ഈ ലക്ഷണങ്ങളുണ്ടോ? പ്രായം കുറഞ്ഞവര്‍ക്കും സന്ധിവാതം വരാം
Trivandrum / October 12, 2025
ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാത രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് (6.236 കോടി) ഇന്ത്യയ്ക്കുള്ളത്. ലോകം സന്ധിവാത ദിനം ആചരിക്കുന്ന ഇന്ന് (ഒക്ടോബര്‍ 12) രോഗത്തെയും ചികിത്സയെയും കുറിച്ചു രാജ്യത്ത് പൊതുധാരണ വേണ്ടത് അത്യാവശ്യമാണ്. രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന സാധാരണ രോഗാവസ്ഥയായി ആര്‍ത്രൈറ്റിസ് മാറിക്കഴിഞ്ഞു. 40 വയസ്സിനു മുകളില്‍ പ്രായമുള്ള പത്തിലൊരാള്‍ക്ക് സന്ധിവാതമുണ്ടെന്നാണ് ഇന്ത്യയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത്. 40 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന സന്ധിവാതമാണ് പ്രധാനമായും കണ്ടുവരുന്നത്. സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. Global Burden of Disease (GBD) നടത്തിയ പഠനം അനുസരിച്ച് 1990ല്‍ ഇന്ത്യയില്‍ 23 ദശലക്ഷം സന്ധിവാത രോഗികളുണ്ടായിരുന്നെങ്കില്‍ 2019ല്‍ അത് 62 ദശലക്ഷമായി ഉയര്‍ന്നു. ദക്ഷിണേന്ത്യയില്‍ 40 വയസ്സിന് മുകളിലുള്ള 34.6 ശതമാനം പേര്‍ക്ക് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിച്ചതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍, പ്രമേഹരോഗികള്‍, അമിതവണ്ണമുള്ളവര്‍ എന്നിവര്‍ക്കാണ് രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍.
ചിലര്‍ക്ക് സന്ധിവാത സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും. അമിതവണ്ണം, ജനിതക പാരമ്പര്യം, സന്ധികളില്‍ പരുക്ക് പറ്റിയവര്‍, എന്നിവര്‍ക്ക് സന്ധിവാതം നേരത്തെ തന്നെ പിടിപെടാം.
പ്രായമായവരെ ബാധിക്കുന്ന റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് കേസുകളും ഇന്ത്യയില്‍ വര്‍ധിക്കുന്നുണ്ട്. ഇന്ത്യയില്‍ 10 ലക്ഷത്തോളം റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് രോഗികളുണ്ടെന്നാണ് പുതിയ കണക്ക്.
രോഗത്തെ മനസ്സിലാക്കി കൃത്യമായ ചികിത്സയ്ക്കൊപ്പം ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ സന്ധിവാതം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ഒരു പരിധിവരെ അകറ്റി നിര്‍ത്താം.
ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന വില്ലന്‍
മുന്‍പ് പ്രായമായവരിലാണ് സന്ധിവാതം സാധാരണമായിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും വ്യാപകമാകുന്നുണ്ട്. അമിതവണ്ണം, വ്യായാമക്കുറവ് എന്നിവയാണ് പ്രധാന കാരണം. എല്ലുകള്‍ക്ക് ബലക്ഷയമുണ്ടാക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസാണ് ചെറുപ്പക്കാരെ ബാധിക്കുന്നത്. മോശം ജീവിതശൈലിയാണ് ഇതിലേക്ക് നയിക്കുന്നത്.
സ്ത്രീകളിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കൂടുതലായി കണ്ടുവരുന്നത്. പല കാരണങ്ങളാണ് ഇതിനുള്ളത്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സന്ധികള്‍ ചെറുതാണ്. സന്ധികളിലെ തരുണാസ്ഥിയുടെ അളവും കുറവാണ്. ജീവിതശൈലി മോശമാണെങ്കില്‍ 40 വയസ്സിന് ശേഷം സ്ത്രീകളില്‍ എല്ലുകള്‍ക്ക് കൂടുതല്‍ ബലക്ഷയം സംഭവിക്കും. ആര്‍ത്തവ വിരാമം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വ്യായാമക്കുറവ്, അമിതവണ്ണം എന്നിവയാണ് സ്ത്രീകളില്‍ ഈ രോഗം വര്‍ധിക്കാനുള്ള മറ്റു കാരണങ്ങള്‍. അതിനാല്‍ 40 വയസ്സിനു ശേഷം സ്ത്രീകള്‍ ശാരീരിക ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.
ലക്ഷണങ്ങള്‍ അവഗണിക്കരുത്
● ഒന്നിലധികം സന്ധികളില്‍ വേദനയും നീരും.
● നിത്യജീവിതത്തിലെ പല ജോലികളും ചെയ്യുമ്പോള്‍ ആയാസമോ വഴക്കമില്ലായ്മയോ അനുഭവപ്പെടുക.
● സന്ധികളില്‍ മരവിപ്പോ തരിപ്പോ അനുഭവപ്പെടുക.
● രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തില്‍ പിരിമുറുക്കം അനുഭവപ്പെടുക.
● സന്ധികളില്‍ ചൂടും മൃദുലതയും.
