സീതത്തോട് അന്താരാഷ്ട്ര കയാക്കിങ് ഫെസ്റ്റിവെല്‍ ഇന്ന് (സെപ്റ്റംബര്‍ 2)

മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
Pathanamthitta / September 1, 2025

പത്തനംതിട്ട: സംസ്ഥാനത്ത് സാഹസിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ സ്മാരക അന്താരാഷ്ട്ര കയാക്കിങ് ഫെസ്റ്റ് ഇന്ന് (സെപ്റ്റംബര്‍ 2) പത്തനംതിട്ട സീതത്തോടില്‍ നടക്കും. പരിപാടി രാവിലെ 9.30 ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ കയാക്കിങ് ഫ്ളാഗ് ഓഫ് ചെയ്യും. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

സീതത്തോട് ഫയര്‍ സ്റ്റേഷന്‍ പരിസരത്തെ കക്കാട്ടാറിലാണ് മത്സരങ്ങള്‍ നടക്കുക. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ സാഹസിക വിനോദസഞ്ചാരവും കയാക്കിങ്ങും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കേരള കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനാണ് ഫെസ്റ്റിവെലിന്‍റെ സാങ്കേതിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

 പുരുഷ വിഭാഗം, വനിതാ വിഭാഗം, പുരുഷ ഡബിള്‍സ്, വനിതാ ഡബിള്‍സ്, മിക്സഡ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. രാജ്യാന്തര പ്രശസ്തരായ കയാക്കിങ് വിദഗ്ധര്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരങ്ങള്‍ രാവിലെ 10 ന് ആരംഭിക്കും. വിജയികള്‍ക്കുള്ള സമ്മാനവിതരണം വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങില്‍ നടി നവ്യ നായര്‍ നിര്‍വ്വഹിക്കും.

കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ 110 രജിസ്ട്രേഷനുകള്‍ നടന്നു. പുരുഷ വിഭാഗം സിംഗിള്‍സില്‍ 40, വനിതാ വിഭാഗം സിംഗിള്‍സില്‍ 14, പുരുഷ ഡബിള്‍സില്‍ 34, വനിതാ ഡബിള്‍സില്‍ 8, മിക്സഡ് ഡബിള്‍സില്‍ 14 എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍. 4 സംസ്ഥാനങ്ങളില്‍ നിന്നായി 12 ഇന്ത്യന്‍ താരങ്ങളും രണ്ട് വിദേശ താരങ്ങളും മത്സരിക്കും. യുക്രെയ്ന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിദേശ താരങ്ങള്‍.

സിംഗിള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും, മൂന്നാം സ്ഥാനത്തിന് 5,000 രൂപയും സമ്മാനമായി ലഭിക്കും. ഡബിള്‍സ് വിഭാഗത്തില്‍ 50,000, 25,000, 10,000 എന്നിങ്ങനെയാണ് സമ്മാനത്തുക. ആകെ 3,45,000 രൂപയാണ് സമ്മാനത്തുക. എല്ലാ മത്സരാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.

 സീതത്തോടിന്‍റെ വിനോദസഞ്ചാര വികസനത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കയാക്കിങ് ഫെസ്റ്റിന് സാധിക്കും. സീതത്തോട് എത്തിനോ ഹബ്ബിന്‍റെ ഭാഗമാകുന്ന കുട്ടികളുടെ പാര്‍ക്ക്, ബോട്ടിങ്, കയാക്കിങ് തുടങ്ങിയ ടൂറിസം പദ്ധതികളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കാനും ഫെസ്റ്റ് സഹായിക്കും.

Photo Gallery