ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവര്‍ക്കിന് മന്ത്രി പി രാജീവ് തുടക്കം കുറിച്ചു

ഗവേഷണ വികസന വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനുള്ള ചട്ടക്കൂട്
Trivandrum / September 24, 2025

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ വ്യാവസായിക നയത്തിന്‍റെ ഭാഗമായി ഉയര്‍ന്ന നിലവാരമുള്ള മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള മികച്ചയിടമാക്കി കേരളത്തെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവര്‍ക്കിന് വ്യവസായ മന്ത്രി പി രാജീവ് തുടക്കം കുറിച്ചു. ഉത്പാദന മേഖലയിലെ നൂതന ഗവേഷണ വികസനം, ഡിസൈന്‍ ആന്‍റ് എഞ്ചിനീയറിംഗ്, ടെസ്റ്റിംഗ്, സര്‍ട്ടിഫിക്കേഷന്‍ സേവനങ്ങള്‍ എന്നിവയുടെ ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിനാണിത്.

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) മാനേജിംഗ് ഡയറക്ടര്‍ വിഷ്ണുരാജ് പി, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ (ജിസിസി) , ഗ്ലോബല്‍ ടെക്നോളജി സെന്‍ററുകള്‍ (ജിടിസി) എന്നിവയിലേക്കും ഡിസൈന്‍, ഗവേഷണ വികസനം, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലേക്കും സംഭാവന ചെയ്യാന്‍ കഴിയുന്ന മികച്ച മനുഷ്യവിഭവശേഷി കേരളത്തിനുണ്ടെന്ന് മന്ത്രി രാജീവ് പറഞ്ഞു.

2025 ഓഗസ്റ്റ് വരെയുള്ള ലിങ്ക്ഡിന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 40000 ത്തോളം പ്രൊഫഷണലുകള്‍ കേരളം ആസ്ഥാനമായുള്ള കമ്പനികളിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത് റിവേഴ്സ് മൈഗ്രേഷന്‍ പ്രവണതയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ ആഗോളരാഷ്ട്രീയ സാഹചര്യത്തിലെ പ്രശ്നങ്ങളെ അവസരങ്ങളാക്കി മാറ്റാന്‍ സാധിക്കണം. പ്രൊഫഷണലുകള്‍ക്കൊപ്പം കമ്പനികളും അവരുടെ ഉത്പാദന യൂണിറ്റുകള്‍ കൂടുതല്‍ അനുയോജ്യമായ പ്രദേശങ്ങളിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരാകും. വ്യവസായത്തിന് അനുസൃതമായ ചട്ടക്കൂട് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നതിനൊപ്പം പിന്തുണയും ഉറപ്പാക്കും. ഹൈടെക്ക് മാനുഫാക്ചറിംഗിന് അനുസരിച്ച് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഇതിനായി എംഎസ്എംഇ കള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്ക് ഗണ്യമായി സംഭാവന ചെയ്യുന്ന ഉയര്‍ന്ന മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവര്‍ക്ക്. ചെറുകിട, ഇടത്തരം സംരംഭങ്ങളിലും ബഹുരാഷ്ട്ര കമ്പനികളിലും ഗവേഷണ-വികസന വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനൊപ്പം നിലവിലുള്ള ആവാസവ്യവസ്ഥയെ പ്രയോജനപ്പെടുത്തി ഗവേഷണ വികസന വളര്‍ച്ച സാധ്യമാക്കാനും ഇത് സഹായകമാണ്.

ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുക, ഉയര്‍ന്നുവരുന്ന സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ സംയോജിപ്പിക്കുക, ഡിജിറ്റല്‍ ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുക, സഹകരണ പ്ലാറ്റ് ഫോമുകള്‍ സ്ഥാപിക്കുക, പങ്കാളിത്ത മോഡലുകള്‍ വികസിപ്പിക്കുക എന്നിവയാണ് ഹൈടെക് മാനുഫാക്ചറിംഗ് ഫ്രെയിംവര്‍ക്കിന്‍റെ മറ്റ് പ്രധാന ലക്ഷ്യങ്ങള്‍.

 

 

Photo Gallery

+
Content
+
Content