ധര്‍മ്മടം മണ്ഡലത്തില്‍ മാനവീയം മാതൃകയില്‍ സ്ട്രീറ്റ് പദ്ധതി
99.99 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
Kannur / November 5, 2025
കണ്ണൂർ: തിരുവനന്തപുരത്തെ മാനവീയം വീഥി മാതൃകയില്‍ ധര്‍മ്മടം മണ്ഡലത്തിലെ പെരളശ്ശേരിയില്‍ സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നതിന് 99,99,530 രൂപ സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ചു.
നിര്‍ദ്ദിഷ്ട റോഡുകളുടെ ഇരുവശവും വികസിപ്പിക്കും. കിയോസ്കുകള്‍, കഫെത്തേരിയ, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, വൈദ്യുതാലങ്കാരങ്ങള്‍, പ്ലമ്പിംഗ് ജോലികള്‍, പാതയോര ഇരിപ്പിടങ്ങള്‍, കുട്ടികളുടെ കളിസ്ഥലം എന്നിവയാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.
ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ടൂറിസം രംഗത്ത് ഏര്‍പ്പെടുത്തിയ ജനകീയവും നൂതനവുമായ ആശയമായിരുന്നു ഡിസൈന്‍ പോളിസി അടിസ്ഥാനമാക്കി പൊതുസ്ഥലങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനുളള സ്ട്രീറ്റ് പദ്ധതിയെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് മാനവീയം മാതൃകയില്‍ പെരളശേരിയിലും പാര്‍ക്ക് സ്ഥാപിക്കുന്നത്.
പ്രധാന പട്ടണങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും ഈ പദ്ധതി ഇതിനകം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ നിരവധി ടൂറിസം ആകര്‍ഷണങ്ങളുള്ള ധര്‍മ്മടം മണ്ഡലത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനായി ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയ്കായി ആവശ്യമെങ്കില്‍ സ്ഥലം ഏറ്റെടുക്കാനും അനുമതിയുണ്ട്. തീരദേശ മേഖലയുടെ അനുമതിയടക്കം എല്ലാ രേഖകളും ലഭ്യമാക്കി ഉടന്‍ നിര്‍മ്മാണത്തിലേക്ക് കടക്കാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്. പത്തു മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.