അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (ശനി) കളമശ്ശേരിയില്‍ തുടക്കം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
Kochi / August 22, 2025

കൊച്ചി:  സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് (ഐകെജിഎസ്) വഴി ലഭിച്ച പ്രധാന പദ്ധതികളിലൊന്നായ അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് (ആഗസ്റ്റ് 23, ശനി) കളമശ്ശേരിയില്‍ ആരംഭിക്കും.

600 കോടി മുതല്‍മുടക്കില്‍ അദാനി ലോജിസ്റ്റിക്‌സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയായിരിക്കും.

അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് ലിമിറ്റഡ് സിഇഒ അശ്വനി ഗുപ്ത, അദാനി അഗ്രി ലോജിസ്റ്റിക്‌സ് ബിസിനസ് ഹെഡ് പങ്കജ് ഭരദ്വാജ്, അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കളമശ്ശേരി എച്ച്എംടിക്കും മെഡിക്കല്‍ കോളേജ് ആശുപത്രിക്കും ഇടയിലുള്ള 70 ഏക്കര്‍ സ്ഥലത്താണ് പദ്ധതിയുടെ പ്രവര്‍ത്തനം.

ഈ പദ്ധതി നടപ്പാകുന്നതോടെ രാജ്യത്തെ പ്രധാന ലോജിസ്റ്റിക്‌സ് കേന്ദ്രമായി കൊച്ചി മാറുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. നഗരത്തിന്റെ സുഗമമായ കണക്ടിവിറ്റിയും കൊച്ചി-വിഴിഞ്ഞം തുറമുഖങ്ങളുടെ സാന്നിധ്യവും ലോജിസ്റ്റിക്‌സ് നിക്ഷേപങ്ങള്‍ക്ക് അനുകൂലമാണ്. നേരിട്ടും അല്ലാതെയുമുള്ള 4,500 ലധികം തൊഴിലവസരങ്ങള്‍ ഇതിലൂടെ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിരവധി ലോജിസ്റ്റിക്‌സ് കമ്പനികള്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് ഇതിനോടകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

Photo Gallery