'വിഷന്‍ കേരളം 2031' സെമിനാറിലെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ മാര്‍ഗരേഖയും പ്രവര്‍ത്തന പദ്ധതിയും തയ്യാറാക്കും: മന്ത്രി പി. രാജീവ്
ഫര്‍ണിച്ചര്‍ ക്ലസ്റ്ററിനെ ഉള്‍പ്പെടുത്തി ഫര്‍ണിച്ചര്‍ പാര്‍ക്ക് ആരംഭിക്കും
Trivandrum / October 23, 2025
തിരുവനന്തപുരം: കേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനുമായി സംഘടിപ്പിച്ച 'വിഷന്‍ കേരളം 2031' സെമിനാറില്‍ മുന്നോട്ടുവന്ന നിര്‍ദേശങ്ങള്‍ 100 ശതമാനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള മാര്‍ഗരേഖയും പ്രവര്‍ത്തന പദ്ധതിയും തയ്യാറാക്കുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'വിഷന്‍-കേരളം 2031' സെമിനാറിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പശ്ചാത്തലസൗകര്യ വികാസം ഉത്പാദന മേഖലയില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള വ്യവസായ മേഖലയിലെ ഇടപെടലിലാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിലെ രണ്ടു സര്‍ക്കാറുകളും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വ്യവസായ മേഖലയില്‍ സംസ്ഥാനം ഇപ്പോള്‍ പരിവര്‍ത്തന ഘട്ടത്തിലാണ്. ലോകത്തിനു മുന്നില്‍ കേരളമെന്ന നിക്ഷേപ സൗഹൃദ ഡെസ്റ്റിനേഷന്‍ ഇപ്പോള്‍ ദൃശ്യമാണ്. വ്യവസായ മേഖലയില്‍ കേരളത്തിന് ഈ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത് സംരംഭക സമൂഹം, തൊഴിലാളികള്‍, വാണിജ്യ സമൂഹം തുടങ്ങിയ വിവിധ മേഖലകള്‍ ഒരുമിച്ച് നടത്തിയ ഇടപെടലിലൂടെയാണ്.
വ്യവസായ ഇടനാഴിയുടെ ഭാഗമായി ഫര്‍ണിച്ചര്‍ ക്ലസ്റ്ററിനെ ഉള്‍പ്പെടുത്തി ഫര്‍ണിച്ചര്‍ പാര്‍ക്ക് ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കെഎസ്ഐഡിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രൊഫഷണലായി പുന:സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ലോണുമായും നിക്ഷേപവുമായും ബന്ധപ്പെട്ട് രണ്ട് എക്സിക്യുട്ടീവുകളുടെ കീഴിലായിരിക്കും പുന:സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സ്കില്‍ യൂണിവേഴ്സിറ്റി വരുന്നതോടൊപ്പം 1600 പേര്‍ക്ക് താമസം, ഭക്ഷണം ഉള്‍പ്പെടെ സൗജന്യ പരിശീലനം നല്‍കുന്ന സ്കില്‍ ഡവലപ്മെന്‍റ് സെന്‍റര്‍ കളമശ്ശേരി ടിസിസി ലാബില്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ മുന്നിലെത്തിയ കേരളം അടുത്ത ഘട്ടത്തില്‍ സ്പീഡ് ഓഫ് ഡൂയിങ് ബിസിനസ് എന്നതിനാണ് പ്രാധാന്യം നല്‍കുകയെന്ന് വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. സുസ്ഥിര, ഉത്തരവാദിത്ത നിക്ഷേപത്തിന് കേരളം കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും വ്യക്തമായ ദിശാബോധത്തോടെയുള്ള വ്യാവസായിക പ്രവര്‍ത്തനമാണ് കേരളത്തിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ വാണിജ്യ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയും കയര്‍ വകുപ്പ് ഡയറക്ടറുമായ ആനി ജുലാ തോമസ്, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുമായ വിഷ്ണുരാജ് പി സ്വാഗതവും കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍ നന്ദിയും പറഞ്ഞു.
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി), ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കിന്‍ഫ്ര എന്നിവയുമായി സഹകരിച്ചാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചത്. 2031 ഓടെ കേരളത്തെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 33 വിഷയങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'വിഷന്‍ 2031' സെമിനാറുകളുടെ ഭാഗമായാണ് 'വിഷന്‍ - കേരളം 2031' സെമിനാര്‍.
വിഷന്‍ 2031: ഉത്തരവാദിത്തപരമായ വളര്‍ച്ചയ്ക്കും നവീകരണത്തിനുമുള്ള മാര്‍ഗരേഖ, കേരളത്തിന്‍റെ വ്യാവസായിക കുതിച്ചുചാട്ടത്തിനായി പിഎസ് യു-2.0, ലെഗസി ഇന്‍ഡസ്ട്രീസ് ന്യൂ വാല്യൂ ചെയിന്‍സ് 2031, കേരളത്തിന്‍റെ വ്യാവസായിക ഭാവിക്കായി എംഎസ്എംഇകള്‍, കേരളത്തിന്‍റെ വ്യവസായിക ഭാവിക്കായി എംഎസ്എംഇ മേഖലയെ പുനര്‍വിഭാവനം ചെയ്യുക എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു.