വയനാട് റിപ്പൺ-ആനടിക്കാപ്പ്-കാന്തൻപാറ റോഡ് നവീകരണത്തിന് സർക്കാർ ഭരണാനുമതി
Kalpetta / November 5, 2025
കല്പറ്റ: ജില്ലയിലെ റിപ്പൺ-ആനടിക്കാപ്പ്-കാന്തൻപാറ റോഡ് നവീകരണ പദ്ധതിക്ക് വേണ്ടി സർക്കാർ ഒരു കോടി രൂപയുടെ ഭരണാനുമതി നൽകി. വിനോദസഞ്ചാര വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
ടൂറിസം മന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാരംഭ ഘട്ടത്തിൽ 20 ലക്ഷം രൂപ വകയിരുത്തിയിരുന്ന പദ്ധതിക്കുള്ള തുക വർദ്ധിപ്പിച്ചത്. പഞ്ചായത്തിന് കീഴലുള്ള റോഡായിരുന്നെങ്കിലും കാന്തന്‍പാറ വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതകള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് ആദ്യ റീച്ച് ടൂറിസം വകുപ്പ് മുന്‍കയ്യെടുത്ത് നന്നാക്കിയത്.
വയനാട് ജില്ലയുടെ ഗ്രാമീണ പ്രദേശങ്ങളിൽ ടൂറിസം സാധ്യത പൂർണമായി ഉപയോഗപ്പെടുത്തുന്നതിന് ടൂറിസം വകുപ്പ് കർമ്മപദ്ധതി നടപ്പാക്കി വരികയാണെന്ന് ടൂറിസം- പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് കൂടുതൽ തുക അനുവദിച്ചത്. ടൂറിസ്റ്റുകള്‍ക്ക് മാത്രമല്ല ആനടിക്കാപ്പ്, കാന്തന്‍പാറ പ്രദേശങ്ങളിലെ ഒട്ടേറെ ജനങ്ങള്‍ക്കും ഈ നവീകരണത്തിന്റെ ഗുണഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.