സംസ്ഥാനത്തെ ഐടി മേഖലയുമായി സഹകരണം തേടി ക്യൂബന്‍ സംഘം ടെക്നോപാര്‍ക്കില്‍
ഈ വര്‍ഷം രണ്ടാം തവണയാണ് സംഘം സന്ദര്‍ശനം നടത്തുന്നത്
Trivandrum / October 4, 2025
തിരുവനന്തപുരം: കേരളത്തിന്‍റെ ഐടി മേഖലയുമായി സഹകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച ഉന്നതതല ക്യൂബന്‍ പ്രതിനിധി സംഘം. ക്യാമ്പസിന്‍റെ ശേഷിവികസന സൗകര്യങ്ങളുമായും പരിശീലന മാതൃകകളുമായുമാണ് സഹകരണത്തിന് സംഘം ആഭിമുഖ്യം പ്രകടമാക്കിയത്.
ഈ വര്‍ഷം രണ്ടാം തവണയാണ് പ്രതിനിധി സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിക്കുന്നത്.
ഹവാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ എക്സ്ഇടിഐഡിയുടെ ജനറല്‍ ഡയറക്ടര്‍ ഏഞ്ചല്‍ ഓസ്കാര്‍ പിനോ ഹെര്‍ണാണ്ടസ്, ബിസിനസ് ഡയറക്ടര്‍ സൗമല്‍ തെജേദ ഡയസ്, ഗ്വാഡലൂപ്പ് ഡി റെഗ്ല ഫ്രോമെന്‍റ് ഗോമസ് (വിവര്‍ത്തക) എന്നിവരടങ്ങുന്ന മൂന്നംഗ പ്രതിനിധി സംഘമാണ് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചത്.
സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയുടെ സവിശേഷതകളെക്കുറിച്ചും ടെക്നോപാര്‍ക്കിന്‍റെ നേട്ടങ്ങളെക്കുറിച്ചും ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ് ആന്‍റ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ എന്നിവര്‍ പ്രതിനിധി സംഘവുമായി സംവദിച്ചു.
ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ജിടെക്ക് മ്യൂലേണ്‍, ഐസിടി അക്കാദമി, സി-ഡാക്ക്, കെ-സ്പേസ് തുടങ്ങിയ ടെക്നോപാര്‍ക്കിലെ സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് സഹായമായതായി കേണല്‍ സഞ്ജീവ് നായര്‍ പറഞ്ഞു. ക്യൂബയില്‍ ഇത്തരം ശേഷിവികസന കേന്ദ്രങ്ങളും പരിശീലന പരിപാടികളും തുടങ്ങുന്നതിന് സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സാമൂഹിക-സാമ്പത്തിക വികസനം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ കേരളം ഏറെ മുന്നിലാണ്. സഹകരിച്ചു പ്രവര്‍ത്തിക്കാനാകുന്ന ശക്തമായ ഐടി ആവാസവ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ടാലന്‍റ് പൂള്‍, കണക്റ്റിവിറ്റി തുടങ്ങിയവയില്‍ തിരുവനന്തപുരം നഗരം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ സന്ദര്‍ശനത്തില്‍ തന്നെ ടെക്നോപാര്‍ക്ക് മാതൃകയില്‍ തങ്ങള്‍ ആക്യഷ്ടരായതായി എക്സ്ഇടിഐഡിയുടെ ജനറല്‍ ഡയറക്ടര്‍ ഏഞ്ചല്‍ ഓസ്കാര്‍ പിനോ ഹെര്‍ണാണ്ടസ് പറഞ്ഞു. ക്യൂബയിലെ സാങ്കേതികവിദ്യാധിഷ്ഠിത ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ടെക്നോപാര്‍ക്കുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ട് ഫോക്സ്ഡെയില്‍ വികസിപ്പിച്ച 'ഡോ. കണക്റ്റ് ലൈവ്' എന്ന അത്യാധുനിക വിര്‍ച്വല്‍ ഹോസ്പിറ്റല്‍ പ്ലാറ്റ് ഫോം വികസിപ്പിക്കുന്നതിനായി ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഫോക്സ്ഡെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡുമായി പ്രതിനിധി സംഘം ബിസിനസ് കരാറില്‍ ഒപ്പുവച്ചു. ഫോക്സ്ഡെയ്ലിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ജി എന്‍. പത്മകുമാറുമായും സംഘം കൂടിക്കാഴ്ച നടത്തി.
Photo Gallery
