തിരുവനന്തപുരത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്ന് വിമാന കമ്പനികള്‍

തിരുവനന്തപുരത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്ന് വിമാന കമ്പനികള്‍
Trivandrum / September 4, 2022

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്ന് വിമാന കമ്പനികള്‍ .ആഭ്യന്തര വിദേശ കേന്ദ്രങ്ങളില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസുകള്‍ സജീവ പരിഗണനയിലാണെന്ന് വിമാന കമ്പനി മേധാവികള്‍ വെളിപ്പെടുത്തി. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ട്രിവാന്‍ഡ്രം എയര്‍ കണക്റ്റിവിറ്റി ഉച്ചകോടിയിലാണ് വിമാന കമ്പനി മേധാവികള്‍ ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിന്‍റെ സമഗ്ര വികസന രേഖ അദാനി എയര്‍പോര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ കെ ജെയിനും ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ പ്രഭാത് മഹപത്രയും ഉച്ചകോടിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ വിമാന കമ്പനികളായ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്, ഇന്‍ഡിഗോ, സ്പെസ്സ് എക്സ്പ്രസ്സ്, ആകാശ് എയര്‍, വിസ്താര, എയര്‍ ഏഷ്യാ, ഫ്ളൈദുബൈ, എയര്‍ അറേബ്യ, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, വിയറ്റ് ജെറ്റ്  തുടങ്ങി മുപ്പതോളം വിമാന കമ്പനികളുടെ മേധാവികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ ആണ് അദാനി ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഘട്ടം ഘട്ടമായി വിമാനത്താവളത്തിന്‍റെ ശേഷി ആറിരട്ടിയായും ടെര്‍മിനലിന്‍റെ വിസ്തീര്‍ണ്ണം അഞ്ചിരട്ടിയായും വര്‍ധിപ്പിക്കും. 2024 ഓടെ തിരുവനന്തപുരത്തെ കാര്‍ബണ്‍ ന്യൂട്രാലിറ്റി വിമാനത്താവളമാക്കി മാറ്റും. 10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ അന്താരാഷ്ട കാര്‍ഗോയുടെ നിര്‍മ്മാണം 2024 ല്‍ തുടങ്ങി 2026 ല്‍ പൂര്‍ത്തിയാക്കും. 2026 ഓടെ ജനറല്‍ ഏവിയേഷന്‍ ടെര്‍മിനല്‍ ഉള്ള രാജ്യത്തെ ചുരുക്കം വിമാനത്താവളങ്ങളില്‍ ഒന്നായി തിരുവനന്തപുരം മാറും. വിമാനത്താവളത്തിന്‍റെ മൂന്നാം ഘട്ട വികസനം പൂര്‍ത്തിയാവുമ്പോള്‍ യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം  26.7 ദശലക്ഷമായി വര്‍ധിക്കും. ടെര്‍മിനല്‍ ഏരിയ 2,30,000 ചതുരശ്ര മീറ്റര്‍ ആയും റണ്‍വേശേഷി മണിക്കൂറില്‍ 34 വിമാനങ്ങളായും ഉയരും. 1,60,000 വാര്‍ഷിക സര്‍വീസുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ ഘട്ടത്തില്‍ വിമാനത്താവളത്തിനു ഉണ്ടാവുമെന്ന് മാസ്റ്റര്‍പ്ലാന്‍ വ്യക്തമാക്കുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസ്സിനെ സംബന്ധിച്ച് കേരളം ഏറ്റവും പ്രധാന വിപണിയാണ്. അത് പരമാവധി പ്രയോജനപ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അലോക് സിംഗ് പറഞ്ഞു. 

ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരുവനന്തപുരത്തേയ്ക്കും തിരിച്ചും വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജിംഗ് ഡയറക്റ്ററുടെ മുഖ്യ ഉപദേശകനായ ആര്‍ കെ സിംഗ് വ്യക്തമാക്കി. പൂനെ, ഡെല്‍ഹി സര്‍വീസുകള്‍ പുന:രാരംഭിക്കും. അതില്‍ ഡെല്‍ഹി സര്‍വീസ് ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. 

ആകാശ് എയറിന്‍റെ അടുത്ത വിപുലീകരണ പദ്ധതിയില്‍ തിരുവനന്തപുരത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് ആകാശ് എയര്‍ സഹസ്ഥാപകനും ചീഫ് കോമേഴ്സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ പറഞ്ഞു. ഫ്ളൈ ദുബൈ സര്‍വീസ് ദിവസേന രണ്ടാക്കി വര്‍ധിപ്പിക്കുമെന്ന് കോമേഴ്സ്യല്‍ ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ പ്രാണ്‍ എസ് ദാസന്‍ അറിയിച്ചു. 

തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേക്കും അബുദാബിയിലേക്കും ആഴ്ചയില്‍ പതിനാല് വിമാന സര്‍വീസുകള്‍ ഈ മാസം മുതല്‍ ആരംഭിക്കുമെന്ന് എയര്‍ അറേബ്യ ഏരിയ മാനേജര്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിക്കുമെന്ന് വിയറ്റ് ജെറ്റ് കോമേര്‍ഷ്യല്‍ സുമന്‍ പ്രിയ അറിയിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, മലേഷ്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ, തായ് എയര്‍ തുടങ്ങിയവ തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് എയര്‍ ഏഷ്യ - തായ് എയര്‍ ഏഷ്യ കണ്‍ട്രി ഹെഡ് സുരേഷ് നായര്‍ അറിയിച്ചു.
 
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ നന്ദ ഗോപാല്‍ നായര്‍, അവേക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രജ്ഞിത്ത് രാമാനുജം എന്നിവര്‍ മോഡറേറ്റര്‍മാര്‍ ആയിരുന്നു. 

സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍  സെക്രട്ടറി കെ എസ് ശ്രീനിവാസ്, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ബിജു പ്രഭാകര്‍, അദാനി എയര്‍പോര്‍ട്ട് മാര്‍ക്കറ്റിംഗ് ഹെഡ് ഗില്‍ബെര്‍ട്ട് ജോര്‍ജ്ജ്, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി  പ്രസിഡന്‍റ് ഇ എം നജീബ്, സൗത്ത് കേരള ഹോട്ടലീയേഴ്സ്' ഫോറം മുന്‍ പ്രസിഡന്‍റ് എം ആര്‍ നാരായണന്‍, കിംസ് ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ.എം ഐ സഹദുള്ള, അവേക് സെക്രട്ടറി ആര്‍.അനില്‍ കുമാര്‍, ജീ ടെക് സെക്രട്ടറി വി.ശ്രീകുമാര്‍ തുടങ്ങിയവരും സംസാരിച്ചു. 
 

Photo Gallery