ഇന്ത്യയുടെ സമുദ്രാധിഷ്ഠിത വികസന പദ്ധതികളില്‍ കേരളത്തിന് വലിയ സാധ്യകളുണ്ടെന്ന് ബ്ലൂ ഇക്കണോമി കോണ്‍ക്ലേവ്

Trivandrum / September 19, 2025

തിരുവനന്തപുരം: രാജ്യത്തെ സമുദ്ര മേഖലയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് വിദഗ്ധര്‍. കേരള-യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ ഇക്കണോമി കോണ്‍ക്ലേവില്‍ 'ഹാര്‍ബര്‍ അടിസ്ഥാനസൗകര്യങ്ങളും തുറമുഖ, ലോജിസ്റ്റിക്സ്, ഷിപ്പിംഗ്, കണക്റ്റിവിറ്റി നിക്ഷേപങ്ങളും' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. സമുദ്രാധിഷ്ഠിത വികസനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതും സുസ്ഥിരവുമായ തീരദേശ സംസ്ഥാനമായി മാറാന്‍ കേരളത്തിനാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഒരു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖം ഒരു ദശലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തുവെന്നത് ശ്രദ്ധേയമായ നേട്ടമാണെന്നും ഈ മേഖലയില്‍ മുന്‍നിരയിലേക്ക് ഉയരാന്‍ വിഴിഞ്ഞത്തിനാകുമെന്നും ഇന്ത്യയിലെ ഫിന്നിഷ് അംബാസഡര്‍ കിമ്മോ ലഹ്ദേവ്രിത പറഞ്ഞു. കോണ്‍ക്ലേവിന്‍റെ ആദ്യദിനം ഫിന്നിഷ് അംബാസഡര്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിച്ചിരുന്നു.

തുറമുഖങ്ങള്‍ക്കായുള്ള 5 ജി നെറ്റ് വര്‍ക്കുകള്‍ പോലുള്ള മേഖലകളില്‍ ഫിന്‍ലാന്‍ഡിന് സഹകരണം വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നും, നോക്കിയ തന്‍റെ രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ളത് ഇതാണെന്നും ഫിന്നിഷ് അംബാസഡര്‍ പറഞ്ഞു.

സുസ്ഥിര തുറമുഖ സംവിധാനം, കണക്റ്റിവിറ്റി, സര്‍വകലാശാലകളും തുറമുഖ അധികാരികളും ഉള്‍പ്പെടുന്ന ഗവേഷണ സംവിധാനങ്ങള്‍ എന്നിവയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ഉള്ളതിനാല്‍ റൊമാനിയന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വളരെയധികം താല്‍പ്പര്യമുണ്ടാകുമെന്ന് റൊമാനിയന്‍ അംബാസഡര്‍ സെന ലത്തീഫ് ചൂണ്ടിക്കാട്ടി.

