മുതിര്‍ന്ന പൗരന്മാര്‍ക്കായി ന്യൂ ഇന്നിങ്സ് സംരംഭകത്വ പദ്ധതി : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിച്ചു

Trivandrum / September 26, 2025

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാറിന്‍റെ ന്യൂ ഇന്നിങ്സ് സംരംഭകത്വ പദ്ധതി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പിലാക്കും. കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം അവരുടെ തൊഴില്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും ഉപയോഗിച്ച് നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.

50 വയസ്സിന് മുകളില്‍ പ്രായവും സംരംഭകരാകാന്‍ താല്പര്യമുള്ളവരുമായ മുതിര്‍ന്ന പൗരന്മാരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. ജോലിയില്‍ നിന്നും വിരമിച്ച മുതിര്‍ന്ന പൗരന്മാരെ കേരളത്തിന്‍റെ സാമ്പത്തിക വികസന പ്രക്രിയയില്‍ സജീവ പങ്കാളികളാക്കാന്‍ ഇതിലൂടെ സാധിക്കും. തലമുറകള്‍ തമ്മിലുള്ള ഒരു വിജ്ഞാന കൈമാറ്റത്തിനും ഇത് വഴിയൊരുക്കും.

പുരോഗതിയുടെ പാതയില്‍ ഓരോ തലമുറയേയും ഉള്‍ക്കൊള്ളിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ വികസനം കൈവരിക്കാനാകുന്നത് എന്നൊരു വിശ്വാസം കേരളത്തിന് എല്ലാക്കാലത്തുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുവതലമുറയുടെ ഭാവിയെ മാത്രമല്ല, അവരുടെ അഭിലാഷങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന പുതിയ അധ്യായത്തിനാണ് നമ്മുടെ മുതിര്‍ന്നവരുടെ അറിവും അനുഭവസമ്പത്തും ഉപയോഗപ്പെടുത്തിയ ന്യൂ ഇന്നിംഗ്സിലൂടെ  തുടക്കം കുറിക്കുന്നത്. സ്വാഭിമാനവും, നൂതനത്വവും, കൂട്ടായ മുന്നേറ്റവും അടിസ്ഥാനമാക്കിയുള്ള നവകേരളത്തിന്‍റെ അടിത്തറയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2025-26ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച  ന്യൂ ഇന്നിംഗ്സ് പദ്ധതി കേരളത്തിന്‍റെ സാഹചര്യത്തില്‍ ഏറെ സാധ്യതകളുള്ള ഒന്നാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 50 വയസ്സ് കഴിഞ്ഞ  വിവിധ മേഖലകളില്‍പെട്ട ആളുകള്‍ക്ക്  ഒരു പുതിയ സംരംഭം തുടങ്ങുവാന്‍ സര്‍ക്കാര്‍  സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ പിന്തുണ നല്‍കുകയാണ്. അറിവും അനുഭവ സമ്പത്തുമുള്ള മുതിര്‍ന്ന ആളുകള്‍ നിരവധിയുള്ള കേരളത്തില്‍ ഇതു വഴി വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനാകും. ദേശീയ അന്തര്‍ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച് വിരമിച്ച മുതിര്‍ന്ന പൗരന്മാരുടെ സേവനം സ്റ്റാര്‍ട്ടപ്പുകളില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം കൂടി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടത്തിപ്പിനായി സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഒരു പ്രത്യേക വിഭാഗം രൂപീകരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ പരിശീലനം, സാമ്പത്തിക സഹായം, മാര്‍ഗനിര്‍ദ്ദേശം എന്നിവ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കും. വ്യവസായവാണിജ്യ രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ അനുയോജ്യമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കാനും വിജയകരമായി നടത്തിക്കൊണ്ടുപോകാനുള്ള സഹായവും ലഭ്യമാക്കും.

