'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടില്‍ വിപണിയിലെത്തി
'മില്‍മ കൗ മില്‍ക്ക്' ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു
Trivandrum / August 19, 2025
തിരുവനന്തപുരം: മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) വിപണിയിലിറക്കി. 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടിലിന്‍റെ ഉദ്ഘാടനവും പ്രകാശനവും മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അദ്ധ്യക്ഷനായി. പാലിന്‍റെ തനത് ഗുണമേന്‍മയും സ്വാഭാവിക തനിമയും നിലനിര്‍ത്തുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ 'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വില.
മില്‍മ കൗ മില്‍ക്ക് 1 ലിറ്റര്‍ ബോട്ടില്‍ പദ്ധതി നടപ്പിലാക്കുന്നതോടു കൂടി പ്ലാസ്റ്റിക്ക് കവറുകളുടെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് വില്പന. തുടര്‍ന്ന് കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേക്കും വിതരണം വ്യാപിപ്പിക്കും.
വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചരിത്രത്തിലാദ്യമായി 39 കോടി രൂപയുടെ ലാഭം കൈവരിക്കാന്‍ ടിആര്‍സിഎംപിയു വിന് കഴിഞ്ഞു. ഇതിന്‍റെ 83 ശതമാനവും ഇന്‍സെന്‍റീവ്, സബ്സിഡി, കാലിതീറ്റ സബ്സിഡി, പലിശ ഇളവ് തുടങ്ങിയവയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് നല്കി.
കന്നുകാലികള്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഗഡുവായ 50 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകരുടെ ചികിത്സാ ചെലവുകള്‍ക്കായി 2 ലക്ഷം രൂപ വരെയും അപകടങ്ങളില്‍ 7 ലക്ഷം രൂപ വരെയും നല്കുന്നുണ്ട്. കര്‍ഷകരുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ക്ഷേമബോര്‍ഡ് സ്കോളര്‍ഷിപ്പുകള്‍, വിവാഹധനസഹായം എന്നിവയും നല്‍കുന്നുണ്ട്.
രാജ്യത്തെ പാല്‍ ഉത്പാദന ക്ഷമതയില്‍ കേരളത്തിലെ പശുക്കള്‍ക്ക് രണ്ടാം സ്ഥാനമുണ്ട്. തൊണ്ണൂറ്റി അഞ്ച് ശതമാനം കര്‍ഷകരും ഉത്പാദന ക്ഷമത കൂടിയ സങ്കരയിനം പശുക്കളെയാണ് വളര്‍ത്തുന്നത്. ഉത്പാദനം കുറവാണെങ്കിലും വിപണിമൂല്യമുള്ള പാല്‍ ഉത്പാദിപ്പിക്കുന്ന തനത് ഇനങ്ങളേയും വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ പോലെയുള്ള ഇനങ്ങളെയും കേരളത്തില്‍ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മില്‍മയുടെ മാര്‍ക്കറ്റിംഗ് രംഗത്തെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും വിശ്വാസ്യതയാണ് മില്‍മയുടെ മുഖമുദ്രയെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാനത്തേക്കുള്ള വിദേശ പാല്‍ ഇറക്കുമതി അനുവദിക്കാന്‍ കഴിയില്ല. ഇത് സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ നേരിട്ട് ബാധിക്കുകയും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്‍തോതിലുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും ഇത് ആക്കം കൂട്ടും. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ കഴിയുന്നതും തദ്ദേശീയവുമായ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കേണ്ടതുണ്ട്. നൂതന ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന മില്‍മ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കാലത്ത് മൂര്‍ക്കനാട്ടില്‍ ആരംഭിച്ച പാല്‍പ്പൊടി ഫാക്ടറിക്ക് ഏകദേശം 2 ലക്ഷം ലിറ്റര്‍ പാല്‍ പാല്‍പ്പൊടിയാക്കി മാറ്റാനുള്ള ശേഷിയുണ്ട്. കൊവിഡ് പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ പാല്‍ പാഴാകുന്നത് ഒഴിവാക്കുന്നതിനൊപ്പം കര്‍ഷകരുടെ ക്ഷേമം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിആര്‍സിഎംപിയു ചെയര്‍മാന്‍ മണി വിശ്വനാഥ് സ്വാഗതം ആശംസിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ടിആര്‍സിഎംപിയു ഭരണസമിതി അംഗങ്ങളായ കെ ആര്‍. മോഹനന്‍ പിള്ള, ടി കെ വേണുഗോപാല്‍, ആയാപറമ്പ് രാമചന്ദ്രന്‍, റ്റി കെ പ്രതുലചന്ദ്രന്‍, സിനില ഉണ്ണിക്കൃഷ്ണന്‍, ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അന്‍സാരി സി എ എന്നിവരും സംസാരിച്ചു.
ചടങ്ങില്‍ 2024-2025 വര്‍ഷത്തില്‍ മികച്ച വില്‍പന കൈവരിച്ച മില്‍മ ഏജന്‍റുമാര്‍, മൊത്ത വിതരണ ഏജന്‍റുമാര്‍, റി-ഡിസ്ട്രിബ്യൂട്ടര്‍, ആപ്കോസ്, പാര്‍ലര്‍ എന്നിവരെ പാരിതോഷികം നല്‍കി ആദരിച്ചു.
തിരഞ്ഞെടുത്ത ക്ഷീര സംഘങ്ങളില്‍ നിന്നും മില്‍മ നേരിട്ട് സംഭരിക്കുന്ന ശുദ്ധമായ പശുവിന്‍ പാലില്‍ നിന്നും ഉണ്ടാക്കുന്ന മില്‍മ കൗ മില്‍ക്കില്‍ 3.2 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന ഗുണമേന്‍മയുള്ള ഫുഡ്ഗ്രേഡ് പ്ലാസ്റ്റിക്ക് ബോട്ടിലാണ് പാക്കിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. ശീതികരിച്ച് സൂക്ഷിച്ചാല്‍ മൂന്നു ദിവസം വരെ മില്‍മ കൗ മില്‍ക്ക് കേടു കൂടാതിരിക്കും. നവീന പാക്കിംഗ് സംവിധാനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആവശ്യാനുസരണം സൂക്ഷിക്കാം, ഉപയോഗിക്കാം, എളുപ്പത്തില്‍ കൈകാര്യം ചെയ്യാം എന്നിവയും ഇതിന്‍റെ പ്രത്യേകതയാണ്.
Photo Gallery
