കേരള എഐ പദ്ധതി: ഗവേണന്‍സ് മേഖലയ്ക്ക് എഐ പരിഹാരങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചു

Trivandrum / September 13, 2025

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നേരിടുന്ന വെല്ലുവിളികള്‍ എഐയുടെ സഹായത്തോടെ പരിഹരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, നവീനാശയങ്ങള്‍ ഉള്ളവര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ്‌യുഎം) കേരള ഐടി മിഷനും സംയുക്തമായി ചേര്‍ന്നാണ് 'കെ-എഐ ഇനിഷ്യേറ്റീവ്: എഐ ഫോര്‍ ഗവേണന്‍സ്' എന്ന ഈ പദ്ധതി നടപ്പാക്കുന്നത്.

 വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ എഐ പരിഹാരങ്ങള്‍ വേഗത്തില്‍ പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള എഐ യുടെ പ്രവര്‍ത്തനം. പൊതു സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടായും വേഗത്തിലും ജനങ്ങളില്‍ കേന്ദ്രീകരിച്ചും നടപ്പാക്കുകയാണ് ലക്ഷ്യം.

 വിവിധ വകുപ്പുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി അവയ്ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച നവീന എഐ പരിഹാരങ്ങള്‍ സാധ്യമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://kai.startupmission.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ടെക്നോളജി ഇന്നൊവേറ്റര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, ജനങ്ങള്‍ എന്നിവര്‍ ഒന്നിച്ച് ചേര്‍ന്ന് പൊതുതാത്പര്യത്തിനായി എഐ പ്രയോജനപ്പെടുത്തുക എന്നതാണ് കെ-എഐ പദ്ധതിയുടെ ലക്ഷ്യം.

ആരോഗ്യ-കുടുംബക്ഷേമം, കൃഷി, നിയമ നിര്‍വ്വഹണം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിനകം തന്നെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ എഐ അധിഷ്ഠിത പരിഹാരങ്ങള്‍ ഉപയോഗിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പകര്‍ച്ചവ്യാധികള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും എഐ അടിസ്ഥാനത്തിലുള്ള രോഗനിര്‍ണയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഡോക്ടര്‍മാരെ സഹായിക്കുന്നതിനുമായി ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഡെങ്കി, നിപ്പ പോലുള്ള മഹാമാരികളെ വേഗത്തില്‍ തിരിച്ചറിഞ്ഞ് കൃത്യമായ രോഗ നിര്‍ണയം നടത്തുന്നതിന് എഐ ഫലപ്രദമാകും.

വിളകളിലെ കീടകളും രോഗാവസ്ഥയും വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി കൃഷി വകുപ്പിന് എഐ സാധ്യതകള്‍ പ്രയോജനപ്പെടും. വലിയ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ എഐ എടിസ്ഥാനത്തിലുള്ള സംവിധാനങ്ങള്‍ വേണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.

ഡാറ്റാ വിശകലനത്തിനും കേസുകളില്‍ അന്വേഷണത്തിന് സഹായിക്കുന്നതിനുമായി ആഭ്യന്തര വകുപ്പ് എഐ യെ ആശ്രയിക്കുന്നുണ്ട്. ബജറ്റ് തയ്യാറാക്കല്‍, തട്ടിപ്പ് കണ്ടെത്തല്‍, ഡാറ്റാ ശേഖരത്തിലെ തെറ്റുകള്‍ തിരിച്ചറിയല്‍ തുടങ്ങിയവ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ധനകാര്യ വകുപ്പിനും എഐ സേവനങ്ങള്‍ പ്രയോജനപ്പെടും.

സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസ വകുപ്പിന് എഐ അധിഷ്ഠിത സേവനങ്ങള്‍ ഉപകാരപ്പെടും.

വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ അപകട സാധ്യതകള്‍ മുന്‍കൂട്ടി പ്രവചിച്ച് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന ദുരന്ത നിരവാരണ അതോറിറ്റിക്ക് എഐ സാധ്യതകള്‍ ഗുണകരമാകും. വ്യവസായ മേഖലയില്‍ അപകട സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് അപകടങ്ങള്‍ തടയുന്നതിന് എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരുന്നു.

Photo Gallery