സുസ്ഥിര മത്സ്യബന്ധനത്തിലും മത്സ്യകൃഷിയിലും യൂറോപ്യന്‍ യൂണിയന്‍റെ പിന്തുണ ഗുണകരമാകും: വിദഗ്ധര്‍
Trivandrum / September 19, 2025
തിരുവനന്തപുരം: യൂറോപ്യന്‍ യൂണിയന്‍റെ പിന്തുണയോടെ സുസ്ഥിര മത്സ്യബന്ധനം, മത്സ്യകൃഷി, ഗവേഷണം, നിക്ഷേപം തുടങ്ങിയവയില്‍ സംസ്ഥാനത്തിന് ഇനിയും ബഹുദൂരം മുന്നേറാനാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവിലെ സുസ്ഥിര മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യവിളവെടുപ്പിനു ശേഷമുള്ള കൈകാര്യവും ഗവേഷണവും നിക്ഷേപവും എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സുസ്ഥിര മത്സ്യബന്ധനവും മത്സ്യകൃഷിയും പോഷകാഹാര ലഭ്യതയും അതിലൂടെ ഭക്ഷ്യസുരക്ഷയും തൊഴിലവസരവും ഉറപ്പു വരുത്തുന്നതായി ചര്‍ച്ചയില്‍ മോഡറേറ്ററായ കേന്ദ്ര ഫിഷറീസ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി നീതുകുമാരി പ്രസാദ് പറഞ്ഞു. സുസ്ഥിര മത്സ്യബന്ധന രീതികളിലെ വെല്ലുവിളികളും ആഗോള വിപണിയിലെ സങ്കീര്‍ണതകളും ലഘൂകരിക്കാന്‍ സാധിക്കണം. മാരികള്‍ച്ചര്‍, കേജ് കള്‍ച്ചര്‍, സില്‍വി കള്‍ച്ചര്‍ തുടങ്ങിയവയിലെ ആഗോളനിലവാരത്തിലുള്ള ഗവേഷണവും സാങ്കേതികവിദ്യകളും രാജ്യത്തെ സുസ്ഥിര മത്സ്യബന്ധന മേഖലയ്ക്ക് മുതല്‍ക്കൂട്ടാണ്.
താഴേക്കിടയിലെ മത്സ്യത്തൊഴിലാളികളെ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലേക്ക് കൊണ്ടുവരാനാകണം. മത്സ്യങ്ങള്‍ക്കുള്ള ഗുണമേന്‍മയുള്ള തീറ്റ, അടിസ്ഥാന സൗകര്യ വികസനം, വൃത്തിയുള്ള മാര്‍ക്കറ്റുകള്‍ തുടങ്ങിയവയ്ക്കായി നയരൂപകര്‍ത്താക്കളും ശാസ്ത്രജ്ഞരും പൊതുജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് 274 മില്യണ്‍ ടണ്‍ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം നടന്നതായി നാഷണല്‍ ഫിഷറീസ് ഡവലപ്മെന്‍റ് ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ ഡോ. ബിജയ് കുമാര്‍ ബെഹ്റ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയുടെ 55 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച ഗുണനിലവാരമുള്ള മത്സ്യവിത്തുകള്‍ക്കായി യൂറോപ്യന്‍ യൂണിയനിലെ ലബോറട്ടറികളുമായി ചേര്‍ന്ന് കേരളത്തില്‍ ജീനോം എഡിറ്റിംഗ് പദ്ധതി നടപ്പിലാക്കണമെന്ന് മറൈന്‍ പ്രോഡക്ട്സ് ആന്‍റ് ഡവലപ്മെന്‍റ് അതോറിറ്റിയിലെ ഡോ. രാംമോഹന്‍ പറഞ്ഞു. മത്സ്യവിത്തുകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്കണം. മികച്ച നിലവാരമുള്ള മത്സ്യത്തീറ്റ ലഭ്യമാക്കണം. ബയോസെന്‍സര്‍, ബയോഇലക്ട്രോണിക്സ്, നിര്‍മ്മിത ബുദ്ധി, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് തുടങ്ങിയവ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം. കേരളത്തില്‍ പുതിയ സ്പീഷീസുകളുടെ വൈവിധ്യവല്ക്കരണം ധാരാളമായുണ്ട്.
യൂറോപ്യന്‍ യൂണിയന്‍റെ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കടല്‍ പായല്‍ ഭാവിയില്‍ ജൈവഇന്ധനമായി മാറ്റാനാകും. ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കുകളും ഇതുപയോഗിച്ച് നിര്‍മ്മിക്കാനാകും. മൂല്യ വര്‍ധിത ഉത്പന്നങ്ങളുടേയും അലങ്കാര മത്സ്യങ്ങളുടേയും കയറ്റുമതിയിലും യൂറോപ്യന്‍ യൂണിയന്‍റെ വിപണി ഉപയോഗിക്കാനുമെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര മത്സ്യബന്ധനത്തിലും മത്സ്യകൃഷിയിലുമുള്ള കേരളത്തിന്‍റെ പ്രതിബദ്ധതയെക്കുറിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ .ബി സംസാരിച്ചു. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്‍ കേരളം യൂറോപ്പിലേക്കുള്ള വാതിലായി മാറുന്നതായി അദ്ദേഹം പറഞ്ഞു.
ഡാന്‍ഫോസ്-ഇന്ത്യ റീജിയണ്‍ ഇന്‍ഡസ്ട്രിസ് ആന്‍റ് പബ്ലിക് അഫയേഴ്സ്, കമ്മ്യൂണിക്കേഷന്‍ ആന്‍റ് സസ്റ്റെയ്നബിലിറ്റി ഡയറക്ടര്‍ അഞ്ചു മേരി കുരുവിളയും ചര്‍ച്ചയുടെ ഭാഗമായി.