സീസണിന് മുന്നോടിയായി നൂതന ഉത്പന്നങ്ങളും അനുഭവങ്ങളും അവതരിപ്പിച്ച് കേരള ടൂറിസം

സുസ്ഥിരവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ടൂറിസം അനുഭവങ്ങളില്‍ കേരളം മാതൃക: മന്ത്രി മുഹമ്മദ് റിയാസ്
New Delhi / October 30, 2025

ന്യൂഡല്‍ഹി: ടൂറിസം സീസണിനു മുന്നോടിയായി ആഭ്യന്തര, അന്തര്‍ദേശീയ സഞ്ചാരികളെ വരവേല്‍ക്കുന്നതിനായുള്ള നൂതന ടൂറിസം ഉല്‍പ്പന്നങ്ങളും അനുഭവങ്ങളും അവതരിപ്പിച്ച് കേരള ടൂറിസം. സംസ്ഥാനത്തിന്റെ മനോഹാരിതയും ആതിഥ്യമര്യാദയും ആസ്വദിക്കുന്നതിനൊപ്പം സന്ദര്‍ശകര്‍ക്ക് ഗുണനിലവാരമുള്ള ടൂറിസം ആകര്‍ഷണങ്ങളും അനുഭവങ്ങളും സീസണില്‍ ഉറപ്പാക്കും.

സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ടൂറിസം വികസനത്തിന്റെ പുതിയ മാതൃക കേരളം സൃഷ്ടിച്ചിട്ടുണ്ടെന്ന് ന്യൂഡല്‍ഹി ഓഖ്ലയിലെ ക്രൗണ്‍ പ്ലാസയില്‍ കേരള ടൂറിസം സംഘടിപ്പിച്ച  'നെറ്റ്വര്‍ക്ക് കേരള' ബി2ബി ടൂറിസം മീറ്റിന് നല്‍കിയ സന്ദേശത്തില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒരു ആഗോള ബ്രാന്‍ഡ് എന്ന നിലയില്‍ കേരളം സഞ്ചാരികള്‍ക്ക് വൈവിധ്യമാര്‍ന്ന തിരഞ്ഞെടുപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു. സുസ്ഥിരവും അനുഭവവേദ്യവുമായ ലക്ഷ്യസ്ഥാനമായി കേരളം ടൂറിസം മേഖലയില്‍ മാതൃകാപരമായ മാറ്റം കൊണ്ടുവന്നെന്നും മന്ത്രി പറഞ്ഞു.

ഏകദിന പരിപാടിയില്‍ സംസ്ഥാനത്തിന്റെ ടൂറിസം ഉല്‍പ്പന്നങ്ങളും അനുഭവങ്ങളും ഉയര്‍ത്തിക്കാട്ടുന്ന അവതരണം കേരള ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ശ്രീകുമാര്‍ നടത്തി.

'നെറ്റ്വര്‍ക്ക് കേരള' ബി2ബി ടൂറിസം മീറ്റില്‍ കേരളത്തില്‍ നിന്നുള്ള സെല്ലേഴ്‌സും ന്യൂഡല്‍ഹിയിലെ ബയേഴ്‌സും ഒത്തുചേര്‍ന്ന് ഈ സീസണ്‍ ലക്ഷ്യമിട്ടുള്ള ബിസിനസ് സാധ്യതകളില്‍ ധാരണയായി. കേരളത്തിന്റെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയോടെയാണ് ടൂറിസം മീറ്റ് അവസാനിച്ചത്.

ഡിസംബര്‍ 12 ന് ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ഇത്തവണ കേരളത്തിലെ ടൂറിസം സീസണ്‍. ലോകമെമ്പാടുമുള്ള കലാകാരന്‍മാര്‍ ഒത്തുചേരുന്ന പ്രമുഖ സമകാലിക കലാ പ്രദര്‍ശനങ്ങളിലൊന്നായ ബിനാലെ 2026 മാര്‍ച്ച് 31 വരെ നീണ്ടുനില്‍ക്കും.

