കാടിനെ സംരക്ഷിച്ചുകൊണ്ടുള്ള ഇക്കോ-ടൂറിസം പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കണമെന്ന് വിദഗ്ധര്‍

Varkala / October 19, 2025

വര്‍ക്കല: കാടിനെ സംരക്ഷിച്ചും സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടുമുള്ള ഇക്കോ-ടൂറിസം പ്രവര്‍ത്തനത്തിന് പ്രാധാന്യം നല്‍കണമെന്ന് വിദഗ്ധര്‍. വര്‍ക്കലയില്‍ കേരള ടൂറിസം സംഘടിപ്പിച്ച യാനം ഫെസ്റ്റിവെലില്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്‍ഡ് സസ്റ്റൈനബിള്‍ ട്രാവല്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇക്കോ ടൂറിസത്തിന് വലിയ പ്രാധാന്യം വന്നതോടെ സംരക്ഷിത വനങ്ങളിലേക്ക് വരെ ആളുകള്‍ എത്തുന്നുണ്ടെന്നും ഇത് വനത്തിന്‍റെ സ്വാഭാവികതയെയും വന്യജീവികളെയും സാരമായി ബാധിക്കുന്നുണ്ടെന്നും ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍ പറഞ്ഞു. ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സന്തുലിതാവസ്ഥ തെറ്റിയതാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് കാരണമെന്നും ഈ സന്തുലനം നിലനിര്‍ത്തുന്നത് പ്രധാനമാണെന്നും പത്രപ്രവര്‍ത്തകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ സി റഹീം പറഞ്ഞു.
ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും നാടകകാരനുമായ പ്രമോദ് പയ്യന്നൂരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഷമീല്‍ നഹാസ് സെഷന്‍ മോഡറേറ്റ് ചെയ്തു.

ഫുട്ബോള്‍, കല, സിനിമ എന്നിവയെക്കുറിച്ച് ധാരാളം എഴുതിയിട്ടുള്ള പത്രപ്രവര്‍ത്തകനായ എ.യു ഫൈസല്‍ഖാന്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സബിന്‍ ഇഖ്ബാലുമായി 'സാംസ്കാരിക പര്യവേഷണങ്ങള്‍: സിനിമ, ഫുട്ബോള്‍, കല' എന്ന സെഷനില്‍ സംഭാഷണം നടത്തി. 2010 ലെ ദക്ഷിണാഫ്രിക്ക ലോകകപ്പ്, 2014 ലെ ബ്രസീല്‍ ലോകകപ്പ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍, വെനീസ് ബിനാലെ എന്നിവയിലേക്ക് പോയ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു.

തന്‍റെ ജീവചരിത്രമായ 'ഹോംബ്രെ ഡി ഫെ'യുടെ പ്രീമിയറിനായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയ കോസ്റ്റാറിക്ക മുന്‍ ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസുമായി ഇടപഴകിയത് ഫൈസല്‍ ഓര്‍ത്തു. വെനീസ് നഗരത്തിലെ ഫാക്ടറി വെയര്‍ഹൗസുകളിലും ചെറിയ കെട്ടിടങ്ങളിലും സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ലോകമെമ്പാടുമുള്ള മികച്ച കലാകാരന്മാരുമായി  അടുത്തിടപഴകാന്‍ സാധിച്ച ഓര്‍മ്മകള്‍ വെനീസ് ബിനാലെയുമായി ബന്ധപ്പെട്ട് ഫൈസല്‍ഖാന്‍ പങ്കിട്ടു.

കേരളത്തില്‍ നിന്നുള്ള 22കാരിയായ സോളോ ട്രാവലര്‍ അഫീദ ഷെറിന്‍ യാത്രകളിലേക്ക് താന്‍ എത്തിയ വഴികളെക്കുറിച്ചും യാത്രാസ്വപ്നങ്ങളെക്കുറിച്ചും സംസാരിച്ചു. മൗറീഷ്യസിലേക്കുള്ള തന്‍റെ ആദ്യ അന്താരാഷ്ട്ര യാത്രയിലെ അനുഭവം അഫീദ പങ്കുവച്ചു. ഏതെങ്കിലും ഒരു രാജ്യത്തേക്കോ പ്രദേശത്തേക്കോ യാത്ര ചെയ്യുകയല്ല, ലോകത്ത് എവിടേക്കും യാത്ര ചെയ്യാന്‍ തയ്യറായ ഒരു മനസ്സാണ് തന്‍റെ കൈമുതലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്' എന്ന കേന്ദ്രപ്രമേയത്തിലാണ് ത്രിദിന ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. ട്രാവല്‍ വ്ളോഗര്‍മാര്‍, ട്രാവല്‍ ജേര്‍ണലിസ്റ്റുകള്‍, ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും വിവിധ സ്ഥലങ്ങളെയും യാത്രകളെയും കുറിച്ചുള്ള സാഹിത്യ വായനകളും എഴുത്തുകാരുമായുള്ള സംഭാഷണങ്ങളും മേളയെ വ്യത്യസ്തമാക്കി.

 

Photo Gallery

+
Content
+
Content