ഐഒടി വിപ്ലവത്തിന്‍റെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ ടെക്നോപാര്‍ക്കിന് വലിയ പങ്ക്- അര്‍മാഡാ. എഐ ഇന്ത്യ ഗവേഷണ വിഭാഗം മേധാവി

Trivandrum / October 14, 2025

തിരുവനന്തപുരം: ലോകമെമ്പാടുമായി 2030-ഓടെ ഏകദേശം 30 ബില്യണ്‍ ഐഒടി (ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്) ഉപകരണങ്ങള്‍ കണക്റ്റ് ചെയ്യപ്പെടുമെന്ന പ്രവചനത്തിന്‍റെ പശ്ചാത്തലത്തിലുള്ള നേട്ടങ്ങള്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ടെക്നോപാര്‍ക്ക് സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്ന് അര്‍മാഡാ.എഐയുടെ ഇന്ത്യ ഗവേഷണ വിഭാഗം മേധാവി ശരത് ചന്ദ്രന്‍ പറഞ്ഞു.

വിവരങ്ങളുടെ സ്വര്‍ണ്ണഖനിയായ ഡാറ്റയെ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രശ്നപരിഹാരങ്ങള്‍ കണ്ടെത്തുന്ന ഐഒടി വിപ്ലവത്തില്‍ രാജ്യത്തെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന് വലിയ പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടെക്നോപാര്‍ക്കിന്‍റെ ഔദ്യോഗിക വോഡ് കാസ്റ്റ് ആയ 'ആസ്പയര്‍: സ്റ്റോറീസ് ഓഫ് ഇന്നൊവേഷന്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഒടിയുടെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മികച്ച സാങ്കേതികവിദ്യാ, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ നിര്‍മ്മിക്കുന്നതിന്‍റെ പാതയിലാണ് ടെക്നോപാര്‍ക്ക്.

എഡ്ജ് എഐയില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തണമെന്ന് ശരത് ചന്ദ്രന്‍ യുവ ഡെവലപ്പര്‍മാരോട് ആഹ്വാനം ചെയ്തു. എഡ്ജില്‍ ആണ് കൂടുതല്‍ ഡാറ്റ ഉത്പാദിപ്പിക്കപ്പെടുന്നത്.    'പുതുമകള്‍ കൊണ്ടുവരാനും സമഗ്രമായ പരിഹാരങ്ങള്‍ നിര്‍മ്മിക്കാനും വലിയ അവസരങ്ങളുള്ളതിനാല്‍ എഡ്ജ് ആണ് സാങ്കേതികവിദ്യയുടെ ഭാവിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 ടെക്നോപാര്‍ക്കില്‍ ആദ്യത്തെ ഇന്ത്യന്‍ ഓഫീസ് തുറന്ന് പത്ത് മാസത്തിനുള്ളില്‍ തന്നെ യുഎസ് ആസ്ഥാനമായുള്ള അര്‍മാഡാ.എഐ നൂതന എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലെ പ്രധാന കേന്ദ്രമായി ഇതിനെ മാറ്റി. എഡ്ജ് കമ്പ്യൂട്ടിംഗ്, എഐ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ കമ്പനി ടെക്നോപാര്‍ക്ക് ഫേസ്-3-ലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.

രാജ്യത്തെ ഞങ്ങളുടെ പ്രധാന ഓഫീസായി തിരുവനന്തപുരത്തെ തിരഞ്ഞെടുക്കുന്നതിന് നിരവധി ഘടകങ്ങളുണ്ടെന്ന് ശരത് ചന്ദ്രന്‍ വ്യക്തമാക്കി. കുറഞ്ഞ ചെലവ്, പ്രതിഭകളുടെ ലഭ്യത, ജീവിത നിലവാരം, പ്രതിഭകളെ നിലനിര്‍ത്താനുള്ള കഴിവ് എന്നിവ ഗുണകരമായിരുന്നു. ഇതുകൂടാതെ, അര്‍മാഡയുടെ സാധ്യതകള്‍ ടെക്നോപാര്‍ക്ക് തിരിച്ചറിയുകയും ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. സംസ്ഥാനത്തെ ഊര്‍ജ്ജസ്വലമായ ഐടി ആവാസവ്യവസ്ഥയില്‍ ഏത് തരത്തിലുള്ള പങ്കാളിത്തത്തിനും കമ്പനി തയ്യാറാണെന്ന് അറിയിച്ചു.

