കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവിന് ഇന്ന് (സെപ്റ്റംബര്‍ 18) തുടക്കം
ദ്വിദിന സമ്മേളനം യൂറോപ്യന്‍ യൂണിയനുമായുള്ള പങ്കാളിത്തത്തിന് ശക്തിപകരും
Trivandrum / September 17, 2025
തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്‌സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവിന് ഇന്ന് (സെപ്റ്റംബര്‍ 18) കോവളത്ത് തുടക്കമാകും. 'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തില്‍ ദി ലീല റാവിസില്‍ നടക്കുന്ന സമ്മേളനം 19 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സമ്പദ്‌വ്യവസ്ഥയിലെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള സമ്മേളനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പടെ 500 -ലധികം പ്രതിനിധികള്‍ പങ്കെടുക്കും. ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ഹംഗറി, പോളണ്ട്, സ്ലൊവാക്യ, സ്ലൊവേനിയ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ബള്‍ഗേറിയ, ഓസ്ട്രിയ, മാള്‍ട്ട, സ്‌പെയിന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, റൊമാനിയ, ജര്‍മനി എന്നീ 17 യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
നീല സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ധര്‍ ചിന്തകള്‍ പങ്കുവെക്കുകയും പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യും. മറൈന്‍ ലോജിസ്റ്റിക്‌സ്, അക്വാകള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം സമ്മേളനം ചര്‍ച്ച ചെയ്യും. നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാര്‍ട്ടപ്പ് നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങള്‍ സമ്മേളനം ആരായും.
കേരളത്തിന്‍റെ വിശാലമായ സമുദ്രതീര സാധ്യതകളും യൂറോപ്യന്‍ യൂണിയന്‍റെ ശാസ്ത്രീയ-നയ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ സുസ്ഥിര സമുദ്രാധിഷ്ഠിത വികസന മാതൃകയായി വികസിപ്പിക്കുന്നതിനുള്ള രൂപരേഖ ഈ പരിപാടിയില്‍ അവതരിപ്പിക്കും.
സമ്മേളനത്തില്‍ പങ്കെടുക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാരും പ്രതിനിധികളും കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരും ഇന്ന് (സെപ്റ്റംബര്‍ 18) രാവിലെ കോവളം ഹവ്വാ ബീച്ചിലെ പരമ്പരാഗത മത്സ്യബന്ധന കേന്ദ്രം, വിഴിഞ്ഞം തുറമുഖം, കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് എന്നിവ സന്ദര്‍ശിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിന്‍റെ തീര, മത്സ്യ മേഖലയുടെ സാധ്യതകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പ് പ്രതിനിധികള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
നാളെ (സെപ്റ്റംബര്‍ 19) നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. ഇന്ത്യയിലെയും ഭൂട്ടാനിലെയും യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ജോര്‍ജ് കുര്യന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ക്ക് പുറമേ സംസ്ഥാന മന്ത്രിമാരായ കെ.രാജന്‍, കെ.കൃഷ്ണന്‍കുട്ടി, വി.ശിവന്‍കുട്ടി, പി.രാജീവ്, വി.എന്‍ വാസവന്‍, പി.എ മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍, എം.ബി രാജേഷ്, ഡോ.ആര്‍ ബിന്ദു, വീണ ജോര്‍ജ്, ഡോ. ശശി തരൂര്‍ എംപി, എം. വിന്‍സെന്‍റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കേന്ദ്ര ഫിഷറീസ് മന്ത്രാലയം സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി, കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (പശ്ചിമ) സിബി ജോര്‍ജ്, സംസ്ഥാന ഫിഷറീസ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി എന്നിവരും പങ്കെടുക്കും. തെരഞ്ഞെടുത്ത 100 നിക്ഷേപകര്‍, മത്സ്യമേഖലയുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, സര്‍വകലാശാല പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരുടെയും സാന്നിധ്യമുണ്ടാകും.
യൂറോപ്യന്‍ യൂണിയനിലെ അംബാസഡര്‍മാര്‍, നിക്ഷേപകര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നയരൂപ കര്‍ത്താക്കള്‍, വ്യവസായ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ആറ് പാനല്‍ സെഷനുകള്‍ കോണ്‍ക്ലേവില്‍ ഉണ്ടായിരിക്കും.