മില്‍മ ഫുഡ് ട്രക്ക് ഇനി തമ്പാനൂര്‍ കെഎസ്ആര്‍ടിസിയിലും

ഫുഡ് ട്രക്ക് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
Trivandrum / August 31, 2022

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സില്‍ മില്‍മ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന മില്‍മ ഫുഡ് ട്രക്ക് പദ്ധതി തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ചു. മില്‍മ തിരുവനന്തപുരം മേഖല  (ടിആര്‍സിഎംപിയു) കെഎസ്ആര്‍ടിസിയുമായി സഹകരിച്ചാണ് ബസ് രൂപമാറ്റം വരുത്തി ഫുഡ് ട്രക്ക് ആക്കിയത്. ഫുഡ് ട്രക്കിന്‍റെ ഉദ്ഘാടനം ക്ഷീരവികസന, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിച്ചു.

ക്ഷീരകര്‍ഷകര്‍ക്ക് ഓണക്കൈനീട്ടം എന്ന നിലയില്‍ ഒരു ലിറ്റര്‍ പാലിന് 4 രൂപ സബ്സിഡി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പാല്‍ ഉത്പാദനത്തിലും വിപണനത്തിലും വലിയ കുതിപ്പ് കൈവരിക്കാനായിട്ടുള്ള മില്‍മ വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിലും മുന്‍പന്തിയിലാണ്. ഉത്പന്നങ്ങള്‍ വിദേശത്തുള്‍പ്പെടെ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് മില്‍മ വളരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസിയുടെ ഷോപ്സ് ഓണ്‍ വീല്‍സ് എന്ന ആശയം അടിസ്ഥാനപ്പെടുത്തി മില്‍മയുമായി കൈകോര്‍ത്ത് വിവിധ ഡിപ്പോകളില്‍ ഫുഡ് ട്രക്കുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് തമ്പാനൂരിലും ആരംഭിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേതു പോലെ മില്‍മ ഉത്പന്നങ്ങളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ ഓണക്കാലത്തും തിരുവനന്തപുരം യൂണിയന്‍ ലക്ഷ്യമിടുന്നതെന്നും അതിനായുള്ള നിരവധി പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും ചടങ്ങിന് സ്വാഗതം ആശംസിച്ച ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍ പറഞ്ഞു.

ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വി എസ് പത്മകുമാര്‍, ടിആര്‍സിഎംപിയു മാനേജിങ് ഡയറക്ടര്‍ ഡി എസ് കോണ്ട, മില്‍മ തിരുവനന്തപുരം ഡെയറി സീനിയര്‍ മാനേജര്‍ ജി ഹരിഹരന്‍ എന്നിവര്‍ സംബന്ധിച്ചു.

മില്‍മ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ഫുഡ് ട്രക്ക് ആണ് തമ്പാനൂരിലേത്. കിഴക്കേകോട്ട, കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡുകളിലാണ് നേരത്തെ ആരംഭിച്ചിട്ടുള്ളത്. കായംകുളം, അടൂര്‍, പന്തളം, കൊല്ലം, ആറ്റിങ്ങല്‍, ചടയമംഗലം, കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നിവിടങ്ങളില്‍ ഉടന്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.

തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഫുഡ് ട്രക്ക് സജ്ജീകരിച്ചിരിക്കുന്നത്. ബസ്സിലെ സീറ്റുകള്‍ മാറ്റി പകരം ചായയും ലഘുഭക്ഷണങ്ങളും കഴിക്കാനുള്ള സൗകര്യത്തിനായി മേശകളും ഇരിപ്പിടങ്ങളും സജ്ജമാക്കിയിരിക്കുകയാണ്. ഒരു ഭാഗം പൂര്‍ണമായും നീക്കി ഗ്ലാസുകള്‍ സ്ഥാപിച്ചു. മില്‍മ ഉല്‍പ്പന്നങ്ങളുടെ പരസ്യവിവരങ്ങള്‍ ബസ്സിന്‍റെ വശങ്ങളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. മില്‍മയുടെ സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ എല്ലാ ഉത്പന്നങ്ങളും ഈ ഫുഡ് ട്രക്കിലൂടെ ലഭ്യമാകും.
 

Photo Gallery

+
Content
+
Content