കേരളം അടുത്തിടെ പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റ് ടൂറിസം വികസനത്തിനുള്ള മാതൃകയായി നിലകൊള്ളും. കേരളത്തിലെ പ്രയോജനപ്പെടുത്താവുന്ന നൂതന ടൂറിസം സാധ്യതകളെ ഇത് പ്രദര്‍ശിപ്പിക്കും. വെല്‍നസ് ടൂറിസം, സാഹസിക ടൂറിസം ഉള്‍പ്പെടെയുള്ള അനുബന്ധ ഉല്‍പ്പന്നങ്ങളിലെ നിക്ഷേപങ്ങളിലും ബിസിനസ് നവീകരണങ്ങളിലും പൈതൃക-സാംസ്‌കാരിക-ആത്മീയ ടൂറിസത്തിലുമുള്ള കേരളത്തിന്റെ സാധ്യതകള്‍ വിഷന്‍ ഡോക്യുമെന്റ് മുന്നോട്ടുവയ്ക്കുന്നു. സംയോജിത സന്ദര്‍ശക മാനേജ്‌മെന്റ്, സ്മാര്‍ട്ട് ടിക്കറ്റിംഗ്, ഓഗ്മെന്റഡ്‌വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍, എഐ അധിഷ്ഠിത വിശകലനം എന്നിവയിലൂടെ കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍, സ്മാര്‍ട്ട് ടൂറിസം ആവാസവ്യവസ്ഥയാക്കി മാറ്റാനും ഇത് ലക്ഷ്യമിടുന്നു. സംസ്ഥാനം പുറത്തിറക്കിയ പുതിയ ഉല്‍പ്പന്നങ്ങള്‍ക്കും പാക്കേജുകള്‍ക്കും ഇന്ത്യയിലെയും വിദേശത്തെയും പ്രധാന നഗരങ്ങളിലെ നെറ്റ്വര്‍ക്കിംഗ് ഇവന്റുകളിലും ടൂറിസം മേളകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഈ മാസം ആദ്യം കേരള ടൂറിസം ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ ആയ 'യാനം 2025' വര്‍ക്കലയില്‍ സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള മികച്ച യാത്രാ എഴുത്തുകാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും ഈ പരിപാടിയുടെ ഭാഗമായി. കേരളമെന്ന ഡെസ്റ്റിനേഷനെ കൂടുതല്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച ഈ ഫെസ്റ്റിവെല്‍ എല്ലാ വര്‍ഷവും നടത്താനാണ് ലക്ഷ്യമിടുന്നത്.

വനിതാസൗഹൃദ ടൂറിസം നയം നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന നിലയില്‍ കേരളം വേറിട്ടുനില്‍ക്കുന്നു. സ്ത്രീകള്‍ക്ക് യാത്ര ചെയ്യാനും വൈവിധ്യമാര്‍ന്ന മനോഹാരിത അനുഭവിക്കാനും കഴിയുന്ന സുരക്ഷിതവും വൃത്തിയുള്ളതുമായ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ആഗോളതലത്തില്‍ കേരളം അതിന്റെ സ്ഥാനം ഉറപ്പിക്കുന്നു. പ്രാദേശിക ജനവിഭാഗത്തെ കൂടി ഉള്‍ക്കൊണ്ടു കൊണ്ടുള്ള ടൂറിസം പ്രവര്‍ത്തനമാണ് കേരളം നടപ്പാക്കിവരുന്നത്. ഇത് ഗ്രാമീണജനതയുടെ സാംസ്‌കാരികവും തൊഴില്‍പരവുമായ പാരമ്പര്യങ്ങളുടെ പ്രായോഗിക അനുഭവം യാത്രികര്‍ക്ക് നല്‍കുന്നു. സമീപകാലത്ത് ഒറ്റയ്ക്കും ഗ്രൂപ്പ് പാക്കേജുകളുടെ ഭാഗമായും സഞ്ചരിക്കുന്ന വനിതാ യാത്രികരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരം ടൂര്‍ പാക്കേജുകള്‍ പലതും സ്ത്രീസംരംഭകര്‍ തന്നെ നടത്തുന്നതാണ്.

