മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗ് ഐഐടിഎം പുറത്തിറക്കും: ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകം

ആര്‍ജിസിബി ആതിഥേയത്വം വഹിച്ച ഐഎഎന്‍ സമ്മേളനം സമാപിച്ചു
Trivandrum / November 1, 2025

തിരുവനന്തപുരം: മനുഷ്യ മസ്തിഷ്കത്തിന്‍റെ വിശകലനത്തില്‍ സുപ്രധാന നാഴികക്കല്ലായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടിഎം) ആദ്യമായി മനുഷ്യരുടെ വലിയ തോതിലുള്ള ബ്രെയിന്‍ മാപ്പിംഗ് വിവരങ്ങള്‍ പുറത്തിറക്കും. മനുഷ്യ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള വഴികള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഇത് സഹായകമാകും.

മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും വിശകലനം ചെയ്യാനും സഹായിക്കുന്ന ന്യൂറോസയന്‍സ് പഠനരീതിയാണ് ബ്രെയിന്‍ മാപ്പിംഗ്. വിദേശത്തും സ്വദേശത്തുമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഐഐടിഎം ബ്രെയിന്‍ മാപ്പിംഗ് വിവരങ്ങള്‍ പുറത്തുവിടുന്നത്.

ബ്രെയിന്‍ മാപ്പിംഗ് വിവരങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഐഐടി മദ്രാസ് (ഐഐടിഎം) ലെ ഡോ. മോഹനശങ്കര്‍ ശിവപ്രകാശം പറഞ്ഞു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ (ഐഎഎന്‍) കോവളത്ത് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ സമാപനദിവസത്തെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എലികളുടേയും കുരങ്ങിന്‍റേയും മസ്തിഷ്കങ്ങളുമായി ബന്ധപ്പെട്ട് ഗവേഷകര്‍ വിവിധ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും മനുഷ്യരുടേതില്‍ വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ നടന്നിട്ടില്ല. വളരെ സങ്കീര്‍ണ്ണമായ മസ്തിഷ്കത്തില്‍ 100 ബില്യണിലധികം കോശങ്ങളുണ്ട്. കോശങ്ങള്‍ക്കിടയില്‍ ട്രില്യണ്‍ കണക്കിന് കോശബന്ധനങ്ങളുമുണ്ട്. മില്ലിമീറ്ററുകള്‍ മാത്രമുള്ള തലച്ചോറിലെ കോശങ്ങളെ മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിംഗ് (എംആര്‍ഐ) സാങ്കേതികവിദ്യയിലൂടെ കാണാനാകും.

ഐടി സംരംഭകനായ ക്രിസ് ഗോപാലകൃഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഐഐടിഎം ആഗോളനിലവാരത്തിലുള്ള ബ്രെയിന്‍ മാപ്പിംഗ് പദ്ധതി 2017 ല്‍ ഏറ്റെടുത്തത്. മസ്തിഷ്കത്തെ ചിത്രീകരിക്കാനാവശ്യമായ ഉപകരണങ്ങള്‍ അന്ന് ലഭ്യമല്ലാത്തത് ഒരു പ്രധാന വെല്ലുവിളിയായിരുന്നു. അതിനാല്‍ ഗവേഷണ വികസനത്തിലൂടെ സ്വന്തമായി സാങ്കേതികവിദ്യയും വികസിപ്പിക്കേണ്ടി വന്നു.

2020 ല്‍ പദ്ധതി ആരംഭിച്ചു. ഇതിലൂടെ കിട്ടിയ വിവരങ്ങളെ സെല്ലുലാര്‍ ലെവല്‍ മാപ്പുകളാക്കി മാറ്റിയത് ആരോഗ്യ മേഖലയ്ക്ക് ഗുണകരമാകും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള മസ്തിഷ്കഭാഗങ്ങള്‍ ബ്രെയിന്‍ മാപ്പിംഗിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഹൈ ആള്‍ട്ടിറ്റ്യൂഡ് ഇന്‍ഡ്യൂസ് ഇന്‍ ഗട്ട്-ഇമ്മ്യൂണ്‍-ബ്രെയിന്‍ ആക്സിസ്' എന്ന വിഷയത്തില്‍ ന്യൂഡല്‍ഹി ഡിഐപിഎഎസിലെ കെ പി. മിശ്ര പ്രഭാഷണം നടത്തി. സൈനികര്‍ക്കായി ഇലക്ട്രോണിക് അധിഷ്ഠിത ബയോസെന്‍സറുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ ശാസ്ത്രജ്ഞര്‍ക്ക് ഡിആര്‍ഡിഒ യുമായി സഹകരിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 ജപ്പാനിലെ റിക്കെന്‍ സെന്‍റര്‍ ഫോര്‍ ബ്രെയിന്‍ സയന്‍സിലെ ടോമോമി ഷിമോഗോരിയും പ്രഭാഷണം നടത്തി.

ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ നടന്ന സമ്മേളനത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും മേഖലയിലെ വിദഗ്ധരും പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് നാഡീ സംബന്ധമായ രോഗങ്ങള്‍, മസ്തിഷ്ക വൈകല്യങ്ങള്‍ എന്നിവയിലെ പുതിയ ഗവേഷണങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും അവതരണങ്ങളും നടന്നു.

Photo Gallery

+
Content