ഹഡില്‍ ഗ്ലോബല്‍ 2025 ല്‍ പങ്കാളികളാകാന്‍ അവസരം: കെഎസ് യുഎം അപേക്ഷകള്‍ ക്ഷണിക്കുന്നു

Trivandrum / October 19, 2025

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബല്‍ 2025 നോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) അവസരമൊരുക്കുന്നു.

സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നൂതനാശയക്കാരുമായി നേരിട്ട് ബന്ധപ്പെടാനും ബ്രാന്‍ഡ് സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ലാന്‍ഡ് സ്കേപ്പിന്‍റെ ഭാഗമാകാനും സംരംഭത്തിന്‍റെ വിശ്വാസ്യത വര്‍ധിപ്പിക്കാനും പങ്കാളികള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.

ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായുള്ള വിവിധ സെഷനുകള്‍, പ്രദര്‍ശനങ്ങള്‍, ഉത്പന്ന ലോഞ്ചുകള്‍, നെറ്റ് വര്‍ക്കിംഗ് സോണുകള്‍, ഇന്നൊവേഷന്‍ ഷോകേസുകള്‍ തുടങ്ങിയവയുടെ ഭാഗമാകുന്നതിന് വ്യാവസായിക അസോസിയേഷനുകള്‍, കോര്‍പ്പറേറ്റുകള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍, ആക്സിലറേറ്ററുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ഡിസംബര്‍ 11 മുതല്‍ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലില്‍ നടക്കുന്ന സ്റ്റാര്‍ട്ടപ്പ് സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സംരംഭകര്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍, വ്യവസായ നേതാക്കള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുടെ ഒത്തുചേരലിന് വേദിയാകുന്ന പരിപാടിയില്‍ വിദഗ്ധര്‍ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കിടും.

കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഒരു നേര്‍ച്ചിത്രമാണ് ഹഡില്‍ ഗ്ലോബല്‍.  പ്രായഭേദമെന്യേ ആര്‍ക്കും ഇതിന്‍റെ  ഭാഗമാകാം. അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും ആശയങ്ങളും കൈമുതലായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപാരസാധ്യതകളാണ് ഇത് മുന്നോട്ട് വെയ്ക്കുന്നത്. സംരംഭകത്വം, സാങ്കേതികവിദ്യ, സാമൂഹിക സ്വാധീനം എന്നിവ പരിപോഷിപ്പിക്കുന്ന ഒരു ആഗോള ഇന്നൊവേഷന്‍ ഹബ് ആയി സംസ്ഥാനത്തെ മാറ്റാന്‍ ഹഡില്‍ ഗ്ലോബല്‍ 2025 ലക്ഷ്യമിടുന്നു.

ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള സംഘടനകള്‍ക്കും ഏജന്‍സികള്‍ക്കും   https://ksum.in/Huddle_Partner എന്ന വിലാസത്തില്‍ ബന്ധപ്പെടാം.


ഏഷ്യയിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുകളിലൊന്നായി ഹഡില്‍ ഗ്ലോബല്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുമായി ഇടപഴകുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോം കൂടിയാണിത്.

 

Photo Gallery