ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, ഫിഷറീസ് തുടങ്ങിയ മേഖലകളില്‍ കേരളത്തിന് വന്‍ വികസന സാധ്യതയെന്ന് യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍

കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന ബ്ലൂ ഇക്കോണമി കോണ്‍ക്ലേവിന് കോവളത്ത് തുടക്കം
Trivandrum / September 18, 2025

തിരുവനന്തപുരം: ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, ഫിഷറീസ്, വിദ്യാഭ്യാസം, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ കേരളത്തിന് വന്‍ വികസന സാധ്യതകളാണുള്ളതെന്ന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍. കേരള-യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ ഇക്കോണമി ക്ലോണ്‍ക്ലേവിന്‍റെ ആദ്യദിവസം കേരളത്തിന്‍റെ തീര, മത്സ്യ മേഖലയുടെ സാധ്യതകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പ് പ്രതിനിധികള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ദ്വിദിന സമ്മേളനത്തിന് കോവളത്ത് തുടക്കമായി.

 സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാന വിഷയങ്ങള്‍ക്കുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘവുമായി സമ്മേളനത്തിന്‍റെ ആദ്യ ദിവസം ചര്‍ച്ച നടത്തി. ഫിഷറീസ്, തുറമുഖം, വിദ്യാഭ്യാസം, വൈദ്യുതി, ടൂറിസം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാര്‍ പദ്ധതികള്‍ അവതരിപ്പിച്ചു.

കേരളത്തിന്‍റെ ഭാവി വികസന സാധ്യതകളെയും പുതിയ പദ്ധതികള്‍ എങ്ങനെ ആവിഷ്കരിക്കാമെന്നതിനെയും കുറിച്ച് സമഗ്രമായ ചര്‍ച്ച നടന്നുവെന്ന് തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. സ്ഥിരതയാര്‍ന്ന മത്സ്യബന്ധനം, മത്സ്യകൃഷി, സമുദ്ര സമ്പത്ത് പരിപാലനം എന്നിവയില്‍ സംസ്ഥാനത്തിനുള്ള അര്‍പ്പണ മനോഭാവമാണ് ഈ കോണ്‍ക്ലേവ് തെളിയിക്കുന്നത്. യൂറോപ്യന്‍ യൂണിയനും കേന്ദ്ര സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ കേരളത്തിന്‍റെ തീരദേശ സമൂഹത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സാധിക്കും. പങ്കാളിത്ത അടിസ്ഥാനത്തിലുള്ള മത്സ്യബന്ധന മാനേജ്മെന്‍റിനും സമുദ്ര ഗവേഷണത്തിനും തുടക്കമിട്ട കേരളത്തിന് നീല സമ്പദ് വ്യവസ്ഥയില്‍ അഭിമാനകരമായ ചരിത്രമുണ്ട്. സുസ്ഥിര മത്സ്യകൃഷി, തീരദേശ പ്രതിരോധം എന്നിവയില്‍ സംസ്ഥാനം മാതൃകയാണെന്നും അദ്ദേഹം വിശദമാക്കി.


ഇന്ത്യയുമായുള്ള സഹകരണം വിവിധ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നതാണെന്ന് ഹെര്‍വ് ഡെല്‍ഫിന്‍ പറഞ്ഞു. രാജ്യത്താകമാനം സാധ്യമായ സഹകരണത്തിനും നിക്ഷേപത്തിനുമുള്ള വഴികള്‍ കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നുണ്ട്. സമുദ്രാധിഷ്ഠിത വ്യവസായങ്ങള്‍, തീരദേശ പ്രതിരോധം, സുസ്ഥിരത, ഉയര്‍ന്ന നൈപുണ്യം, വെല്‍നെസ്, ടൂറിസം തുടങ്ങിയ രംഗത്തെല്ലാം അനന്തമായ സാധ്യതകളുള്ള കേരളം യൂറോപ്യന്‍ പങ്കാളികള്‍ക്ക് നിരവധി അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


നീല സമ്പദ് വ്യവസ്ഥയില്‍ രാജ്യത്തിന്‍റെ കാഴ്ചപ്പാടുകള്‍ നടപ്പാക്കുന്നതിനും പരസ്പരം നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും പുറമേ സമുദ്രമേഖലയിലെ യൂറോപ്യന്‍ യൂണിയന്‍റെ വൈദഗ്ധ്യം, നിക്ഷേപ ശേഷി, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവ ലഭ്യമാക്കാനുള്ള വേദി കൂടിയാണ് കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവെന്നും ഹെര്‍വ് ഡെല്‍ഫിന്‍ കൂട്ടിച്ചേര്‍ത്തു.

