സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ 2024-25 ല്‍ 14,575 കോടി രൂപ വരുമാനവുമായി ടെക്നോപാര്‍ക്ക്

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തോളം വളര്‍ച്ച
Trivandrum / August 27, 2025

തിരുവനന്തപുരം: ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതി വരുമാനത്തില്‍ 2024-25 സാമ്പത്തിക വര്‍ഷം 14,575 കോടി വളര്‍ച്ചയുമായി ടെക്നോപാര്‍ക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികമാണ് വളര്‍ച്ച.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍  ടെക്നോപാര്‍ക്കിന്‍റെ മൊത്തം വരുമാനം 13,255 കോടി രൂപയായിരുന്നു. വിശാലമായ 768.63 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രമുഖമായ ഐടി ഹബ്ബില്‍ അഞ്ഞൂറോളം കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 80,000 പേര്‍ക്ക് നേരിട്ടും രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് നേരിട്ടല്ലാതെയും ജോലി നല്‍കി വരുന്നു.

കേരളത്തിലെ ശക്തമായ ഐടി മേഖലയുടെ കരുത്തിന്‍റെയും ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രൊഫഷണലിസത്തിന്‍റെയും തെളിവാണ് ഈ നേട്ടമെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. ടെക്നോപാര്‍ക്കിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജീവനക്കാരുമാണ് ഈ മികവാര്‍ന്ന പ്രകടനത്തിന് പിന്നിലെന്നും രാജ്യത്തെ മുന്‍നിര ഐടി കേന്ദ്രമെന്ന ഖ്യാതി ഉറപ്പിക്കുന്നതാണ് ഈ വളര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

തലസ്ഥാന ജില്ലയില്‍ കഴക്കൂട്ടത്തിനും കോവളത്തിനും ഇടയിലായി ദേശീയപാത ബൈപാസിന് അരികിലായാണ് കേരളത്തിലെ ആദ്യ ഐടി ഇടനാഴിയായ ടെക്നോപാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പസിലെ മൂന്ന്, നാല് ഫേസുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായി ടെക്നോപാര്‍ക്ക് മാറും.

ബിസിനസ് വളര്‍ച്ച, നവീകരണം, തൊഴിലിടത്തെ മികവ് എന്നീ രംഗങ്ങളില്‍ ഈ വര്‍ഷം തന്നെ ടെക്നോപാര്‍ക്കിലെ നിരവധി കമ്പനികള്‍ അനേകം ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ സുപ്രധാന കേന്ദ്രമായി ടെക്നോപാര്‍ക്ക് നിലകൊള്ളുന്നു.

Photo Gallery