കെഎസ്ഐഇയും ബനാറസ് സര്‍വകലാശാലയിലെ അടല്‍ ഇന്‍കുബേഷന്‍ സെന്‍ററും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു

എട്ട് സ്റ്റാര്‍ട്ടപ്പുകളുമായി വിപണന സഹകരണത്തിന് കൈകോര്‍ക്കുന്നു
Trivandrum / August 27, 2025

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ് ഐഇ) ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ (ബിഎച് യു) അടല്‍ ഇന്‍കുബേഷന്‍ സെന്‍ററുമായി (എഐസി) ധാരണാപത്രം ഒപ്പുവച്ചു. എഐസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മികച്ച എട്ട് സ്റ്റാര്‍ട്ടപ്പുകളുടെ ദക്ഷിണേന്ത്യയിലെ വിപണന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ സഹകരണം.

സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്‍റെ ചേംബറില്‍ വച്ച് കെഎസ്ഐഇ മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ശ്രീകുമാര്‍, ബിഎച് യു ഡയറക്ടറും പ്രൊഫസറും എഐസി ഇന്‍-ചാര്‍ജ്ജുമായ ഡോ. പി വി രാജീവ് എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു.

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ്, ബിപിടി ചെയര്‍മാന്‍ അജിത് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പാവക് ഡ്രോണ്‍സ്, ഇക്കോഫ്രാഗ് സൊല്യൂഷന്‍ എല്‍എല്‍പി, ഫ്ലൈറ്റ് വിംഗ് എന്‍റര്‍പ്രൈസസ്, മൈതോക്വാണ്ടം എക്സ്പ്ലോറേഴ്സ്, ഗോ-ഗ്രാം, കോണ്‍ക്രീഡ് സൊല്യൂഷന്‍സ്, ബയോ ഭൂമി, എനര്‍ട്ടിക്സ് ഇവി എന്നിവയാണ് കെഎസ്ഐഇയുമായി സഹകരിക്കുന്ന എട്ട് സ്റ്റാര്‍ട്ടപ്പുകള്‍.

  രാജ്യത്തെ ഡീപ്-ടെക് ഇന്നൊവേഷന്‍, സംരംഭകത്വം എന്നിവയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് അടല്‍ ഇന്‍കുബേഷന്‍ സെന്‍ററുകള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 90-ലധികം സ്റ്റാര്‍ട്ടപ്പുകളുടെയും, കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 55 സ്റ്റാര്‍ട്ടപ്പുകളുടെയും വളര്‍ച്ചയ്ക്ക് ഇത് ആക്കം കൂട്ടി.

പാവക് ഡ്രോണ്‍സ് ഓട്ടോണമസ് ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണത്തില്‍ വിപ്ലവം സൃഷ്ടിച്ചു വരികയാണ്. പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് വരെ പാത്രമായതാണ് ഈ സ്റ്റാര്‍ട്ടപ്പ്. ആകാശ നിരീക്ഷണത്തിലൂടെ ഭൗമോപരിതലത്തിലും സമുദ്രത്തിലുമുള്ള മാലിന്യങ്ങള്‍ കണ്ടെത്തുന്നതാണ് പ്രധാന പ്രവര്‍ത്തനം.

സിവില്‍, കൃഷി, അടിസ്ഥാന സൗകര്യങ്ങള്‍, ഖനനം തുടങ്ങിയ വിവിധ മേഖലകളിലെ കൃത്യമായ മാപ്പിംഗ്, സര്‍വ്വേയിംഗ്, നിരീക്ഷണം എന്നിവയ്ക്കായി നൂതന സിവില്‍ ഡ്രോണ്‍ പരിഹാരമാര്‍ഗ്ഗങ്ങളാണ് ഫ്ളൈറ്റ് വിംഗ് എന്‍റര്‍പ്രൈസസ് വികസിപ്പിക്കുന്നത്. വെള്ളപ്പൊക്കം, വരള്‍ച്ച നിരീക്ഷണം, കാര്‍ഷിക ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ ഡ്രോണ്‍ അധിഷ്ഠിത പരിഹാരങ്ങളാണ് നല്‍കുന്നത്. അതിവേഗത്തിലുള്ള ഡാറ്റാവിശകലനവും കൃത്യതയാര്‍ന്ന ക്യാമറയുടെ അതിവേഗത്തിലുള്ള ഡാറ്റാ സമന്വയവുമാണ് സ്ഥാപിച്ച ഈ കമ്പനിയെ വ്യത്യസ്തമാക്കുന്നത്.

ഇക്കോഫ്രാഗ് സൊല്യൂഷന്‍ എല്‍എല്‍പി പ്രീമിയം സുഗന്ധതൈല ബ്രാന്‍ഡ് നിര്‍മ്മിക്കുന്നവരാണ്. ഇക്കോഫ്രാഗിന്‍റെ സാര്‍ക്കോസെന്‍റ് എന്ന ഉത്പന്നം ഇതിനകം വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു.

