ടൂറിസം മേഖലയിലെ മുന്‍നിര സംരംഭമാണ് യാനം ട്രാവല്‍-ലിറ്റററി ഫെസ്റ്റ്: മന്ത്രി വി.ശിവന്‍കുട്ടി
Varkala / October 19, 2025
വര്‍ക്കല: യാത്ര ആഘോഷിക്കുന്നതിനും ടൂറിസത്തെ സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മുന്‍നിര സംരംഭമാണ് യാനം ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. വര്‍ക്കലയില്‍ കേരള ടൂറിസം സംഘടിപ്പിച്ച യാനം ഫെസ്റ്റിവെലിനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
യാത്രയും സാഹിത്യവും കൂടിച്ചേരുന്ന ഫെസ്റ്റിവെല്‍ എന്നത് നൂതനമായ ആശയമാണെന്നും അതിന് മഹത്തായ തുടക്കമാണ് ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യാനത്തിന്‍റെ തുടര്‍ന്നുള്ള പതിപ്പുകള്‍ കൂടുതല്‍ മികച്ചതായി മാറുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. യാത്രാ എഴുത്തുകാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍, കലാകാരന്‍മാര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനും അനുഭവം പങ്കിടാനും സാധിച്ചത് കേരള ടൂറിസത്തിന് അഭിമാനകരമായ നിമിഷമാണിത്. കേരള ടൂറിസത്തെ കൂടുതല്‍ വ്യക്തമായ കാഴ്ചപ്പാടില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതുപോലുള്ള പരിപാടികള്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വി.ജോയ് എംഎല്‍എ സംബന്ധിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സബിന്‍ ഇക്ബാല്‍ ഫെസ്റ്റിവല്‍ ബുക്ക് മന്ത്രിക്ക് സമ്മാനിച്ചു.
'സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്' എന്ന കേന്ദ്രപ്രമേയത്തിലാണ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. ട്രാവല്‍ വ്ളോഗര്‍മാര്‍, ട്രാവല്‍ ജേര്‍ണലിസ്റ്റുകള്‍, ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും വിവിധ സ്ഥലങ്ങളെയും യാത്രകളെയും കുറിച്ചുള്ള സാഹിത്യ വായനകളും എഴുത്തുകാരുമായുള്ള സംഭാഷണങ്ങളും മേളയെ വ്യത്യസ്തമാക്കി.
Photo Gallery