വിഴിഞ്ഞത്തേക്കുള്ള 19 അംബാസഡര്‍മാരുടെ സന്ദര്‍ശനം സംസ്ഥാനത്തെ സംബന്ധിച്ച് സുപ്രധാനമാണെന്നും റെയില്‍, റോഡ് കണക്റ്റിവിറ്റി വേഗത്തില്‍ രൂപപ്പെടുന്നതോടെ അന്താരാഷ്ട്ര കമ്പനികള്‍ക്ക് ധാരാളം നിക്ഷേപ അവസരങ്ങള്‍ തുറമുഖം വാഗ്ദാനം ചെയ്യുന്നുവെന്നും സംസ്ഥാന തുറമുഖ സെക്രട്ടറി ഡോ. എ കൗസിഗന്‍ പറഞ്ഞു. വിഴിഞ്ഞത്തേക്കുള്ള റെയില്‍, റോഡ് കണക്റ്റിവിറ്റി അതിവേഗം പുരോഗമിക്കുകയാണ്. 2028 അവസാനത്തോടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ ശേഷി 4.5 ദശലക്ഷം ടിഇയുവിന് അടുത്തെത്തും. അതിനാല്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ധാരാളം സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബേപ്പൂര്‍ പോലുള്ള സ്ഥലങ്ങളില്‍ തുറമുഖ വികസനത്തിനും സാമ്പത്തിക മേഖലകള്‍ വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ സെഷന്‍ മോഡറേറ്റ് ചെയ്ത മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ലക്ഷ്മണ്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്തിന്‍റെ സമുദ്ര മേഖലയെ കാര്യക്ഷമമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം അഞ്ച് വ്യത്യസ്ത ബില്ലുകള്‍ പാസാക്കി ഇന്ത്യന്‍ പാര്‍ലമെന്‍റ് റെക്കോര്‍ഡ് സൃഷ്ടിച്ചതായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം കപ്പല്‍ നിര്‍മ്മാണം, തുറമുഖങ്ങളുടെ ഡിജിറ്റലൈസേഷന്‍, ക്രൂയിസ് ടൂറിസം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ രാജ്യത്ത് 12 പ്രധാന തുറമുഖങ്ങളും 210 ചെറുകിട തുറമുഖങ്ങളിലുമായി ഏകദേശം 1,600 ദശലക്ഷം മെട്രിക് ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എല്ലാ തുറമുഖ മേഖലയുടെയും മൊത്തം ശേഷി ഏകദേശം 2,600 ദശലക്ഷം ടണ്‍ ആണ്. എന്നാല്‍ 2030 ആകുമ്പോഴേക്കും ഇത് ഏകദേശം 3,500 ദശലക്ഷം ടണ്ണായി വികസിപ്പിക്കാനും 2047 ആകുമ്പോഴേക്കും 10,000 ദശലക്ഷം ടണ്‍ എന്ന വലിയ ലക്ഷ്യത്തോടെ വികസിപ്പിക്കാനുമാകും. കൊച്ചിയിലെ ക്രൂയിസ് ടൂറിസം വികസന സാധ്യതകള്‍ പരിശോധിക്കാന്‍ നിക്ഷേപകരോട് ആഹ്വാനം ചെയ്ത അദ്ദേഹം ഉടന്‍ തന്നെ ടെന്‍ഡറുകള്‍ ക്ഷണിക്കാന്‍ പദ്ധതിയിടുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തന്‍റെ കമ്പനി നിരവധി പദ്ധതികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ സഹകരണത്തിനായി കൊച്ചി തുറമുഖവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഷിപ്പിംഗ് സ്ഥാപനമായ സിഎംഎ സിജിഎമ്മിന്‍റെ സ്ട്രാറ്റജിക് പ്രൊജക്ട്സ് കോര്‍ഡിനേറ്റര്‍ അന്‍റോയിന്‍ കാന്‍റണ്‍ പറഞ്ഞു.

ഓഫ്ഷോര്‍ വിന്‍ഡ്, ഗ്രീന്‍ ഹൈഡ്രജന്‍ ക്ലസ്റ്ററുകള്‍, സ്മാര്‍ട്ട് തുറമുഖങ്ങള്‍, മത്സ്യബന്ധന തുറമുഖങ്ങള്‍, മാലിന്യത്തില്‍ നിന്ന് വരുമാനത്തിലേക്കുള്ള മാതൃകകള്‍, സമുദ്ര പ്ലാസ്റ്റിക് വീണ്ടെടുക്കല്‍ എന്നിവയാണ് കേരളത്തില്‍ വികസിപ്പിക്കാന്‍ ഊന്നല്‍ നല്‍കുന്ന പ്രധാന പദ്ധതികളെന്ന് 'ഗ്രീന്‍ ട്രാന്‍സിഷന്‍: സര്‍ക്കുലര്‍ ഇക്കണോമി, റിന്യൂവബിള്‍/ക്ലീന്‍ എനര്‍ജി ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ്സ്' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ അഭിപ്രായമുയര്‍ന്നു. കേരളത്തില്‍ ഗ്രീന്‍ ഹൈഡ്രജന്‍റെയും മറ്റ് വാതകങ്ങളുടെയും വന്‍തോതിലുള്ള ഇറക്കുമതിയും സംഭരണ ശേഷിയും ആവശ്യമാണെന്നും പൈപ്പ്ലൈന്‍ ശൃംഖല മെച്ചപ്പെടുത്തണമെന്ന നിര്‍ദേശവും പാനലിസ്റ്റുകള്‍ മുന്നോട്ടുവച്ചു.

ഡാനിഷ് അംബാസഡര്‍ റാസ്മസ് അബില്‍ഗാര്‍ഡ്  ക്രിസ്റ്റന്‍റെന്‍, ബെല്‍ജിയം അംബാസഡര്‍ ഡിഡിയര്‍ വാന്‍ഡെര്‍ഹാസെല്‍റ്റ്, നെതര്‍ലാന്‍ഡ്സ് ഡെപ്യൂട്ടി ഹെഡ് ഹുയിബ് മിജ്നാരെന്‍ഡ്സ്, സംസ്ഥാന ഇലക്ട്രോണിക്സ് -ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, വാര്‍ട്സില എംഡി വെങ്കടേഷ് ആര്‍ എന്നിവര്‍ സെഷനില്‍ പങ്കെടുത്തു. സംസ്ഥാന വൈദ്യുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ മോഡറേറ്റര്‍ ആയിരുന്നു.

 

Photo Gallery

+
Content