കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് മുന്നോടിയായി കലാ ശില്‍പ്പശാല സംഘടിപ്പിച്ച് കെബിഎഫ്

Trivandrum / August 25, 2025

തിരുവനന്തപുരം: ഡിസംബര്‍ 12 ന് ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് മുന്നോടിയായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) 'കല നില' ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കെബിഎഫിന്‍റെ കീഴിലുള്ള ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) ആണ് കലാ അധ്യാപകര്‍, പ്രാക്ടീഷണര്‍മാര്‍, ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ക്കായി ശില്‍പ്പശാല നടത്തിയത്.

കേശവദാസപുരത്തെ കലാ ഇടമായ 'നെയ്ബറി'ല്‍ നടന്ന പരിപാടിക്ക് എബിസി പ്രോഗ്രാം ലീഡ് ബ്ലെയ്സ് ജോസഫ്, പ്രോഗ്രാം അസോസിയേറ്റ് നീതു കെ.എസ് എന്നിവര്‍ നേതൃത്വം നല്‍കി. ഇരുപതോളം പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. ശില്‍പ്പശാലയില്‍ വിവിധ കലാ രീതികള്‍ പരിചയപ്പെടുകയും പ്രാദേശിക സന്ദര്‍ഭങ്ങളില്‍ അവ എങ്ങനെ ഉള്‍പ്പെടുത്താമെന്നും അതിന്‍റെ സാമൂഹിക പ്രസക്തി എന്തെന്ന് അന്വേഷിക്കുകയും ചെയ്തു. ശരീര ചലന പ്രവര്‍ത്തനങ്ങള്‍ (ബോഡി മൂവ്മെന്‍റ്സ്), സംഭാഷണങ്ങള്‍ എന്നിവയിലാണ് ശില്‍പ്പശാല ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രതിനിധികള്‍ അവരുടെ കലാസംഭാവനകള്‍ പങ്കുവെക്കുകയും ചെയ്തു.

 കലാ അധ്യാപകര്‍, ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികള്‍, കലാഭിരുചി പുലര്‍ത്തുന്നവര്‍, കുട്ടികള്‍ക്ക് കലാപരിശീലനം നല്‍കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ എന്നിവര്‍ക്ക് വേണ്ടിയായിരുന്നു ശില്‍പ്പശാലയെന്ന് ബ്ലെയ്സ് ജോസഫ് പറഞ്ഞു. കലയിലൂടെയുള്ള പഠനം എന്നതാണ് എബിസി പരിപാടിയുടെ പ്രമേയം. ആറ് ജില്ലകളില്‍ സമാന മാതൃകയിലുള്ള ശില്‍പ്പശാല നടത്തും. കൂടാതെ കലാകാരന്‍മാര്‍ക്കും പരിശീലകര്‍ക്കും വേണ്ടി കൂട്ടായ്മ സൃഷ്ടിക്കാനും ശ്രമിക്കും. മത്സരാധിഷ്ഠിതമല്ലാത്ത കലാ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ഈ കാഴ്ചപ്പാടിന് കൂടുതല്‍ പ്രോത്സാഹനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ലോകമെമ്പാടും നടക്കുന്ന സാമൂഹിക-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍, ഫാസിസ്റ്റ് പ്രവണതകള്‍ എന്നിവയ്ക്കെതിരെ കലയിലൂടെയുള്ള ചെറുത്തുനില്‍പ്പിന്‍റെ സ്വരങ്ങള്‍ ഉയരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 മുതല്‍ എബിസി സംരംഭത്തിന്‍റെ ചുമതല വഹിക്കുന്നത് ബ്ലെയ്സ് ജോസഫാണ്. എബിസിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്കൂളുകളില്‍ കുട്ടികള്‍ക്കും കലാപ്രേമികള്‍ക്കും വിവിധ കലാ രീതികളില്‍ ഇടപഴകുന്നതിനുള്ള പദ്ധതിയായ ആര്‍ട്ട് റൂമിന് അദ്ദേഹം നേതൃത്വം നല്‍കുന്നു.

ഈ വര്‍ഷത്തെ കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് (കെഎംബി) മുന്നോടിയായി കെബിഎഫ് സംസ്ഥാനത്തുടനീളം ശില്‍പ്പശാലകള്‍, ഔട്ട്റീച്ച് പരിപാടികള്‍ എന്നിവ നടത്തിവരുന്നു.

'ഫോര്‍ ദി ടൈം ബീയിംഗ്' എന്ന് പേരിട്ടിരിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാമത് പതിപ്പ് ഡിസംബര്‍ 12 ന് ആരംഭിക്കും. ഗോവ ആസ്ഥാനമായുള്ള കലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള സംഘടനയായ എച്ച്.എച്ച് ആര്‍ട്ട് സ്പെയ്സസുമായി ചേര്‍ന്ന് ആര്‍ട്ടിസ്റ്റ് നിഖില്‍ ചോപ്രയാണ് ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്. 110 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെ 2026 മാര്‍ച്ച് 31 ന് വരെയാണ്.

Photo Gallery

+
Content