കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ കൂടിയാട്ടം ഏകദിന സാംസ്കാരിക സമ്മേളനം ബുധനാഴ്ച എംജി സര്‍വ്വകലാശാലയില്‍

Kottayam / November 3, 2025

കോട്ടയം: കൊച്ചി മുസിരിസ് ബിനാലെയ്ക്ക് മുന്നോടിയായി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെ.ബി.എഫ്.) ലോകത്തിലെ ഏറ്റവും പഴക്കമേറിയ കലാരൂപമായ കൂടിയാട്ടത്തെ കുറിച്ച് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സംവാദം സംഘടിപ്പിക്കുന്നു. നവംബര്‍ 5 ബുധനാഴ്ച എം.ജി. യൂണിവേഴ്സിറ്റിയിലെ പി.ഡി. ഹില്‍സിലുള്ള ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക്കില്‍ (ഐ.യു.സി.എസ്.എസ്.എം.) രാവിലെ 10 മണിക്ക്  വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ടി. അരവിന്ദ്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

കേളീ രാമചന്ദ്രന്‍ ക്യൂറേറ്റ് ചെയ്യുന്ന 'കല, കാലം, കലാപം' എന്ന സംവാദ പരമ്പരയിലെ ആദ്യ പരിപാടിയാണ് എംജി സര്‍വകലാശാലയില്‍ നടക്കുന്നത്. കോട്ടയത്തെ സംവാദത്തിന് എന്‍കോര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ 1,800 വര്‍ഷം പഴക്കമുള്ള  കൂടിയാട്ടത്തിന്‍റെ ഇന്നത്തെ പ്രാധാന്യമാണ് ചര്‍ച്ച ചെയ്യുന്നത്.

കെഎംബി. പ്രസിഡന്‍റ്  ബോസ് കൃഷ്ണമാചാരി മുഖ്യാതിഥിയായിരിക്കും. ഐ.യു.സി.എസ്.എസ്.എം. ഡയറക്ടര്‍ പ്രൊഫ. ജയചന്ദ്രന്‍ കെ. അധ്യക്ഷനാകുന്ന ചടങ്ങില്‍ എം.ജി. യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ, കോളേജ് ഡെവലപ്മെന്‍റ് കൗണ്‍സിലിന്‍റെ ചുമതലയുള്ള ഡോ. ബിജു പി.ആര്‍. എന്നിവരും സംസാരിക്കും. കേളി രാമചന്ദ്രന്‍ സ്വാഗതവും, സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ ഡോ. ഹരികുമാര്‍ എസ്. നന്ദിയും പറയും.

കലാമണ്ഡലം കൃഷ്ണേന്ദു കൂടിയാട്ടത്തിന്‍റെ വനിതാ ഏകാംഗ അവതരണമായ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കും. അതിനു ശേഷം കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി. അനന്തകൃഷ്ണന്‍ 'കലയും ജാതിയും  ഒരു കലാമണ്ഡലം കഥ', ഡോ. അജു കെ നാരായണന്‍ 'കലയുടെ സാംസ്കാരിക രാഷ്ട്രീയം' എന്നീ വിഷയങ്ങളില്‍ സംസാരിക്കും.

മുതിര്‍ന്ന കൂടിയാട്ടം കലാകാരന്‍മാരായ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, രാമചാക്യാര്‍, ഗിരിജ, ശൈലജ, മിഴാവ് വിദ്വാന്‍ ഈശ്വരനുണ്ണി എന്നിവരെ ആദരിക്കും. കൂടിയാട്ടത്തിന്‍റെ ഭാഗമായ കൂത്ത് ആദ്യമായി ക്ഷേത്രത്തിന് പുറത്ത് പൊതു വേദിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ 76-ാം വര്‍ഷത്തിലാണ് കോട്ടയത്തെ ഈ പരിപാടി നടക്കുന്നത്.

 ഷൊര്‍ണ്ണൂരിനടുത്തുള്ള പൈങ്കുളം സ്വദേശിയായ രാമ ചാക്യാര്‍ തെക്കന്‍ തിരുവിതാംകൂറിലെ കൊട്ടാരക്കരയ്ക്കടുത്ത് ചെറുപൊയ്കയിലുള്ള ഒരു വീട്ടിലാണ് 1949 ല്‍ ആദ്യമായി കൂടിയാട്ടം അവതരിപ്പിച്ചത്. 1965-ല്‍ കൂടിയാട്ടം വകുപ്പ് കലാമണ്ഡലം ആരംഭിച്ചപ്പോള്‍ അദ്ദേഹം അവിടെ അധ്യാപകനായി. ഈ കല അഭ്യസിച്ചു വന്ന പ്രത്യേക സമുദായത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചുകൊണ്ട് ജാതിപരമായ അതിര്‍വരമ്പുകള്‍ തകര്‍ക്കാനുള്ള വിപ്ലവകരമായ ശ്രമങ്ങളും ആ സമയത്ത് നടന്നു. കോട്ടയത്തെ പരിപാടിയില്‍ ആദരിക്കുന്ന ശിവന്‍ നമ്പൂതിരി, രാമചാക്യാര്‍, ഗിരിജ, ശൈലജ എന്നിവര്‍ പൈങ്കുളത്തിന്‍റെ കീഴിലുള്ള ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ്.

പ്രശസ്ത കലാകാരന്‍ നിഖില്‍ ചോപ്രയും ഗോവയിലെ എച്ച്.എച്ച്. ആര്‍ട്ട് സ്പേസസും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി മുസരീസ് ബിനാലെ ആറാം പതിപ്പ് ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് നടക്കുന്നത്.

Photo Gallery

+
Content