ശാസ്ത്രീയ കലകള്‍ക്ക് ശക്തമായ അധ്യാപനരീതിയും പുതിയ സംവേദനക്ഷമതയും ആവശ്യം: ബിനാലെ സെമിനാര്‍
Kottayam / November 5, 2025
കോട്ടയം: ആധുനികതയുടെ ഘടകങ്ങള്‍ ശാസ്ത്രീയ കലകള്‍ക്ക് പുതിയ സംവേദനക്ഷമത സമ്മാനിക്കുമ്പോള്‍ തന്നെ പരമ്പരാഗത ധാരണകള്‍ അവയുടെ വിശാലമായ സ്വീകാര്യതയെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് ബിനാലെ സെമിനാര്‍.
കൂടിയാട്ടം, കഥകളി തുടങ്ങിയ കലകളെ കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ നീങ്ങണമെന്നും രണ്ട് കലകള്‍ക്കും പുതിയ കാലത്തിനനുസരിച്ചുള്ള അധ്യയനരീതി ആവശ്യമാണെന്നും കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി-6) ആറാം പതിപ്പിന് മുന്നോടിയായി കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) സംഘടിപ്പിച്ച ഔട്ട്റീച്ച് പരിപാടിയില്‍ വിദഗ്ധര്‍ പറഞ്ഞു.
പ്രമുഖ ശാസ്ത്രീയ കലകളില്‍ ഗുരുക്കന്‍മാരുടെ അനുകരണത്തില്‍ നിന്നും പാഠങ്ങളുടെ ആവര്‍ത്തനത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന വിദ്യാര്‍ഥികള്‍ ഉണ്ടെന്നും ഇത് നവീകരണത്തെ വിരളമാക്കുന്നുവെന്നും കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അനന്തകൃഷ്ണന്‍ പറഞ്ഞു. കലകളിലെ പുതുമകള്‍ രൂപകല്‍പ്പനയിലൂടെയാണ് ഉണ്ടാകേണ്ടത്. അത് ഉറപ്പാക്കാന്‍ അധ്യാപന രീതികള്‍ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക്കുമായി(ഐയുസിഎസ്എസ്എം) സഹകരിച്ച് സംഘടിപ്പിച്ച ബിനാലെ അനുബന്ധ പരിപാടി, സ്കോളറും ആക്ടിവിസ്റ്റുമായ കേളി രാമചന്ദ്രനാണ് ക്യൂറേറ്റ് ചെയ്തത്.
ഏകദേശം രണ്ട് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതും ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കൃത നാടകവേദിയുമായ കൂടിയാട്ടത്തിന് വിവിധ സംസ്കാരങ്ങളില്‍ നിന്നുള്ള പ്രേക്ഷകരുമായി സംവദിക്കാന്‍ കഴിയുമെന്ന് ഡോ. അനന്തകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
1930-ല്‍ കവി വള്ളത്തോള്‍ നാരായണ മേനോന്‍ കലാമണ്ഡലം സ്ഥാപിച്ചപ്പോള്‍ ശാസ്ത്രീയ കലകളെ പരമ്പരാഗത പ്രേക്ഷകര്‍ക്കും പരിശീലകര്‍ക്കും അപ്പുറത്തേക്ക് കൊണ്ടുവരിക എന്നതായിരുന്നു മുന്നോട്ടുവച്ച അടിസ്ഥാന ആശയം. 1965 ല്‍ കൂടിയാട്ട വകുപ്പ് രൂപീകരിച്ചത് ഈ ദൗത്യത്തിന്‍റെ വിപുലീകരണമായിരുന്നു. എന്നാല്‍ പിന്നീട് എവിടെയോ കലാമണ്ഡലത്തിന് ആ ശക്തി നഷ്ടപ്പെട്ടു. അത് വീണ്ടെടുക്കേണ്ട സമയമായി.
