ബ്ലൂ ഇക്കണോമി കോണ്‍ക്ലേവില്‍ 29 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും: മന്ത്രി സജി ചെറിയാന്‍

17 രാജ്യങ്ങള്‍ പങ്കാളിത്തം സ്ഥിരീകരിച്ചു. ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ പങ്കെടുക്കും
Trivandrum / September 11, 2025

തിരുവനന്തപുരം: സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും നീല സമ്പദ് വ്യവസ്ഥയിലെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള 'ബ്ലൂ ടൈഡ്സ് - കേരള യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവില്‍ 29 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാന്‍. സംസ്ഥാന ഫിഷറീസ് വകുപ്പും കേന്ദ്ര സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് 'രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനം സെപ്റ്റംബര്‍ 18, 19 തീയതികളില്‍ കോവളം ദി ലീല റാവിസിലാണ് നടക്കുന്നത്.

ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 17 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതിനകം പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പറഞ്ഞു. കേരളത്തിന്‍റെ പദ്ധതികളില്‍ വിവിധ രാജ്യങ്ങളുടെ പങ്കാളിത്തം തേടുന്നതിനായി വിദേശ പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. കേരളത്തിന്‍റെ തീരദേശവുമായി ബന്ധപ്പെട്ട മേഖലകള്‍ക്ക് പ്രയോജനപ്രദമായ പദ്ധതികളാകും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീല സമ്പദ് വ്യവസ്ഥാ മേഖലയില്‍ സുസ്ഥിരവും ഫലപ്രദവുമായ മാറ്റങ്ങള്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സഖ്യം രൂപപ്പെടുത്തുന്നതിനായി കേരളത്തില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള നയതന്ത്രജ്ഞര്‍, നയരൂപീകരണ-വ്യവസായ വിദഗ്ധര്‍, നിക്ഷേപകര്‍, അക്കാദമിഷ്യന്‍മാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സാമ്പത്തിക വളര്‍ച്ച, പരിസ്ഥിതി സംരക്ഷണം, സാമൂഹിക തുല്യത എന്നിവ ചേര്‍ന്നുള്ള ഭാവിയിലേക്കുള്ള ചുവടുവയ്പാണ് കേരള-യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ ഇക്കണോമി പങ്കാളിത്തം ലക്ഷ്യമിടുന്നത്.

ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ഹംഗറി, പോളണ്ട്, സ്ലൊവാക്യ, സ്ലൊവേനിയ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ബള്‍ഗേറിയ, ഓസ്ട്രിയ, മാള്‍ട്ട, സ്പെയിന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, റൊമാനിയ, ജര്‍മനി എന്നിവയാണ് പരിപാടിയില്‍ പങ്കാളിത്തം സ്ഥിരീകരിച്ച രാജ്യങ്ങള്‍.

കേരളത്തിന്‍റെ വിശാലമായ സമുദ്രതീര സാധ്യതകളും യൂറോപ്യന്‍ യൂണിയന്‍റെ ശാസ്ത്രീയ-നയ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ സുസ്ഥിര സമുദ്രാധിഷ്ഠിത വികസന മാതൃകയായി വികസിപ്പിക്കുന്നതിനുള്ള രൂപരേഖ ഈ പരിപാടിയില്‍ അവതരിപ്പിക്കും.

മറൈന്‍ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങള്‍, അക്വാകള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം സമ്മേളനം ചര്‍ച്ച ചെയ്യും. നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍ സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാര്‍ട്ടപ്പ് നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങളും ആരായും. യൂറോപ്യന്‍ നിക്ഷേപത്തിനുള്ള ഊര്‍ജ്ജസ്വലമായ കേന്ദ്രമായി കേരളത്തെ പ്രദര്‍ശിപ്പിക്കാനും സമ്മേളനം ഉദ്ദേശിക്കുന്നു.

മത്സ്യബന്ധനം, മത്സ്യകൃഷി വികസനം, തീരദേശ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, വിദ്യാഭ്യാസവും വൈദഗ്ധ്യവും പരിപോഷിപ്പിക്കല്‍, നിക്ഷേപ അവസരങ്ങള്‍ എന്നിവയ്ക്കായി ആഗോള വൈദഗ്ധ്യവും പ്രാദേശിക വികസനവും സംയോജിപ്പിക്കുന്ന പരിപാടി കൂടിയാണിത്.

സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതിനായി കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവരുമായി മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

Photo Gallery