ആയുഷ് ദേശീയ ശില്‍പശാല- തലയുയര്‍ത്തി കേരളം
Kottayam / September 18, 2025
കോട്ടയം: ദേശീയ ആയുഷ് മിഷന്‍ കേരളയും സംസ്ഥാന ആയുഷ് വകുപ്പും കേന്ദ്ര ആയുഷ് മന്ത്രാലയവും സംയുക്തമായി കുമരകത്ത് നടത്തുന്ന ദേശീയ ശില്‍പശാലയില്‍ സമാനതകളില്ലാത്ത നേട്ടവുമായി കേരളം. ഐടി സൊല്യൂഷന്‍സ്, അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യവിഭവശേഷി, പൊതുജന സമ്പര്‍ക്കം തുടങ്ങിയ മേഖലകളില്‍ കേരളത്തിന്‍റെ നേട്ടങ്ങള്‍ മാതൃകാപരമാണ്
സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെല്ലാം സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോപ്പതി ഡിസ്പന്‍സറികളുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. 2200ല്‍പരം ആയുര്‍വേദ- ഹോമിയോപ്പതി ഡിസ്പന്‍സറികളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ആയുര്‍വേദം, യോഗ നാച്ചുറോപ്പതി, യുനാനി, സിദ്ധ എന്നീ ചികിത്സാ ശാസ്ത്രങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി ചികിത്സ ശാസ്ത്രത്തിനായി പ്രത്യേക വകുപ്പും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.കൂടാതെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും പ്രേത്യേക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളും നിലവിലുണ്ട്. ദേശീയ ആയുഷ് മിഷന്‍ വഴി കേരളത്തിന് ലഭിച്ചിരുന്ന ബജറ്റ് തുക 24 കോടി രൂപയില്‍ നിന്ന് 207 കോടി രൂപയിലെത്തി നില്‍ക്കുന്നത് തന്നെ കേരളം ഈ രംഗത്ത് എത്ര മുന്നോട്ടു പോയി എന്നതിന് തെളിവാണ്.
ആയുഷ് മേഖലയില്‍ കേരളത്തില്‍ 250 സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍എബിഎച് ലഭിച്ചിട്ടുണ്ട്. അപേക്ഷിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ അക്രഡിറ്റേഷന്‍ ലഭിച്ച മറ്റൊരു സംസ്ഥാനമില്ലെന്ന് ആയുഷ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ ശുചിത്വം, സൗകര്യങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ എന്നിവ മാനദണ്ഡമാക്കി നല്‍കുന്ന കായകല്‍പ പുരസ്ക്കാരം ആയുഷ് മേഖലയില്‍ കേരളത്തിലെ 132 സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. ഒരു കോടിയില്‍പരം രൂപയുടെ സമ്മാനങ്ങളാണ് സ്ഥാപനങ്ങള്‍ക്ക് ഇതു വഴി ലഭിച്ചത്.
കേരളത്തിലെ ആയുഷ് സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിന് സിവില്‍ വര്‍ക്സ് മോണിറ്ററിംഗ് സിസ്റ്റം നടപ്പില്‍ വരുത്തിയിട്ടുണ്ട്. ആശുപത്രികളിലെ സ്റ്റോക്ക് തത്സമയം അറിയാന്‍ കഴിയുന്ന സോഫ്റ്റ് വെയറുകളും ഉപയോഗിച്ചു വരുന്നു.ലേര്‍ണിങ് മാനേജ്മെന്‍റ് സിസ്റ്റം, എച് ആര്‍ ആന്‍ഡ് പേറോള്‍ മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍ എന്നിവയും നൂതന ഇടപെടലുകള്‍ ആണ്.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഗവണ്‍മന്‍റ് ആസ് എ മാര്‍ക്കറ്റ് പ്ലേസ് എന്ന പദ്ധതി വഴി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ കമ്പനികള്‍ക്കാണ് ഈ ആപ്പുകളുടെ നിര്‍മ്മാണവും പരിപാലനവും നല്‍കിയിരിക്കുന്നത്. കുമരകത്ത് നടക്കുന്ന ശില്‍പശാലയില്‍ ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഐടി ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
നൂതന സാങ്കേതികവിദ്യകളായ ഐഒടി, നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയവ സംസ്ഥാനത്തെ ആയുഷ് മേഖലയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി സമന്വയിപ്പിക്കാനൊരുങ്ങുകയാണെന്നും ഡോ. സജിത് ബാബു അറിയിച്ചു.
കൂടാതെ ഹോമിയോപ്പതി വകുപ്പില്‍ നടപ്പിലാക്കുന്ന ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റ് സിസ്റ്റം (എഎച്ഐഎംഎസ്), ഭാരതീയ വകുപ്പില്‍ നടപ്പിലാക്കുന്ന നെക്സ്റ്റ് ജന്‍ ഇ ഹോസ്പിറ്റല്‍ തുടങ്ങിയ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റ് സിസ്റ്റങ്ങളുടെയും അവതരണം ശില്പശാലയില്‍ കേരളത്തിന്‍റെ യശസ്സുയര്‍ത്തി.
Photo Gallery