 
വിശാലമായ തീരപ്രദേശം, സജീവമായ തുറമുഖങ്ങള്‍, സമുദ്രഗവേഷണം, മത്സ്യകൃഷി, പുനരുപയോഗ ഊര്‍ജ്ജം എന്നീ മേഖലകളില്‍ ഇന്ത്യയ്ക്കുള്ള വൈദഗ്ധ്യം നീല സമ്പദ് വ്യവസ്ഥയില്‍ രാജ്യത്തെ ആഗോള നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തുന്നതാണെന്ന് പ്രതിനിധി സംഘം വിലയിരുത്തി. 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശവും സമൃദ്ധമായ ജലസ്രോതസ്സുകളും സമ്പന്നമായ സമുദ്ര ജൈവവൈവിധ്യവുമുള്ള കേരളം ഈ മാറ്റത്തിന്‍റെ മുന്‍നിരയിലാണെന്നും അവര്‍ വ്യക്തമാക്കി.

ബെല്‍ജിയം അംബാസഡര്‍ ഡിഡിയര്‍ വാന്‍ഡെര്‍ഹാസെല്‍റ്റ്, ബള്‍ഗേറിയ അംബാസഡര്‍ നിക്കോളായ് യാങ്കോവ്, ഡെന്‍മാര്‍ക്ക് അംബാസഡര്‍ റാസ്മസ് അബില്‍ഡ് ഗാര്‍ഡ് ക്രിസ്റ്റന്‍റെന്‍, ഫിന്‍ലാന്‍ഡ് അംബാസഡര്‍ കിമ്മോ ലാഹ്ഡെവിര്‍ട്ട, ഹംഗറി അംബാസഡര്‍ ഇസ്ത്വാന്‍ സാബോ, ഇറ്റലി അംബാസഡര്‍ അന്‍റോണിയോ എന്‍റിക്കോ ബര്‍ട്ടോളി, മാള്‍ട്ട ഹൈക്കമ്മീഷണര്‍ റൂബന്‍ ഗൗസി, പോളണ്ട് നിയുക്ത അംബാസഡര്‍ ഡോ. പിയോട്ടര്‍ സ്വിതാല്‍സ്കി, സ്ലൊവാക്യ അംബാസഡര്‍ റോബര്‍ട്ട് മാക്സിയന്‍, സ്പെയിന്‍ അംബാസഡര്‍ ജുവാന്‍ അന്‍റോണിയോ മാര്‍ച്ച് പുജോള്‍, റൊമാനിയ അംബാസഡര്‍ സെന ലത്തീഫ്, സംസ്ഥാന ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി, ഫിഷറീസ് ഡയറട്കര്‍ ചെല്‍സാസിനി വി. എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ സമുദ്രാധിഷ്ഠിത മേഖലയില്‍ മികച്ച സഹകരണം സാധ്യമാക്കുന്നത് സംബന്ധിച്ച ആശയങ്ങളും നിര്‍ദേശങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയ്ക്കും യൂറോപ്പിനും നിര്‍ണായകമാകുന്ന നീല സമ്പദ് വ്യവസ്ഥയുടെ ഭാവി ഉറപ്പുവരുത്താനുള്ള സ്ഥിരതയാര്‍ന്ന നിക്ഷേപങ്ങള്‍, കൂട്ടായ കാലാവസ്ഥാ പ്രവചനങ്ങള്‍, നവീകരണം എന്നിവ കേന്ദ്രീകരിച്ച് സംയുക്ത ഇടപെടലുകളും പങ്കാളിത്തങ്ങളുമായി മുന്നോട്ട് പോകേണ്ടതിനാല്‍ ഉച്ചകോടി ഏറെ പ്രസക്തമാണ്.