സ്റ്റാര്‍ലിങ്കുമായും മൈക്രോസോഫ്റ്റുമായും അര്‍മാഡാ.എഐ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, ഈ സഹകരണം സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിനൊപ്പം സഹകരണ ആവാസവ്യവസ്ഥയിലും വിവിധ വിപണികളിലും മികച്ച സ്വാധീനം നേടാന്‍ സഹായിക്കുന്നു. ഉപഭോക്താക്കള്‍ക്ക്  സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും ഒപ്റ്റിമൈസ് ചെയ്യാനും സഹായിക്കുന്ന സോഫ്റ്റ്വെയര്‍ പ്ലാറ്റ് ഫോം സൃഷ്ടിക്കുന്നതിനാണ് സ്റ്റാര്‍ലിങ്കുമായുള്ള പങ്കാളിത്തം ലക്ഷ്യം വയ്ക്കുന്നത്. ലോകത്തിന്‍റെ വിദൂര ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പരിമിതമായ കണക്ടിവിറ്റിയുള്ള കമ്പനികളെ അര്‍മാഡയുടെ എഐ, എഡ്ജ് കമ്പ്യൂട്ടിംഗ് സൊല്യൂഷനുകള്‍ സഹായിക്കുന്നു. ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുക എന്നതാണ് കമ്പനിയുടെ അടിസ്ഥാനപരമായ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് അത്യധികം അനുകൂലമായ ഒരന്തരീക്ഷം ടെക്നോപാര്‍ക്ക് നല്‍കുന്നുണ്ട്.

ഗ്രാമീണ വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും എഐയുടെ സഹായത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ച് ലോകത്തിലെ മുന്‍നിര എന്‍ജിഒകളുമായി അര്‍മാഡ പങ്കാളികളാണ്. 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന ഞങ്ങളുടെ കാഴ്ചപ്പാടിന് കണക്റ്റിവിറ്റി, കമ്പ്യൂട്ടിംഗ്, എഐ എന്നിവയിലേക്കുള്ള മികച്ച പ്രവേശനം ഗണ്യമായ സംഭാവന നല്‍കും. ശക്തമായ കണക്റ്റിവിറ്റിയുടെ പിന്‍ബലത്തോടെ സാങ്കേതികവിദ്യാധിഷ്ഠിതമായ മൊബൈല്‍ ആശുപത്രികളും ക്ലിനിക്കുകളും വഴി ജീവിതത്തെ വളരെയധികം മെച്ചപ്പെടുത്തുന്നു. ഇതുവഴി ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു.

 കേരളത്തില്‍ നിന്ന് ലോകോത്തര നിലവാരമുള്ള പ്രതിഭകളെ കമ്പനി റിക്രൂട്ട് ചെയ്തിട്ടുണ്ട്, 100 ഗവേഷണ വികസന വിഭാഗത്തില്‍ ഏകദേശം 100 ല്‍പരം എഞ്ചിനീയര്‍മാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്, നിലവില്‍, യുഎസും മിഡില്‍ ഈസ്റ്റുമാണ് അര്‍മാഡയുടെ പ്രധാന വിപണികളെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള വലിയ വിപണിയിലേക്കുള്ള വിപുലീകരണം ഉടന്‍ ഉണ്ടാകും.

പേപാല്‍ സ്ഥാപകരായ പീറ്റര്‍ തീല്‍, കെന്‍ ഹൗറി, ലൂക്ക് നോസെക്ക് എന്നിവര്‍ സ്ഥാപിച്ച വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ഫൗണ്ടേഴ്സ് ഫണ്ടിന്‍റെ പിന്തുണ അര്‍മാഡയ്ക്കുണ്ട്. ഫേസ്ബുക്ക്, എയര്‍ബിഎന്‍ബി, പാലന്തിര്‍, സ്പേസ് എക്സ്, ട്വിലിയോ, സ്പോട്ടിഫൈ, സ്ട്രൈപ്പ് തുടങ്ങിയ പ്രധാന കമ്പനികള്‍ ഫൗണ്ടേഴ്സ് ഫണ്ടിന്‍റെ നിക്ഷേപ പട്ടികയിലുണ്ട്. മൈക്രോസോഫ്റ്റിന്‍റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ വിഭാഗമായ എം12-ല്‍ നിന്നും കമ്പനിക്ക് ഫണ്ടിംഗ് ലഭിച്ചിട്ടുണ്ട്.

Photo Gallery

+
Content