സംസ്ഥാനത്തെ നവീകരണ പ്രസ്ഥാനത്തിന്‍റെ ഫലമായി ഈ നൂറ്റാണ്ടില്‍ കേരളത്തിന്‍റെ ക്ലാസിക്കല്‍ കലാപാരമ്പര്യങ്ങളെ ആധുനികത മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്ന് എംജി സര്‍വകലാശാലയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനായ ഡോ. അജു കെ. നാരായണന്‍ പറഞ്ഞു, പാശ്ചാത്യ രാജ്യങ്ങളില്‍ നവോത്ഥാനം എന്നാല്‍ പുനരുജ്ജീവനമായിരുന്നു. അതില്‍നിന്ന് വ്യത്യസ്തമായി ഇവിടെ അത് സമകാലികതയുടെ പുതിയ ചൈതന്യമാണ് നല്‍കിയത്.
1500 വര്‍ഷം മുമ്പ് കൂടിയാട്ടത്തിന്‍റെ ശാഖയായി പരിണമിച്ച നങ്ങ്യാര്‍കൂത്തിന്‍റെ പ്രദര്‍ശനത്തില്‍ മുന്‍ സെഷന്‍റെ ഘടനയും സൗന്ദര്യശാസ്ത്രവും ആധുനികതയെ എങ്ങനെ വഹിച്ചുവെന്ന് അജു നാരായണന്‍ ചൂണ്ടിക്കാട്ടി. മഹാഭാരതത്തിലെ 'ഗാന്ധാരി' എന്ന പരീക്ഷണാത്മക നാടകത്തില്‍ ഡോ. കലാമണ്ഡലം കൃഷ്ണേന്ദു പുതിയ തലമുറയെ ആകര്‍ഷിക്കുന്ന തരത്തില്‍ നിരവധി പുരാണ കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൈങ്കുളം രാമചാക്യാരുടെ കീഴില്‍ കലാമണ്ഡലം വകുപ്പ് ആരംഭിച്ചപ്പോഴത്തെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്ന അഞ്ച് മുതിര്‍ന്ന കൂടിയാട്ട പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. മുതിര്‍ന്ന കലാകാരരായ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, രാമ ചാക്യാര്‍ (ജൂനിയര്‍), ഗിരിജ, ശൈലജ, മിഴാവ് താളവാദ്യ വിദഗ്ദ്ധന്‍ ഈശ്വരനുണ്ണി എന്നിവര്‍ ഗുരുവിന്‍റെ സംഭാവനകളെ അനുസ്മരിച്ചു. സംഭാഷണത്തിന് ശേഷം അവരുടെ കലാ പ്രകടനങ്ങളും നടന്നു.
'കല... കാലം.. കലാപം' സീരീസിലെ ആദ്യ പരിപാടിയായ എന്‍കോര്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ടി. അരവിന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎംബി പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി വിശിഷ്ടാതിഥിയായിരുന്നു.
ഐയുസിഎസ്എസ്എം ഡയറക്ടര്‍ പ്രൊഫ. ജയചന്ദ്രന്‍ കെ. അധ്യക്ഷത വഹിച്ചു. എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ, യൂണിവേഴ്സിറ്റിയിലെ കോളേജ് ഡെവലപ്മെന്‍റ് കൗണ്‍സിലിന്‍റെ ചുമതലയുള്ള ഡോ. ബിജു പി.ആര്‍, കേളി രാമചന്ദ്രന്‍, സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ ഡോ. ഹരികുമാര്‍ എസ് എന്നിവര്‍ സംസാരിച്ചു.
109 ദിവസം നീണ്ടുനില്‍ക്കുന്ന കെഎംബി-6-ാം പതിപ്പില്‍ ഗോവയിലെ എച്ച്എച്ച് ആര്‍ട്ട് സ്പെയ്സസുമായി ചേര്‍ന്ന് നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്ത കലാസൃഷ്ടികള്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ 12 ന് ബിനാലെ ആരംഭിക്കും.