രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് മുന്നില്‍ കലാമികവ് അവതരിപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഭിന്നശേഷി വിദ്യാര്‍ഥികള്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് മുന്നില്‍ കലാമികവ് അവതരിപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഭിന്നശേഷി വിദ്യാര്‍ഥികള്‍
New Delhi / August 25, 2022

രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് മുന്നില്‍ കലാമികവ് അവതരിപ്പിക്കാന്‍

കേരളത്തില്‍ നിന്നുള്ള ഭിന്നശേഷി വിദ്യാര്‍ഥികള്‍

 

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററില്‍(ഡിഎസി)നിന്നുള്ള ഭിന്നശേഷിക്കാരായ 25 കുട്ടികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ സന്ദര്‍ശിച്ച് തങ്ങളുടെ കലാ പരിപാടികള്‍ അവതരിപ്പിക്കും. വേര്‍തിരിവും സഹതാപവുമല്ല, മറിച്ച് അവസരങ്ങളും സ്വാതന്ത്ര്യമായി ജീവിക്കാനുള്ള സാഹചര്യവുമാണ് വേണ്ടതെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ഇവര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

അംബേദ്കര്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ ആഗസ്റ്റ് 26 വെള്ളിയാഴ്ച നടക്കുന്ന സാംസ്ക്കാരിക പരിപാടിയിലും കുട്ടികള്‍ തങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്ന് ഡിഎസി സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറും ലോകത്തിലെ ആദ്യ മാജിക്ക് അക്കാദമി, ആദ്യ മാജിക് മ്യൂസിയം എന്നിവയുടെ സ്ഥാപകനുമായ ഗോപിനാഥ് മുതുകാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശനിയാഴ്ചയാണ് രാഷ്ട്രപതി ഭവനിലെ കൂടിക്കാഴ്ച. കേന്ദ്രമന്ത്രി വി മുരളീധരന്‍, നോബല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ത്ഥി എന്നിവര്‍ സംയുക്തമായി സാംസ്ക്കാരിക പരിപാടി ഫ്ളാഗ് ഓഫ് ചെയ്യും.

കൈലാസ് സത്യാര്‍ത്ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ സി ജോര്‍ജ്ജ് അധ്യക്ഷനാകുന്ന ചടങ്ങില്‍ നാവികസേനാ മേധാവി ആര്‍ ഹരി കുമാര്‍, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ്, ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ദേശീയ ചെയര്‍മാന്‍ ബാബു പണിക്കര്‍, പതിനഞ്ചോളം എംപിമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

വൈകീട്ട് ആറ് മണിക്കാരംഭിക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

കേരള സര്‍ക്കാരിന്‍റെ സാമൂഹ്യനീതി വകുപ്പിന്‍റെ പിന്തുണയോടെ പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ് കഴക്കൂട്ടത്ത് 2019 ല്‍ ഡിഎസി സ്ഥാപിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കലയില്‍ അധിഷ്ഠിതമായ പുനരധിവാസം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ മാതൃകയിലുള്ള രാജ്യത്തെ ഏക പുനരധിവാസ കേന്ദ്രമാണിത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രത്യേക കഴിവുകളെ കലയുടെ വിവിധ രൂപങ്ങളില്‍ ചെത്തിമിനുക്കിയെടുക്കുന്ന പരിശീലനമാണ് ഇവിടെ നല്‍കുന്നത്. നിലവില്‍ 200 കുട്ടികളാണ് ഇവിടെയുള്ളത്. ഒക്ടോബറാകുമ്പോഴേക്കും യൂണിവേഴ്സല്‍ എംപവര്‍മന്‍റ് സെന്‍ററായി ഇതിനെ ഉയര്‍ത്തുക എന്ന സ്വപ്ന പദ്ധതിയാണ് ഇനിയുള്ളത്.

ഈ പരിശീലന മാതൃകയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളില്‍ അഭൂതപൂര്‍വമായ മാറ്റം കണ്ടു വരുന്നുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ആന്‍ഡ് കൊഗ്നിറ്റീവ് ന്യൂറോ സയന്‍സസ്(ഐസിസിഒഎന്‍എസ്) പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടെന്ന് ഗോപിനാഥ് മുതുകാട് ചൂണ്ടിക്കാട്ടി.

ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത മാറ്റമാണ് ഡിഎസി കൊണ്ടു വന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഈ ലോകോത്തര പദ്ധതി നടപ്പാക്കാനും അതുവഴി ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനും കാരണമാകുന്നതില്‍ സര്‍ക്കാരിന് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Photo Gallery

+
Content