യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം തീരദേശ പരിപാലനത്തിന് ഗുണകരമാകുമെന്ന് ഫ്രഞ്ച് നയതന്ത്ര പ്രതിനിധി

Trivandrum / September 19, 2025

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന തീരദേശ മണ്ണൊലിപ്പും തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങളും പരിഹരിക്കുന്നതിന് യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം കരുത്ത് പകരുമെന്ന് ഫ്രാന്‍സ് എംബസി മിനിസ്റ്റര്‍ കൗണ്‍സിലര്‍ ഡാമിയന്‍ സയ്യിദ് പറഞ്ഞു.

കോവളത്ത് നടക്കുന്ന കേരള-യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ ഇക്കോണമി കോണ്‍ക്ലേവിന്‍റെ ഭാഗമായി തീരദേശ വികസനവും കാലാവസ്ഥയെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

 
അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധ ശേഷിയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടലുമാണ് ഇന്തോ-ഫ്രഞ്ച് സഹകരണത്തിന്‍റെ നട്ടെല്ല്. കാലാവസ്ഥാ മാറ്റത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന വെള്ളപ്പൊക്കം, തീരശോഷണം, മണ്ണിടിച്ചില്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ നേരിടുന്നതിന് കേരളവും ഫ്രാന്‍സും തമ്മില്‍ സഹകരണം വേണം. അതിനോടൊപ്പം പ്രദേശിക സമൂഹത്തെ ശക്തിപ്പെടുത്താനും ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

 തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ കാലാവസ്ഥാ വ്യതിയാന പ്രതിരോധശേഷി ഉറപ്പാക്കുന്നതിനായി വേണ്ടത്ര നിക്ഷേപം വകയിരുത്തണമെന്ന് കേന്ദ്ര എര്‍ത്ത് സയന്‍സ് മന്ത്രാലയത്തിലെ ഡീപ്പ് ഓഷ്യന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. രമണ മൂര്‍ത്തി പറഞ്ഞു.

 സംസ്ഥാനത്തിന് സമഗ്രമായ കാലാവസ്ഥാ വ്യതിയാന പ്രതിരോധ പദ്ധതിയും ദുരന്തനിവാരണ പദ്ധതിയുമുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് പറഞ്ഞു. പ്രാദേശിക തലത്തില്‍  ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, ക്ലൈമറ്റ് ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ദുരന്ത നിവാരണ രംഗത്ത് സംസ്ഥാനം ഇതിനോടകം തന്നെ യൂറോപ്യന്‍ യൂണിയന്‍റെ ചില രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി സഹകരണം തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടുന്നതിന് സംസ്ഥാനത്തിന് പ്രായോഗികമായ തീരനയം ആവശ്യമാണെന്ന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനും ചര്‍ച്ചയുടെ മോഡറേറ്ററുമായ വി. കെ രാമചന്ദ്രന്‍ പറഞ്ഞു. വ്യക്തിഗതവും സാമൂഹികവുമായ വരുമാനം വര്‍ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ ജീവിതം ആധുനികവും പുരോഗമനപരവുമായ രീതിയില്‍ മാറ്റുന്നതിനുള്ള സാഹചര്യം ഒരുക്കുക, സമുദ്ര മത്സ്യബന്ധന രംഗത്ത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക, ദുരന്തങ്ങളെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങളും മാനേജ്മെന്‍റും മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് സംസ്ഥാനത്തിന്‍റെ മുന്‍ഗണനകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മെഴ്സക് ഗ്രൂപ്പിന്‍റെ എപിഎം ടെര്‍മിനല്‍ പ്രതിനിധി അവിനാശ് കല്‍സെയും സെഷനില്‍ പങ്കെടുത്തു. 

 

Photo Gallery

+
Content