മലയാളി മില്‍മയോടൊപ്പം ഓണം ആഘോഷിച്ചു

Kochi / September 6, 2025

കൊച്ചി : ഓണം വന്നാലും ഉണ്ണി പിറന്നാലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മില്‍മ തന്നെ പ്രിയങ്കരം. കേരളത്തിലെ ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പാലും അതിന്റെ പവിത്രത നഷ്ടപ്പെടാതെ മില്‍മ വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങളും ഉപയോഗിച്ച് മലയാളികള്‍ ഈ വര്‍ഷവും ഓണം സമുചിതമായി ആഘോഷിച്ചു.

എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ഇടുക്കി എന്നി ജില്ലകള്‍ ഉള്‍പ്പെടുന്ന മില്‍മ എറണാകുളം മേഖലാ യൂണിയന്‍ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ ഈ ഓണക്കാലത്ത് സര്‍വ്വകാല റെക്കോര്‍ഡിലാണ്. അത്തം മുതല്‍ തിരുവോണം വരെയുള്ള ഓണക്കാലത്ത് 58 ലക്ഷം ലിറ്റര്‍ പാലും, 3,83,000 കിലോ തൈരും കൂടാതെ 2.35 മെട്രിക് ടണ്‍ നെയ്യും, 70,000 പാക്കറ്റ് പായസം മിക്‌സും ഉള്‍പ്പെടെ 6 കോടി രൂപയുടെ ഉല്‍പ്പന്നം വിപണനം നടത്തി.

ഉത്രാട ദിനത്തില്‍ മാത്രം മേഖലാ യൂണിയന്‍ 11 ലക്ഷം ലിറ്റര്‍ പാലും 90,000 കിലോ തൈരും വില്‍പ്പന നടത്തി ചരിത്ര നേട്ടം കുറിച്ചു. മില്‍മയുടെ സ്വന്തം വിപണന ശൃഖല വഴിയും കൂടാതെ നൂതന വിപണന സംവിധാനമായ ക്വിക്ക് കോമേഴ്സ് ഉപയോഗപ്പെടുത്തിയും മില്‍മ ഷോപ്പികള്‍ വഴിയും വിപണനം നടത്തിയാണ് ഈ മിന്നും നേട്ടം കൈവരിച്ചത്. സാധാരണ ദിനങ്ങളെ അപേക്ഷിച്ച് ഉത്രാട നാളില്‍ പാലിന് മൂന്ന് ഇരട്ടിയോളം വില്‍പ്പനയും ഉണ്ടായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കാലയളവില്‍ 2,15,000 ലിറ്റര്‍ പാലും, 30,000 കിലോ തൈരും, മറ്റ് ഉല്പന്നങ്ങളില്‍ 15% വില്‍പ്പന വര്‍ദ്ധനവും കൈവരിച്ചിട്ടുണ്ട്.

കേരളത്തിന്റെ സ്വന്തം ബ്രാന്റായ മില്‍മയെയും ക്ഷീരകര്‍ഷകരെയും മലയാളികള്‍ നൂറുമേനി പൊലിമയോടെയാണ് ഈ ഓണത്തിന് സ്വീകരിച്ചത്.

ഈ മികച്ച നേട്ടം കൈവരിക്കുന്നതിന് പ്രയത്നിച്ച ജീവനക്കാര്‍,വിതരണക്കാര്‍,മറ്റ് ചെറുകിട ഏജന്റുമാര്‍ എന്നിവരെയും മേഖലാ യൂണിയന്‍ ചെയര്‍മാന്‍ പ്രത്യേകം അഭിനന്ദിച്ചു.

നാല് ജില്ലകളിലെയും ക്ഷീരകര്‍ഷകര്‍ക്കും സംഘം പ്രസിഡന്റുമാര്‍ക്കും ജീവനക്കാര്‍ക്കും ലക്ഷക്കണക്കായ ഉപഭോക്താക്കള്‍ക്കും ചെയര്‍മാന്‍ സി.എന്‍.വത്സലന്‍ പിള്ള നന്ദി രേഖപ്പെടുത്തി.

Photo Gallery