മൃഗസംരക്ഷണ മേഖലയിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിച്ച് ആര്‍ജിസിബി: മെഡിക്കല്‍ ലബോറട്ടറി സര്‍വീസസ് യൂണിറ്റ് ഓയൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

Trivandrum / September 20, 2025

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ വെറ്ററിനറി ക്ലിനിക്കല്‍ പരിശോധനാ സേവനം ലഭ്യമാക്കുന്ന ആദ്യ മെഡിക്കല്‍ ലബോറട്ടറി സര്‍വീസസ് യൂണിറ്റിന് തുടക്കം കുറിച്ച് രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി).

 കേന്ദ്ര സര്‍ക്കാര്‍ ബയോടെക്നോളജി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രിക്-ആര്‍ജിസിബി സംസ്ഥാന മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് കൊല്ലം ജില്ലയിലെ ഓയൂരിലാണ് മള്‍ട്ടി സ്പെഷ്യാലിറ്റി ലബോറട്ടറി തുറന്നത്. മൃഗസംരക്ഷണ മേഖലയിലെ ആര്‍ജിസിബിയുടെ നേതൃത്വത്തിലുള്ള ഗവേഷണ-സേവന പ്രവര്‍ത്തനങ്ങളിലെ പ്രധാന ഇടപെടലുകളിലൊന്നാണിത്.

വെളിനെല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ലബോറട്ടറി ഉദ്ഘാടനം ചെയ്തു. വെളിനെല്ലൂര്‍ പഞ്ചായത്ത് നല്‍കിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയ്ക്ക് എന്‍എബിഎച്ച് /എന്‍എബിഎല്‍ അക്രഡിറ്റേഷനുണ്ട്. അസുഖങ്ങള്‍ വളരെ വേഗത്തില്‍ തിരിച്ചറിയാനും കുറഞ്ഞ നിരക്കില്‍ പെട്ടെന്ന് ചികിത്സ തുടങ്ങാനും ലബോറട്ടറി സഹായകമാകമാകും.

 സംസ്ഥാനത്ത് ആദ്യമായാണ് അത്യാധുനിക സൗകര്യങ്ങളോടെ മൃഗങ്ങളുടെ അസുഖം തിരിച്ചറിയുന്നതിനും വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള വിപുലമായ ലബോറട്ടറി സംവിധാനം സജ്ജമാകുന്നത്. രണ്ട് യൂണിറ്റുകളാണ് ഇതിന്‍റെ ഭാഗമായി ആരംഭിക്കുന്നത്. മനുഷ്യര്‍ക്കാവശ്യമായ സേവനങ്ങളും ഇവിടെ ലഭ്യമാണ്.

 സംസ്ഥാനത്തെ കന്നുകാലി, പൗള്‍ട്രി എന്നിവയുള്‍പ്പെടെയുള്ള മൃഗസംരക്ഷണ മേഖലയ്ക്ക് മെഡിക്കല്‍ ലബോറട്ടറി സര്‍വീസസ് യൂണിറ്റ് വലിയ കൈത്താങ്ങാകുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം യൂണിറ്റുകള്‍ സജ്ജീകരിക്കാന്‍ ആഗ്രഹിക്കുന്നു. മൃഗസംരക്ഷണ, കാര്‍ഷിക മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി ഈ യൂണിറ്റിനെ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലം ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും യൂണിറ്റിന്‍റെ സേവനം പ്രയോജനപ്പെടുത്താം. ഇതിനായി സര്‍ക്കാര്‍ മൃഗാശുപത്രികള്‍ കേന്ദ്രീകരിച്ച് കളക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കും. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കന്നുകാലികളെ ബാധിക്കുന്ന പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനും ആവശ്യമായ ശാസ്ത്രീയ മുന്‍കരുതലുകളെടുക്കുന്നതിനും രോഗബാധ നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങളും ആര്‍ജിസിബിയുടെ ഗവേഷണ വിഭാഗം ലഭ്യമാക്കും. മൃഗസംരക്ഷണ വകുപ്പിന്‍റെ സഹകരണത്തോടെയായിരിക്കും ഇത് നടപ്പാക്കുന്നത്.

പാല്‍, മുട്ട, മാംസം എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്‍റെയും കേരള കന്നുകാലി വികസന ബോര്‍ഡിന്‍റെയും വിവിധ പദ്ധതികളുമായി ആര്‍ബിസിബി ഇതിനകം സഹകരിക്കുന്നുണ്ട്. പാല്‍, ഇറച്ചി,മുട്ട എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനും അവയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വികസനത്തിനും ആര്‍ജിസിബി ഗവേഷണ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പുമായി സഹകരിച്ച് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലും ആര്‍ജിസിബി മെഡിക്കല്‍ ലബോറട്ടറി സേവന യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാലായിലെ ജനറല്‍ ആശുപത്രിയിലും കോട്ടയം ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയിലാണ് പ്രധാന ആശുപത്രികളില്‍ കേന്ദ്ര ലബോറട്ടറി പ്രവര്‍ത്തിക്കുക. സിഎച്ച്സി, എഫ്എച്ച്സി, പിഎച്ച്സി എന്നിവ കളക്ഷന്‍, റിപ്പോര്‍ട്ടിംഗ് സെന്‍ററുകളായും പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 300 ഓളം കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്.

കളമശ്ശേരിയിലെ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ ആര്‍ജിസിബി ആരംഭിക്കുന്ന ഡയഗ്നോസ്റ്റിക് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. രോഗികള്‍ക്ക് പരിശോധനാ സൗകര്യം ഒരുക്കുന്നതിനൊപ്പം കാന്‍സര്‍ ഗവേഷണ കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും. സംസ്ഥാന സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം ആര്‍ജിസിബിക്ക് 30,000 ചതുരശ്ര അടി സ്ഥലം ഇതിനായി ലഭിച്ചിട്ടുണ്ട്. കാന്‍സര്‍ ഗവേഷണ മേഖലയ്ക്ക് പ്രാധാന്യം നല്കിക്കൊണ്ട് സ്ഥാപിക്കുന്ന ഈ ലബോറട്ടറി രാജ്യത്തിന് മുഴുവന്‍ മാതൃകയാവും.

Photo Gallery