മൈതോക്വാണ്ടം എക്സ്പ്ലോറേഴ്സ് വിവിധ മേഖലകളിലെ കസ്റ്റമൈസ്ഡ് എഐ അനലിറ്റിക്സ്, ഓട്ടോമേഷന്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന ഗവേഷണാധിഷ്ഠിത ഡാറ്റാ സൊല്യൂഷന്‍സ് സ്ഥാപനമാണ്. കാര്‍ഗോ മൈന്‍ഡ്, പ്രഗ്യാന്‍ എഐ, വ്യശസ്ത്ര എന്നിങ്ങനെ
മൂന്ന് എഐ ഉത്പന്നങ്ങളാണ് ഇവര്‍ക്കുള്ളത്. ചെറുകിട വനിതാ കര്‍ഷകര്‍ക്ക് പരിശീലനവും പിന്തുണയും നല്‍കി സുസ്ഥിര ഗ്രാമീണ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ സ്ഥാപനമാണ് ഗോ-ഗ്രാം. സുസ്ഥിര ഊര്‍ജ്ജ ശീലങ്ങള്‍ക്കൊപ്പം രാജ്യത്തെ ആദ്യ നെറ്റ് സീറോ ഡെയറി ഫാം തുടങ്ങാനൊരുങ്ങുകയാണിവര്‍.

ഓട്ടോമൊബൈല്‍, പ്രതിരോധ മേഖലകള്‍ക്കായി വാട്ടര്‍പ്രൂഫിംഗ്, പെയിന്‍റുകള്‍, റബ്ബര്‍ ഒ-റിംഗുകള്‍ എന്നിവ വികസിപ്പിച്ചെടുത്ത കമ്പനിയാണ് കോണ്‍ക്രീഡ് സൊല്യൂഷന്‍സ്. ചൂട് കുറയ്ക്കുന്ന ഹരിതസൗഹൃദമായ ടെക്നോളജിയാണ് ഈ കമ്പനിയുടെ പ്രത്യേകത. അടുത്തിടെ ജര്‍മ്മനിയിലെ മിഗ് കമ്പനിയുമായി ഇവര്‍ സഹകരണത്തിലെത്തിയിട്ടുണ്ട്.

മെഡിക്കല്‍, ആശുപത്രി, വ്യാവസായിക ഉപഭോഗ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ബയോഭൂമി പ്രൈവറ്റ് ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍.

ചെറുവാഹനങ്ങള്‍ മുതല്‍ ട്രക്കുകള്‍ വരെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് എനര്‍ട്ടിക്സ് ഇവി സ്ഥാപിക്കുന്നത്.

ഡീപ് ടെക്, ഐഒടി, മെഡിക്കല്‍, ഡാറ്റ അനലിറ്റിക്സ്, മാനുഫാക്ചറിംഗ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിലും സുസ്ഥിര വികസനത്തിന് സഹായിക്കുന്നതിലും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അടല്‍ ഇന്‍കുബേഷന്‍ സെന്‍റര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. നിലവില്‍ 160-ലധികം സ്റ്റാര്‍ട്ടപ്പുകളാണ് ഇവിടെയുള്ളത്. പുരോഗമനപരമായ വളര്‍ച്ചയ്ക്കും സെന്‍റര്‍ വിഭവ വിനിയോഗത്തിനുമായി ഇന്ത്യയിലും യുഎഇയിലും 30-ലധികം ധാരണാപത്രങ്ങളും ഒപ്പുവച്ചിട്ടുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ സര്‍വകലാശാലകളിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്‍കുബേഷന്‍ സെന്‍ററുകളില്‍ ഒന്നാണിത്.

1973 മുതല്‍ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കമ്പനിയാണ് കെഎസ് ഐസി. പൊതുമേഖലയിലെ പ്രവര്‍ത്തനരഹിതമായ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രവര്‍ത്തനമാരംഭിച്ച് 20 വര്‍ഷത്തിനുള്ളില്‍ തന്നെ 1993-ല്‍ കെ.എസ്.ഐ.ഇ തങ്ങളുടെ ഉപസ്ഥാപനങ്ങളെ സ്വതന്ത്ര സ്ഥാപനങ്ങളാക്കി മാറ്റിയിരുന്നു.

നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍, കോഴിക്കോട്ടെ കേരള സോപ്പ്സ്, കളമശ്ശേരിയിലെ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ എന്നിവയാണ് കെ.എസ്.ഐ.ഇയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. ഇതിനു പുറമെ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ ബിസിനസ് സെന്‍ററുകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുകയും തലസ്ഥാനത്തുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്

Photo Gallery

+
Content
+
Content