ്ച) നടക്കും. അടുത്ത മാസം 12 ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന 'കല.. കാലം.. കലാപം' എന്ന സംവാദ പരമ്പരയിലെ രണ്ടാമത്തെ പരിപാടിയാണ് ഇത്. ചലച്ചിത്രകാരനും കലാസംഘാടകനുമായ കേളീ രാമചന്ദ്രനാണ് പരമ്പരയുടെ ക്യൂറേറ്റർ.

കെബിഎഫിന്റെ സ്ഥാപകാംഗവും ട്രസ്റ്റിയുമായ എഴുത്തുകാരന്‍ ബോണി തോമസ്  'കൊച്ചി: ഒരു സാംസ്കാരിക ക്രിയോൾ' എന്ന വിഷയത്തില്‍ സംസാരിക്കും. മലയാള ഭാഷാ പണ്ഡിതനായ ഡോ. ആദർശ് സി. 'മുസിരിസ്: ഒരു സാംസ്കാരിക ക്രിയോൾ' വിഷയത്തിലും സംവാദം നയിക്കും. രാവിലെ പത്തു മുതലാണ് പരിപാടി നടക്കുന്നത്.

കോളേജിലെ മലയാളം, ചരിത്ര വകുപ്പുകളുടെ സഹകരണത്തോടെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി  സംഘടിപ്പിക്കുന്നത്.

ഗോവയിലെ എച് എച് ആര്‍ട്ട് സ്പേസുമായി ചേര്‍ന്ന പ്രശസ്ത കലാകാരന്‍ നിഖില്‍ ചോപ്രയാണ് ബിനാലെ ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ഈ ലക്കത്തിന്റെ പ്രമേയം. 2026 മാർച്ച് 31 വരെ 109 ദിവസം ബിനാലെ പ്രദര്‍ശനങ്ങള്‍ നീണ്ടുനിൽക്കും.

Photo Gallery