തിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

ടെക്നോസിറ്റി വിപുലീകരണത്തിനായുള്ള സമഗ്ര മാസ്റ്റര്‍പ്ലാന്‍ പുറത്തിറക്കി
Trivandrum / August 14, 2025

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന്‍റെ ഫേസ്-4 (ടെക്നോസിറ്റി) വിപുലീകരണത്തിനായുള്ള സമഗ്ര മാസ്റ്റര്‍പ്ലാന്‍ പുറത്തിറക്കി. കേരളത്തിന്‍റെ സാങ്കേതിക ആവാസവ്യവസ്ഥയുടെ പരിവര്‍ത്തനം സാധ്യമാക്കാനും ഐടിയുടെയും ഇന്നൊവേഷന്‍റെയും ആഗോള കേന്ദ്രമെന്ന തിരുവനന്തപുരത്തിന്‍റെ സ്ഥാനം ഊട്ടിയുറപ്പിക്കാനും സഹായിക്കുന്ന സംരംഭമാണിത്.

389 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഫേസ്-4 ല്‍ ലോകോത്തര ഐടി സൗകര്യങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, സാമൂഹിക സൗകര്യങ്ങള്‍, ആഗോള സംരംഭങ്ങള്‍, വന്‍കിട നിക്ഷേപങ്ങള്‍, കഴിവും നൈപുണ്യവുമുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സംവിധാനങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്ന കേന്ദ്രമായിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്. നഗരത്തിനുള്ളില്‍ ഒരു ഉപനഗരമെന്ന നിലയിലാണ് ഫേസ്-4 ലെ സൗകര്യങ്ങള്‍ വിഭാവനം ചെയ്യുന്നത്.

 തിരുവനന്തപുരത്തെ അടുത്ത സുപ്രധാന ഐടി ഡെസ്റ്റിനേഷനാണെന്ന് ഫേസ് 4 എന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ആഗോള സാങ്കേതിക കേന്ദ്രമായി മാറുന്നതിനുള്ള കേരളത്തിന്‍റെ യാത്രയില്‍ സുപ്രധാന ചുവടുവയ്പായി ഇത് അടയാളപ്പെടുത്തും. ശക്തമായ ഡിജിറ്റല്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് സാമ്പത്തിക അവസരം, സുസ്ഥിര നഗര രൂപകല്‍പ്പന, മികച്ച ജീവിത നിലവാരം എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് ഈ മാസ്റ്റര്‍പ്ലാനെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി ആസ്ഥാനമായുള്ള സി.പി കുക്രേജ ആര്‍ക്കിടെക്റ്റ്സ് ആണ് ടെക്നോസിറ്റി ഫേസ് -4 നുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. 'വാക്ക് ടു വര്‍ക്ക്' എന്ന ആധുനിക ആശയം മുന്നോട്ടുവയ്ക്കുന്ന മാസ്റ്റര്‍പ്ലാന്‍ ഊര്‍ജ്ജസ്വലവും സ്വയംപര്യാപ്തവുമായ ഒരു നഗര ആവാസവ്യവസ്ഥ സാധ്യമാക്കാനും ലക്ഷ്യം വയ്ക്കുന്നു. 'ഫ്യൂച്ചര്‍ ലിവ്സ് ഹിയര്‍' എന്ന ടെക്നോസിറ്റിയുടെ ടാഗ് ലൈനിലെ ആശയം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതാണ് പുതിയ വികസന ഘട്ടം.

നിലവിലുള്ള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള, സണ്‍ടെക് ബില്‍ഡിംഗ്, കബനി ഐടി ബില്‍ഡിംഗ്, വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടിസിഎസ് ഐടി/ഐടി അധിഷ്ഠിത ഹബ്ബ്, രണ്ട് ഐടി ടവറുകള്‍, വാണിജ്യ സമുച്ചയം, റെസിഡന്‍ഷ്യല്‍ കോംപ്ലക്സ് എന്നിവ ഉള്‍പ്പെടുന്ന മിനി ടൗണ്‍ഷിപ്പ് (ക്വാഡ്) എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പദ്ധതികളും മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുന്നു.

 ഗവേഷണ-വികസന കേന്ദ്രങ്ങള്‍ക്കായുള്ള ഗവേഷണ-ഇന്നൊവേഷന്‍ ഹബ്ബുകള്‍ക്കൊപ്പം ഐടി/ ഐടി അധിഷ്ഠിത, ഇലക്ട്രോണിക്സ് തുടങ്ങി വളര്‍ന്നുവരുന്ന സാങ്കേതിക മേഖലകള്‍ക്കായി പ്രത്യേക സോണുകള്‍ ഫേസ്-4 ല്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ-നൈപുണ്യ വികസന മേഖല, ബഹിരാകാശ-ഉപഗ്രഹ നവീകരണത്തെ പിന്തുണയ്ക്കുന്നതിനുള്ള കേരള സ്പേസ് പാര്‍ക്ക്, ചെറുകിട ഇടത്തരം സംരംഭങ്ങളെ വളര്‍ത്തുന്നതിനുള്ള എംഎസ്എംഇ ടെക്നോളജി സെന്‍റര്‍, കെഎസ്‌യുഎമ്മിന് കീഴിലുള്ള എമര്‍ജിംഗ് ടെക്നോളജി ഹബ്ബ്, നിര്‍ദ്ദിഷ്ട സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, യൂണിറ്റി മാള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഡിജിറ്റല്‍ 110 കെവി ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനും മികച്ച ജലവിതരണ സംവിധാനവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ ടെക്നോസിറ്റിയിലുണ്ട്.

ആഗോള സുസ്ഥിര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി ഊര്‍ജ്ജ കാര്യക്ഷമത, സുസ്ഥിര വാസ്തുവിദ്യ, ജോലി, ജീവിതം, പ്രകൃതി എന്നിവയുടെ സംയോജനത്തിന് ഊന്നല്‍ നല്‍കുന്നു. ഹരിത ഇടങ്ങള്‍, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ലാന്‍ഡ് സ്കേപ്പിംഗ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മികച്ച അന്തരീക്ഷം ഉറപ്പാക്കുന്നതിനൊപ്പം വിനോദം, ആരോഗ്യ സംരക്ഷണം, വാണിജ്യ, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും സംയോജിപ്പിക്കും.

കാലക്രമേണ മാസ്റ്റര്‍പ്ലാന്‍ വികസിക്കുമ്പോള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍റര്‍ (ജിസിസി), ഹൈടെക് മാനുഫാക്ചറിങ്, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയിലൂടെ ടെക്നോപാര്‍ക്ക് ഫേസ്-4 ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

1990 ല്‍ സ്ഥാപിതമായ ടെക്നോപാര്‍ക്കില്‍ നിലവില്‍ 500-ലധികം കമ്പനികളും 80,000 ജീവനക്കാരുമാണുള്ളത്.

Photo Gallery

+
Content