ചാമ്പ്യന്‍സ് ബോട്ട് ലീഗ് ബേപ്പൂര്‍- അഴിക്കോടൻ അച്ചാം തുരുത്തി ചാമ്പ്യന്മാര്‍
ബേപ്പൂര്‍ ഇനി സ്ഥിരം സിബിഎല്‍ വേദി - മന്ത്രി പി എ മുഹമ്മദ് റിയാസ്
Kozhikode / October 12, 2025
കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) ബേപ്പൂരില്‍ നടന്ന ചുരുളന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അഴിക്കോടൻ അച്ചാം തുരുത്തി ചാമ്പ്യന്മാരായി. ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയില്‍ നടന്ന മത്സരത്തില്‍ 15 വള്ളങ്ങളാണ് മാറ്റുുരച്ചത്.
ബേപ്പൂരിനെ സിബിഎല്ലിന്റെ സ്ഥിരം വേദിയായി മന്ത്രി പ്രഖ്യാപിച്ചു. ടൂറിസം വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ ഫലം ലഭിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന് മന്ത്രി പറഞ്ഞു. ഒരു ഗ്രാമപഞ്ചായത്തില്‍ തന്നെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിബിഎല്ലിന്റെ ഭൂരിഭാഗം മത്സരങ്ങളും നടക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ഇവിടേക്ക് വലിയതോതിലാണ് ടൂറിസ്റ്റുകള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇതു വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ചാലിയാറിലെ ശക്തമായ ഒഴുക്കിനെ അതിജീവിച്ചു കൊണ്ടാണ് അഴിക്കോടന്‍ അച്ചാംതുരുത്തി (2:27:561 മിനിറ്റ്) ചാമ്പ്യന്മാരായത്. വാശിയേറിയ മത്സരത്തില്‍ പാലിച്ചോൻ അച്ചാം തുരുത്തി എ ടീം കേവലം 285 മൈക്രോസെക്കന്റുുകള്‍ക്കാണ് (2:27:846 മിനിറ്റ്) രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. എകെജി പോടോത്തുരുത്തി എ ടീം മൂന്നാമത് (2:36:206 മിനിറ്റ്) ഫിനിഷ് ചെയ്തു.
വയൽക്കര വെങ്ങാട്ട്(4), ന്യൂ ബ്രദേഴ്സ് മയിച്ച (5), പാലിച്ചോൻ അച്ചാംതുരുത്തി ബി ടീം(6), ഇ എം എസ് മുഴക്കീൽ(7), എ കെ ജി മയിച്ച(8), എന്നിങ്ങനെയാണ് ബേപ്പൂൂരില്‍ ഫിനിഷ് ചെയ്തത്.
കൃഷ്ണപിള്ള കാവുംചിറ,എ കെ ജി പോടോത്തുരുത്തി ബി ടീം, റെഡ്സ്റ്റാർ കാര്യകോട്, വയൽക്കര മയിച്ച, വിബിസി കുറ്റിവയൽ (ഫൈറ്റിംഗ് സ്റ്റാർ ക്ലബ്), നവേദയ മംഗലശേരി, ധര്‍മ്മടം ബോട്ട് ക്ലബ് എന്നീ വള്ളങ്ങളും ഹീറ്റ്സില്‍ പങ്കെടുത്തു.
അഞ്ച് ഹീറ്റ്സ് മത്സരങ്ങളും അതില്‍ നിന്ന് ഫിനിഷ് ചെയ്ത സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളിലായി (ഫസ്റ്റ് ലൂസേഴ്സ്, ലൂസേഴ്സ്, ഫൈനല്‍) ഒമ്പത് ടീമുകളാണ് മത്സരിച്ചത്.
ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ സി അബ്ദുുള്‍ റസാഖ് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജിഷ്, മുന്‍ എംഎല്‍എ വികെസി മമ്മദ് കോയ, കേരള ടൂറിസം അഡി. ഡയറക്ടര്‍(ജനറല്‍) ശ്രീധന്യ സുരേഷ്, സിബിഎല്‍ നോഡല്‍ ഓഫീസറും ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറുമായ അഭിലാഷ് കുമാര്‍ ടിജി, ജോയിന്റ് ഡയറക്ടര്‍ ഗിരീഷ് കുമാര്‍ ഡി, സിബിഎല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ ഡോ. അന്‍സാര്‍ കെഎഎസ്, എന്നിവര്‍ പങ്കെടുത്തു. വള്ളംകളിയുടെ ഇടവേളകളില്‍ ജലാഭ്യാസ പ്രകടനങ്ങളും നടന്നു.
പങ്കെടുത്ത ചുരുളന്‍ വള്ളങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് ബോണസ് ലഭിക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്.
ധര്‍മ്മടത്തിനും ബേപ്പൂരിനും പുറമെ കാസര്‍ഗോഡ് ചെറുവത്തൂരിലും (19.10.2025) ഉത്തരകേരളത്തില്‍ സിബിഎല്‍ മത്സരങ്ങള്‍ നടത്തുന്നുണ്ട്.