വെഡിംഗ്-മൈസ് മേഖല; സുസ്ഥിര വികസനവും ഉത്തരവാദിത്ത ടൂറിസവും ആധാരശിലയാകണം- വിദഗ്ധര്‍

Kochi / August 15, 2025

കൊച്ചി: കേരളത്തിന്‍റെ പ്രശസ്തമായ സുസ്ഥിരവികസനവും ഉത്തരവാദിത്ത ടൂറിസവും ആധാരശിലയാക്കി കൊണ്ട് സംസ്ഥാനത്തെ വെഡിംഗ്-മൈസ് (മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ്) ടൂറിസം മേഖല കെട്ടിപ്പെടുക്കണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരള ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സംഘടിപ്പിച്ച വെഡിംഗ്-മൈസ് ഉച്ചകോടിയില്‍ മൈസ് രംഗത്തെ കേരളത്തിന്‍റെ സാധ്യതകള്‍ എന്ന സെമിനാറിലാണ് വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പരമ്പരാഗത ടൂറിസം അടിസ്ഥാന സൗകര്യങ്ങളില്‍ നിന്ന് മാറി മൈസ് ടൂറിസത്തിന് പ്രത്യേകമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് ദക്ഷിണ മേഖലാ ഡയറക്ടര്‍ വെങ്കടേശന്‍ ദത്താരേയന്‍ ചൂണ്ടിക്കാട്ടി. മൈസ് അനുബന്ധ കാര്യങ്ങള്‍ക്ക് പ്രത്യേക മനുഷ്യവിഭവശേഷിയെ പരിശീലിപ്പിക്കണം. വന്‍കിട സമ്മേളനങ്ങള്‍ക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കരുത്. ചെറിയ യോഗങ്ങള്‍, കോണ്‍ഫറന്‍സ് എന്നിവയ്ക്ക് ഇടുക്കി,വയനാട്, പാലക്കാട് തുടങ്ങിയ പ്രാദേശിക ഡെസ്റ്റിനേഷനുകള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെഡിംഗ്-മൈസ് ടൂറിസത്തിനായി കേരളം സ്വയം റിബ്രാന്‍ഡ് ചെയ്യണമെന്ന് സ്റ്റിമുലസ് ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ മുകേഷ് മഖിജാനി പറഞ്ഞു. പര്‍പ്പസ് വിത്ത് നേച്ചര്‍ എന്നതായിരിക്കണം കേരളത്തിന്‍റെ നയം. സുസ്ഥിര-ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളായിരിക്കണം മൈസ് ടൂറിസത്തില്‍ കേരളത്തിന്‍റെ ആധാരശില. കേരളം എന്താണ് നല്‍കാന്‍ പോകുന്നതെന്ന കാര്യത്തില്‍ വ്യക്തമായ ബോധം ഇവിടുത്തെ വ്യവസായങ്ങള്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വര്‍ഷത്തേക്കുമുള്ള മൈസ് കലണ്ടര്‍ സംസ്ഥാന സര്‍ക്കാരും ടൂറിസം വ്യവസായികളും ചേര്‍ന്ന് തയ്യാറാക്കണമെന്ന് തെലങ്കാന ചേംബര്‍ ഇവന്‍റ്സ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് ബല്‍റാം ബാബു പറഞ്ഞു. അന്താരാഷ്ട്ര യാത്രികര്‍ക്ക് അതനുസരിച്ച് തങ്ങളുടെ യാത്രാപദ്ധതികള്‍ ക്രമീകരിക്കാനും അതു വഴി പരമ്പരാഗത ടൂറിസം മേഖലയ്ക്ക് നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി, കുമരകം, കോവളം എന്നിവയ്ക്ക് പുറമെ സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളെക്കൂടി വെഡിംഗ്-മൈസ് ടൂറിസത്തിലേക്ക് കൊണ്ടുവരണമെന്ന് സംരംഭകനും മൈസ് വിദഗ്ധനുമായ മുഫ്ദാല്‍ ദഹോദ് വാല പറഞ്ഞു. അനുഭവവേദ്യ ടൂറിസവും വൈവിദ്ധ്യമാര്‍ന്ന പ്രകൃതിയുടെ ആനുകൂല്യവും പൂര്‍ണമായി വെഡിംഗ്-മൈസ് മേഖലയില്‍ കേരളം ഉപയോഗിക്കണമെന്ന് എന്‍റര്‍ട്രെയിന്‍മന്‍റ് മാനേജ്മന്‍റ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് സാഗര്‍ പിംഗളി ചൂണ്ടിക്കാട്ടി.

മൈസ് ഓണ്‍ലൈന്‍ സ്ഥാപക തനൂജ പാണ്ഡേ മോഡറേറ്റായിരുന്നു. സെമിനാര്‍ കമ്മിറ്റി ചെയര്‍മാന്‍ റിയാസ് അഹമ്മദ്, വൈസ് ചെയര്‍മാന്‍ നിര്‍മ്മല ലില്ലി എന്നിവര്‍ സംസാരിച്ചു. ഉച്ചകോടി ഇന്ന് (ശനിയാഴ്ച) സമാപിക്കും.

 

Photo Gallery