● കാരണമില്ലാത്ത ക്ഷീണം.
● ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ സന്ധികളില്‍ കടുത്ത വേദന.
● ചലിക്കുമ്പോള്‍ സന്ധികളില്‍ നിന്ന് ശബ്ദം.
● അസ്ഥിയിലെ വളര്‍ച്ചകള്‍ (Bone Spurs)
ചികിത്സ എങ്ങനെ?
തുടക്കത്തിലേ രോഗം കണ്ടെത്തിയാല്‍ മരുന്നിനൊപ്പം ജീവിതശൈലിയില്‍ക്കൂടി മാറ്റങ്ങള്‍ വരുത്തി ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. വ്യായാമം, ഫിസിയോതെറാപ്പി, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവ പ്രധാനമാണ്. ശരീരം ചലിപ്പിക്കുമ്പോഴുണ്ടാകുന്ന കടുത്ത വേദന നിയന്ത്രിക്കാന്‍ മരുന്നുകള്‍ സഹായിക്കും.
രോഗം മൂര്‍ച്ഛിച്ചാല്‍ നടക്കുമ്പോഴും ഇരിക്കുമ്പോഴും കാല്‍മുട്ടിലും ഇടുപ്പിലും കടുത്ത വേദന അനുഭവപ്പെടാം. കാല്‍മുട്ടിലെയും ഇടുപ്പിലെയും അസ്ഥികള്‍ സാന്ദ്രത കുറഞ്ഞ് തേഞ്ഞു പോകുന്നതാണ് ഇതിന് കാരണം. ഇത്തരം രോഗികള്‍ക്ക് മുട്ട്-ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ ആശ്രയിക്കേണ്ടിവരും. സുരക്ഷിതവും നൂറ് ശതമാനം ഫലം തരുന്നതുമായ ചികിത്സാരീതിയാണിത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആഴ്ചകള്‍ക്കുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും. പ്രായമായവരെ ബാധിക്കുന്ന റുമാറ്റോയിഡ് ആര്‍ത്രൈറ്റിസിനും ഈ ചികിത്സാരീതി വളരെ ഫലപ്രദമാണ്.
പുനരുജ്ജീവന ചികിത്സകള്‍
സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് മികച്ച ചികിത്സയെങ്കിലും മറ്റു ചികിത്സാ രീതികളും ലഭ്യമാണ്.
● PRP (Platelet-Rich Plasma). രക്തത്തിലെ പ്ലേറ്റ്ലെറ്റുകള്‍ കുത്തിവച്ച് സന്ധികളിലെ വേദന കുറയ്ക്കുന്നു.
● സ്റ്റെം സെല്‍ ചികിത്സ-രോഗിയുടെ കോശങ്ങളെ ഉപയോഗിച്ച് തരുണാസ്ഥികള്‍ പുനര്‍നിര്‍മിക്കുന്നു.
● ആര്‍ത്രോസ്കോപി-ശസ്ത്രക്രിയ വഴി ചലനക്ഷമത മെച്ചപ്പെടുത്തുന്നു.
ജീവിതശൈലി മാറ്റാം ആര്‍ത്രൈറ്റിസിനെ നേരിടാം
മുന്‍കൂട്ടി പ്രതിരോധിക്കാന്‍ സാധിക്കുന്ന രോഗമല്ല സന്ധിവാതം. പക്ഷേ ആരോഗ്യപ്രദമായ ജീവിതശൈലി സ്വീകരിച്ചാല്‍ രോഗം നേരത്തേ പിടികൂടുന്നത് ഒഴിവാക്കാം.
● പേശികളുടെയും, അസ്ഥികളുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം.
● ആഴ്ചയില്‍ 150 മിനിറ്റ് എങ്കിലും വ്യായാമം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.
● ശരീരഭാരം ആരോഗ്യകരമാണ് എന്ന് ഉറപ്പുവരുത്തുക. കുറഞ്ഞ ശരീരഭാരം പേശികളുടെയും അസ്ഥികളുടെയും ആയാസംകുറയ്ക്കും.
● അസ്ഥികളില്‍ ഒടിവോ, പേശികളില്‍ ചതവോ സംഭവിച്ചാല്‍ കൃത്യമായ ചികിത്സ ഉറപ്പാക്കുക.
● എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തെ സഹായിക്കുന്ന രീതിയില്‍ ഭക്ഷണം ക്രമീകരിക്കുക.
സന്ധിവാതം പൂര്‍ണമായി ഭേദമാക്കാന്‍ കഴിയില്ലെങ്കിലും രോഗം നേരത്തേ കണ്ടെത്തിയാല്‍ നിത്യജീവിതത്തെ ബാധിക്കുന്നത് ഒഴിവാക്കാം. ആരോഗ്യപൂര്‍ണമായ ജീവിതശൈലി ഉറപ്പാക്കിയാല്‍ സന്ധിവാതത്തിനൊപ്പം മറ്റു പല രോഗങ്ങളും ഒഴിവാക്കാന്‍ സാധിക്കും.
Dr. Harish Chandran
M.S.ORTHO, FASM, FAA (ITALY)
Fellowship in Arthroscopy and Sports Medicine (ITALY)
Shoulder Surgery and Joint Replacement Specialist
Phone: 6282745556
Photo Gallery
