ഹഡില്‍ ഗ്ലോബല്‍ 2025: എച്ച്എന്‍ഐ, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, എംഎസ്എംഇ എന്നിവര്‍ക്ക് നിക്ഷേപാവസരം

'ചെക്ക് മേറ്റ്' പരിപാടിയിലേക്ക് കെഎസ്യുഎം അപേക്ഷ ക്ഷണിക്കുന്നു
Trivandrum / November 5, 2025

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ 2025 ലെ നിക്ഷേപക-സ്റ്റാര്‍ട്ടപ്പ് നെറ്റ് വര്‍ക്കിംഗ് പരിപാടിയായ 'ചെക്ക് മേറ്റ്' ന്‍റെ ഭാഗമാകാന്‍ എച്ച്എന്‍ഐ കള്‍, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, എംഎസ്എംഇ കള്‍ തുടങ്ങിയവര്‍ക്ക് അവസരം. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ താല്പര്യമുള്ള ബിസിനസുകാര്‍, സംരംഭകര്‍ എന്നിവര്‍ക്കും അവസരമുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.


ഡിസംബര്‍ 11 മുതല്‍ 13 വരെ കോവളത്താണ് ഹഡില്‍ ഗ്ലോബലിന്‍റെ ഏഴാം പതിപ്പ് നടക്കുക.
 
പരമ്പരാഗത പിച്ചിംഗ് സെഷനുമപ്പുറമുള്ള നിക്ഷേപാവസരങ്ങള്‍ ലക്ഷ്യമാക്കിയുള്ള 'ചെക്ക് മേറ്റ്' പ്ലാറ്റ് ഫോമിലൂടെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പരസ്പരം കാണാനും നിക്ഷേപം സ്വരൂപിക്കാനും സാധിക്കും. വളര്‍ച്ചയിലേക്ക് കുതിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ തേടുന്ന നിക്ഷേപകര്‍ക്കും 'ചെക്ക് മേറ്റ്' ഗുണകരമാകും.

കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാഗമാകാനും നൂതനാശയങ്ങള്‍ പ്രയോജനപ്പെടുത്താനും താല്പര്യമുള്ള എച്ച്എന്‍ഐ കള്‍, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, എംഎസ്എംഇകള്‍ തുടങ്ങിയവര്‍ക്ക് 'ചെക്ക് മേറ്റ്' വലിയൊരു സാധ്യതയാണ്. ഡീപ്ടെക്, ഹെല്‍ത്ത്ടെക്, അഗ്രിടെക്, ക്ലീന്‍ടെക്, ഫിന്‍ടെക്, മൊബിലിറ്റി, സോഫ്റ്റ്വെയര്‍ ആസ് എ സര്‍വീസ്  തുടങ്ങിയ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകളുമായി നേരിട്ട് സംവദിക്കാന്‍ ഇത്തരം നിക്ഷേപകര്‍ക്ക് അവസരം ലഭിക്കും.

രജിസ്ട്രേഷനായി സന്ദര്‍ശിക്കുക:  https://ksum.in/checkmate_huddleglobal2025

സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി മുന്‍കാല ഹഡില്‍ ഗ്ലോബല്‍ വേദികളില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍, ആഗോള നിക്ഷേപകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബെല്‍ജിയം, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള സഹകരണത്തിനും ഹഡില്‍ ഗ്ലോബല്‍ വഴിയൊരുക്കി.

നിര്‍മ്മിത ബുദ്ധി (എഐ), ഫിന്‍ടെക്, ബ്ലോക്ക് ചെയിന്‍, ഹെല്‍ത്ത്ടെക്, ലൈഫ് സയന്‍സസ്, ഓഗ്മെന്‍റഡ്/വെര്‍ച്വല്‍ റിയാലിറ്റി, സ്പേസ്ടെക്, ഇ-ഗവേണന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ മേഖലകള്‍ക്കാണ് ഹഡില്‍ ഗ്ലോബല്‍ പ്രാധാന്യം നല്കുന്നത്. ഈ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച ആശയങ്ങള്‍ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായുള്ള തത്സമയ ചര്‍ച്ചകള്‍, പൈലറ്റ് ഫണ്ടിംഗ്, ആഗോള വിപണി സാധ്യതകള്‍ എന്നിവയെ കുറിച്ച് അറിയാനുള്ള അവസരവും ലഭിക്കും.

ഇന്‍വെസ്റ്റര്‍ ഓപ്പണ്‍ പിച്ചുകള്‍, ഫൗണ്ടേഴ്സ് മീറ്റ്, ഇംപാക്റ്റ് 50, പിച്ച് ഇറ്റ് റൈറ്റ്, സണ്‍ ഡൗണ്‍ ഹഡില്‍, റൗണ്ട്ടേബിളുകള്‍ എന്നിങ്ങനെയുള്ള സെഷനുകള്‍ ഇക്കൊല്ലത്തെ ഹഡില്‍ ഗ്ലോബലില്‍ ഉണ്ടാകും. പിച്ച് മത്സരങ്ങള്‍, സ്റ്റാര്‍ട്ടപ്പ് എക്സ്പോകള്‍, നിക്ഷേപക സംഗമങ്ങള്‍, ഫയര്‍സൈഡ് ചാറ്റുകള്‍, മാസ്റ്റര്‍ക്ലാസുകള്‍, ക്യൂറേറ്റഡ് നെറ്റ് വര്‍ക്കിംഗ് അനുഭവങ്ങള്‍ എന്നിവയും സ്റ്റാര്‍ട്ടപ്പ് സംഗമത്തെ ആകര്‍ഷകമാക്കും.
 

Photo Gallery