ഫോര്‍ട്ട് കൊച്ചി അടിസ്ഥാന സൗകര്യവികസനം 3.21 കോടി രൂപ അനുവദിച്ച് ടൂറിസം വകുപ്പ്

Kochi / November 5, 2025

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ടൂറിസം ആകര്‍ഷണങ്ങളിലൊന്നായ ഫോര്‍ട്ട് കൊച്ചിയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ടൂറിസം വകുപ്പ് 3,21,95,000 രൂപ അനുവദിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലമാണ് ഫോര്‍ട്ട്കൊച്ചിയും പരിസരപ്രദേശങ്ങളും. ഈ മേഖലയിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ ആഗോള നിലവാരത്തിലെത്തിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ഫണ്ട് അനുവദിച്ചത്.

സൗന്ദര്യവത്കരണം, നടപ്പാതകള്‍, പൊതു ഇരിപ്പിടങ്ങള്‍, കെട്ടിടങ്ങള്‍, നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം, ആധുനിക ശുചിമുറികള്‍, വൈദ്യുതീകരണ ജോലികള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയുടെയും പശ്ചിമകൊച്ചിയുടെയും ടൂറിസം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് വകുപ്പിന്റെ മുന്‍ഗണനാ വിഷയങ്ങളിലൊന്നാണെന്ന് ടൂറിസം – പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങളുടെ സമഗ്രവിവരങ്ങള്‍ ക്യൂ ആര്‍ കോഡിലൂടെ നല്‍കുന്നത് ആദ്യമായി നടപ്പാക്കിയത് ഫോര്‍ട്ട്കൊച്ചിയിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂറിസം രംഗത്തെ എല്ലാ പങ്കാളികളും പശ്ചിമകൊച്ചിയുടെ ടൂറിസം അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തില്‍ പരിപൂര്‍ണ സഹകരണം നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷമാണ് ഫോര്‍ട്ട്കൊച്ചിയിലെ സര്‍ക്കാര്‍ അതിഥിമന്ദിരം രണ്ടരക്കോടി ചെലവില്‍ നവീകരിച്ചത്. ഇത്തരം പദ്ധതികള്‍ ടൂറിസം വികസനത്തിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Photo Gallery