സംസ്ഥാനത്തെ തീരമേഖലയുടെ സാധ്യതകളില്‍ മതിപ്പ് പ്രകടിപ്പിച്ച് കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് പ്രതിനിധികള്‍

Trivandrum / September 18, 2025

തിരുവനന്തപുരം: കേരളത്തിന്‍റെ തീരമേഖലയുടെ സാധ്യതകളില്‍ മതിപ്പ് പ്രകടിപ്പിച്ച് കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ്

പ്രതിനിധികള്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കോവളം ബീച്ചും സന്ദര്‍ശിച്ച യൂറോപ്യന്‍ സംഘമാണ് സംസ്ഥാനത്തെ തീരസമ്പത്തിനെയും പരമ്പരാഗത മത്സ്യബന്ധനത്തെയും കുറിച്ച് സന്തുഷ്ടി പ്രകടിപ്പിച്ചത്. കോണ്‍ക്ലേവിന്‍റെ ഭാഗമായി ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.

സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെയാണ് 'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തില്‍ ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവ് കോവളം ലീല റാവിസില്‍ സംഘടിപ്പിക്കുന്നത്.

കേരളത്തിന്‍റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ചരക്കുനീക്കവും ദൈനംദിന പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ച പ്രതിനിധികള്‍ പദ്ധതിപ്രദേശത്തും സമയം ചെലവിട്ടു. വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് എം.ഡി ഡോ. ദിവ്യ എസ്. അയ്യര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമന്‍ എന്നിവര്‍ തുറമുഖത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും വികസന സാധ്യതകളെയും കുറിച്ച് പ്രതിനിധികള്‍ക്ക് വിശദീകരിച്ചു.

കോവളം ഹവ്വാ ബീച്ചിലെത്തിയ പ്രതിനിധികള്‍ കമ്പവല ഉപയോഗിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്നത് വീക്ഷിച്ചു. ബീച്ചില്‍ ഏറെ നേരം ചെലവിട്ട പ്രതിനിധികള്‍ കമ്പവല ഉപയോഗിക്കുന്നതും കയര്‍ ഉപയോഗിച്ച് വല വലിക്കുന്നതും മീന്‍ കരയ്ക്കെത്തുന്നതും വരെയുള്ള ഘട്ടങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ചില വിദേശ പ്രതിനിധികള്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കമ്പവലിയില്‍ പങ്കുചേരുകയും ചെയ്തു. ഫിഷറീസ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും പ്രതിനിധികള്‍ക്ക് പരമ്പരാഗത മത്സ്യബന്ധന രീതിയെക്കുറിച്ച് വിശദീകരിച്ചു.

കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജും സംഘം സന്ദര്‍ശിച്ചു. കേരളത്തിന്‍റെ തനത് കൈത്തറി, കരകൗശല വസ്തുക്കളുടെ പ്രദര്‍ശന-വിപണന സ്റ്റാളുകള്‍ വീക്ഷിച്ച സംഘം ഇതിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തൊഴിലാളികളോടും ജീവനക്കാരോടും ചോദിച്ചറിഞ്ഞു.

സ്ലൊവാക്യ എംബസിയിലെ റോബര്‍ട്ട് മാക്സിയന്‍, സ്പെയിന്‍ എംബസി അംബാസഡര്‍ ജുവാന്‍ അന്‍റോണിയോ മാര്‍ച്ച് പുജോള്‍, ഇറ്റലി എംബസി അംബാസഡര്‍ അന്‍റോണിയോ എന്‍റിക്കോ ബാര്‍തോളി, മാള്‍ട്ട ഹൈക്കമ്മീഷന്‍ അംബാസഡര്‍ റൂബന്‍ ഗൗസി, ഡാനിഷ് എംബസി അംബാസഡര്‍ റാസ്മസ് അബില്‍ഡ്ഗാര്‍ഡ് ക്രിസ്റ്റന്‍സണ്‍, പോളണ്ട് എംബസിയില്‍ നിന്നുള്ള ഡോ. പിയോട്ടര്‍ സ്വിറ്റാല്‍സ്കി, ബള്‍ഗേറിയ എംബസി അംബാസഡര്‍ യാങ്കോവ്, ഫിന്‍ലാന്‍ഡ് എംബസി അംബാസഡര്‍ കിമ്മോ ലഹ്ഡെവിര്‍ട്ട, റൊമാനിയ എംബസി അംബാസഡര്‍ സെന ലത്തീഫ്, ജര്‍മ്മനി എംബസിയിലെ സൈമണ്‍ എച്ച് പ്രേക്കര്‍, സ്ലോവേനിയ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഇര്‍മ സിന്‍കോവെക്, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
 

Photo Gallery

+
Content
+
Content
+
Content