വിദഗ്ധരായ വിരമിച്ച പ്രൊഫഷണലുകളെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധിപ്പിക്കുക, മുതിര്‍ന്ന പൗരന്മാരുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തി സംരംഭകത്വം പ്രോത്സാഹിപ്പിക്കുക,  പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക, സാമൂഹിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക, അവരുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുക, മുതിര്‍ന്ന പൗരന്മാരെ പുതിയ സംരംഭങ്ങളില്‍ പങ്കാളികളാക്കുക, നിക്ഷേപ സാധ്യതകള്‍ മനസ്സിലാക്കുവാന്‍ സഹായിക്കുക, നൂതന ആശയങ്ങള്‍ കൊണ്ടുവരിക തുടങ്ങിയവ പദ്ധതി ലക്ഷ്യമിടുന്നു.

ആദ്യഘട്ടത്തില്‍ 5 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പരിശീലന പരിപാടികള്‍, സാമ്പത്തിക സഹായം, സാങ്കേതിക സഹായം, മാര്‍ക്കറ്റിംഗ് പിന്തുണ തുടങ്ങിയവയ്ക്കായി ഈ തുക വിനിയോഗിക്കും. പ്രതിമാസം 20 പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു ഫെലോഷിപ്പ് പദ്ധതിയും ഇതിന്‍റെ ഭാഗമാണ്. 12 മാസത്തേക്ക് 20 ഫെലോകളെയാണ് ഇതിനായി നിയമിക്കുന്നത്. ഇവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി 60 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

വിരമിച്ച 200 പ്രൊഫഷണലുകള്‍ പദ്ധതിയിലൂടെ സജീവ ഉപദേഷ്ടാക്കളാകുന്നതു വഴി അവരുടെ തൊഴില്‍വൈദഗ്ധ്യവും അനുഭവപരിചയവും ഉപയോഗപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കാകും. നൂറിലധികം പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പദ്ധതി വഴിയൊരുക്കും. ഇതിലൂടെ സ്റ്റാര്‍ട്ടപ്പുകളുടെ വിശ്വാസ്യത വര്‍ദ്ധിക്കല്‍, വിപണി പ്രവേശനത്തിന് സൗകര്യമൊരുങ്ങല്‍ തുടങ്ങിയവ പദ്ധതിയുടെ മേൻമകളാണ്.

വിരമിച്ച ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും അറിവും പരിചയവും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് അമൂല്യമാണെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. അവര്‍ക്ക് സ്വയം സംരംഭകരാകുവാനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരുവാനും സഹായമാകും. ചില വ്യവസായികള്‍ മുതിര്‍ന്ന പൗരന്മാരായതിന് ശേഷമാണ് വ്യവസായ-വാണിജ്യ രംഗത്തേക്ക് കടന്നത്.

ബഹിരാകാശ മേഖല, ഇലക്ട്രോണിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, വൈദ്യുത മേഖല, ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററി സാങ്കേതികവിദ്യ, ബാങ്കിംഗ്, വിദ്യാഭ്യാസം, മാലിന്യസംസ്ക്കരണം, കുടിവെള്ളം, നിര്‍മ്മാണ മേഖലയിലെ പുത്തന്‍ പ്രവണതകള്‍, കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചവരുടെ അനുഭവസമ്പത്ത് അതിനൂതന സാങ്കേതിക സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കും സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിനും മുതല്‍ക്കൂട്ട് ആകും. സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക വികസനത്തിനും പദ്ധതി ഗണ്യമായ സംഭാവന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വിസ്ഡം ബാങ്ക്' എന്ന പ്രത്യേക മെന്‍റര്‍ഷിപ്പ് പരിപാടിയും ന്യൂ ഇന്നിംഗ്സ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കേരളത്തിലെ വിരമിച്ച വിദഗ്ധരുടേയും പ്രൊഫഷണലുകളുടേയും അറിവും അനുഭവവും പുതിയ തലമുറയിലെ സംരംഭകര്‍ക്ക് കൈമാറ്റം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് 'വിസ്ഡം ബാങ്ക്' നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ തയ്യാറാക്കുന്നവരുടെ പട്ടിക ഡയറക്ടറി രൂപത്തില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കും. പുതിയ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവശ്യമായ ഉപദേഷ്ടാക്കളേയും മെന്‍റര്‍മാരേയും ഇതിലൂടെ കണ്ടെത്താനാകും.
പദ്ധതിയിലേക്ക് അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും-  newinnings.startupmission.in
 

Photo Gallery