ഇന്ന് (സെപ്റ്റംബര്‍ 19 വെള്ളി) രാവിലെ 9.30 ന് കോവളം ദി ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.


ഇന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാരെ കൂടാതെ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സംരംഭകര്‍, കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അക്കാദമിഷ്യന്‍മാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ഓസ്ട്രിയ ഡെപ്യൂട്ടി ഹെഡ് ഗിസേല ക്രിസ്റ്റോഫെറിറ്റ്ഷ്, ഫ്രാന്‍സിന്‍റെ മിനിസ്റ്റര്‍-കൗണ്‍സലറും ഡെപ്യൂട്ടി ഹെഡുമായ ഡാമിയന്‍ സയ്യിദ്, സ്ലോവേനിയ ഡെപ്യൂട്ടി ഹെഡ് ഇര്‍മ സിങ്കോവെക്, നെതര്‍ലാന്‍ഡ്സ് ഡെപ്യൂട്ടി ഹെഡ് ഹുയിബ് മിജ്നാരെന്‍ഡ്സ്, ജര്‍മ്മനിയുടെ ഇക്കണോമിക് ആന്‍ഡ് ഗ്ലോബല്‍ അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി ഡോ. സൈമണ്‍ എച്ച് പെര്‍ക്കര്‍, സ്വീഡനിലെ ഇന്നൊവേഷന്‍ ആന്‍ഡ് സയന്‍സ് കൗണ്‍സിലര്‍ സിസിലിയ ടാള്‍ എന്നിവരടങ്ങുന്ന യൂറോപ്യന്‍ സംഘവും കോണ്‍ക്ലേവില്‍ പങ്കെടുക്കും. 18 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും ഉന്നത ഉദ്യോഗസ്ഥരുമാണ് സമ്മേളനത്തില്‍ ഭാഗമാകുന്നത്.

കാലാവസ്ഥയെ പ്രതിരോധിക്കുന്ന തീരദേശ വികസനവും അടിസ്ഥാന സൗകര്യങ്ങളും തുറമുഖ നവീകരണം, ലോജിസ്റ്റിക്സ്, ഷിപ്പിംഗ്, കണ്ക്റ്റിവിറ്റി നിക്ഷേപങ്ങള്‍, സുസ്ഥിര മത്സ്യബന്ധനം, മത്സ്യകൃഷി, സര്‍ക്കുലര്‍ ഇക്കോണമി, പുനരുപയോഗ ഊര്‍ജ്ജം, സാങ്കേതികവിദ്യകള്‍, വിദ്യാഭ്യാസം, നൈപുണ്യ വികസനം, തീരദേശ, വെല്‍നെസ് ടൂറിസം എന്നിവയടക്കമുള്ള മേഖലകളിലെ സാധ്യതകള്‍ കോണ്‍ക്ലേവില്‍ പ്രദര്‍ശിപ്പിക്കും.

നയ സംഭാഷണങ്ങള്‍, വിദഗ്ധ പാനലുകള്‍, നെറ്റ് വര്‍ക്കിംഗ് സെഷനുകള്‍ എന്നിവയിലൂടെ ഇന്ത്യയ്ക്കും യൂറോപ്പിനുമിടയില്‍ ഭാവി സഹകരണം, നിക്ഷേപ അവസരങ്ങള്‍, ദീര്‍ഘകാല തന്ത്രങ്ങള്‍ എന്നിവ രൂപപ്പെടുത്താന്‍ കോണ്‍ക്ലേവ് സഹായകമാകും.

കേരളത്തിന്‍റെ പരമ്പരാഗത മത്സ്യബന്ധന രീതികള്‍ പരിചയപ്പെടുന്നതിനായി കോവളത്തെ മത്സ്യബന്ധന ഗ്രാമം സന്ദര്‍ശിച്ച യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വെള്ളാറിലെ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.

 

Photo Gallery

+
Content