വെഡ്ഡിങ് ആന്‍ഡ് മൈസ് ഉച്ചകോടിയില്‍ ശ്രദ്ധേയമായി മൈസ് ടെക്ക് സ്റ്റാര്‍ട്ടപ്പ് സ്പൃധ്

Kochi / August 18, 2025

കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി നടത്തിയ വെഡ്ഡിങ് ആന്‍ഡ് മൈസ് ഉച്ചകോടിയില്‍ മൈസ് ടെക് സ്റ്റാര്‍ട്ടപ്പായ സ്പൃധ് ശ്രദ്ധേയമായി.

ബയര്‍മാരും സെല്ലര്‍മാരുമുള്‍പ്പെടെ ആയിരത്തിലധികം പ്രതിനിധികള്‍, ഇവരുടെ താമസം, ബിസിനസ് കൂടിക്കാഴ്ചകള്‍, യാത്രാപരിപാടികള്‍, തുടങ്ങി തിരികെ വിമാനത്തില്‍ കയറുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും പൂര്‍ണമായി ഓട്ടോമേറ്റ് ചെയ്തത് സ്പൃധ് എന്ന കൊച്ചു സ്റ്റാര്‍ട്ടപ്പാണ്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് സ്പൃധ്. നൂതന ഉത്പന്നത്തിനായുളള സംസ്ഥാന സര്‍ക്കാരിന്‍റെ സ്കെയില്‍ അപ് ഗ്രാന്‍റായ പത്തു ലക്ഷം രൂപയും ഇവര്‍ക്ക് ലഭിച്ചിരുന്നു.

എറെ സങ്കീര്‍ണവും ശ്രമകരവുമായ ജോലിയാണ് നിരവധി പേര്‍ ഒന്നിച്ചെത്തുന്ന യോഗങ്ങള്‍ സംഘടിപ്പിക്കുകയെന്നത്. ഇത് നൂറുശതമാനവും പേപ്പര്‍ രഹിതമായി നടത്തുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് സ്പൃധ് സിഇഒ സാലിം ബിന്‍ അലി പറഞ്ഞു. വിദേശത്തോ സ്വദേശത്തോ ഉള്ള ഒരു ബയര്‍ രജിസ്റ്റര്‍ ചെയ്യുന്നതു മുതല്‍ തിരികെ പോകുന്നതു വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും എഐ അധിഷ്ഠിതമായ മൊബൈല്‍ ആപ്പിന്‍റ സഹായത്തോടെ ഇവര്‍ ഓട്ടോമേറ്റ് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന പന്ത്രണ്ടാമത് കെടിഎമ്മിലാണ് ഇവര്‍ പൂര്‍ണമായും ഓട്ടോമേഷന്‍ നടത്തിയത്. അതിലുണ്ടായിരുന്ന ചില പോരായ്മകള്‍ പരിഹരിച്ച് കുറ്റമറ്റതാക്കിയാണ് വെഡ്ഡിങ് ആന്‍ഡ് മൈസ് ഉച്ചകോടി സംഘടിപ്പിച്ചതെന്ന് സാലിം പറഞ്ഞു.

ഓരോ ബയറും സെല്ലറുമായി നടത്തുന്ന കൂടിക്കാഴ്ചകള്‍ നിജപ്പെടുത്തി. മുന്‍ കാലത്തില്‍ നിന്ന് വ്യത്യസ്തമായി അനുവദിച്ച കൂടിക്കാഴ്ചകള്‍ക്കപ്പുറം നടത്താന്‍ ഇക്കുറി സാധിച്ചില്ല. മാര്‍ട്ടിലെ പങ്കാളിത്തം സജീവമാക്കി നിര്‍ത്താന്‍ ഇത് സഹായിച്ചുവെന്നും സാലിം ചൂണ്ടിക്കാട്ടി.

എത്ര കൂടിക്കാഴ്ചകള്‍ നടന്നു, ഇനിയെത്ര നടക്കാനുണ്ട്, അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രവിവരം തത്സമയം സംഘാടകരുടെ പക്കലും ലഭിക്കുന്നുവെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി. ഉച്ചകോടിയ്ക്ക് ശേഷം ഡാറ്റ വിശകലനം ചെയ്യാന്‍ ഇത് വളരെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ആപ്പ് വികസനത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മൈസ് ടെക് മേഖലയില്‍ ചുവടുറപ്പിച്ചത് മൂന്ന് വര്‍ഷം മുമ്പാണെന്ന് സാലിം പറഞ്ഞു. സാലിമിനെ കൂടാതെ അരുണ്‍ ലക്ഷ്മണന്‍, സാബിര്‍ എന്‍ എസ്, ഷിയാഫ് സി എന്നിവരും ചേര്‍ന്നാണ് സ്പൃധ് സ്ഥാപിച്ചത്.

മൈസ് ടെക് മേഖലയില്‍ രാജ്യവ്യാപകമായി തന്നെ സ്പൃധ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും മൈസ് ഇവന്‍റുകള്‍ ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

 

Photo Gallery

+
Content