മൈസ് ടൂറിസം, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് എന്നിവയാണ് പുതുതായി നിക്ഷേപ സാധ്യത മുന്നോട്ടുവയ്ക്കുന്ന മറ്റ് രണ്ട് മേഖലകള്‍. ആഡംബരവും വിനോദവും സംയോജിപ്പിച്ചുകൊണ്ട് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനും മൈസ് ടൂറിസത്തിനും (മീറ്റിംഗുകള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍) കേരളം പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു.

കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) സൊസൈറ്റി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഈ വര്‍ഷം ഓഗസ്റ്റില്‍ കൊച്ചിയില്‍ വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് നടത്തി. ലോകമെമ്പാടുമുള്ള ബയേഴ്‌സ് ഈ കോണ്‍ക്ലേവില്‍ പങ്കെടുത്തു. മനോഹരമായ ഭൂപ്രകൃതി, ലോകോത്തര സൗകര്യങ്ങള്‍, പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംയോജനം എന്നിവയാല്‍ വേറിട്ട അനുഭവം തേടുന്ന ഇവന്റ്-വെഡ്ഡിങ് പ്ലാനര്‍മാര്‍, ദമ്പതികള്‍, കോര്‍പ്പറേറ്റ് ക്ലയന്റുകള്‍ എന്നിവരെ സംസ്ഥാനം ആകര്‍ഷിക്കുന്നു.

ആഗോളതലത്തില്‍ പ്രശംസിക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസം മാതൃകയിലൂടെ സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ ടൂറിസം വികസനത്തില്‍ കേരളം പ്രശസ്തി നേടിയിട്ടുണ്ട്. പ്രാദേശിക സമൂഹങ്ങളുമായി പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ആര്‍ടി പ്രവര്‍ത്തനത്തിലൂടെ നിരവധി പുതിയ ടൂറിസം ലക്ഷ്യസ്ഥാനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

പുതിയ പദ്ധതികള്‍ക്കൊപ്പം കായല്‍, ബീച്ചുകള്‍, ഹില്‍ സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തിന്റെ തനത് പ്രത്യേകതകളും സഞ്ചാരികള്‍ക്ക് മികച്ച അനുഭവം നല്‍കും. ഹൗസ് ബോട്ടുകള്‍, കാരവന്‍ സ്റ്റേകള്‍, പ്ലാന്റേഷന്‍ സന്ദര്‍ശനങ്ങള്‍, ജംഗിള്‍ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ആയുര്‍വേദ അധിഷ്ഠിത വെല്‍നസ് സെന്ററുകള്‍, ട്രെക്കിംഗ്, വില്ലേജ് വാക്ക് എന്നിങ്ങനെ യാത്രാപ്രേമികള്‍ക്ക് വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ നല്‍കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്.

സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വരുമാനത്തില്‍ പ്രധാന സംഭാവന നല്‍കുന്ന മേഖലയാണ് ടൂറിസം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായ കുത്തനെയുള്ള വര്‍ദ്ധനവില്‍ നിന്ന് ഇത് വ്യക്തമാണ്. ടൂറിസവുമായി ബന്ധപ്പെട്ട ഭൗതിക അടിസ്ഥാന സൗകര്യങ്ങളില്‍ സുസ്ഥിര സംരക്ഷണ മാതൃകകള്‍ സ്വീകരിച്ചും പൊതു ആസ്തികളുടെ സൗന്ദര്യാത്മക ആകര്‍ഷണം ഉയര്‍ത്തുന്നതിനുമായി നൂതന ഡിസൈന്‍ നയം കേരള ടൂറിസം അവതരിപ്പിച്ചിട്ടുണ്ട്.

 

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content