ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങില്‍ കേരളത്തിന്‍റെ ആകര്‍ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ച് കെടിഎം കോണ്‍ക്ലേവ്
Kochi / August 15, 2025
കൊച്ചി: ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് മേഖലയില്‍ ലോകത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കേരളത്തിന്‍റെ സാധ്യതകള്‍ മുന്നോട്ടുവച്ച് പ്രഥമ വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ്. സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ത്രിദിന കോണ്‍ക്ലേവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങില്‍ കേരളത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള പ്രദര്‍ശനം ശ്രദ്ധനേടുന്നു.
സംസ്ഥാനത്തെ വന്‍കിട ഹോട്ടലുകള്‍, ആഡംബര റിസോര്‍ട്ടുകള്‍, ബ്രൈഡല്‍ സര്‍വീസുകള്‍ തുടങ്ങിയ മേഖലകളിലുള്ളവരാണ് പ്രദര്‍ശനത്തില്‍ സെല്ലര്‍മാരായി പങ്കെടുക്കുന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി ഒരുക്കുന്ന സൗകര്യങ്ങള്‍, പശ്ചാത്തലം, നവീന ആശയങ്ങള്‍ എന്നിവയെല്ലാം ഇവര്‍ പങ്കുവയ്ക്കുന്നു. കേരളത്തെ മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനായി മാറ്റുന്ന പ്രകൃതിസൗന്ദര്യം, മനോഹരങ്ങളായ സ്ഥലങ്ങള്‍, മികച്ച താമസ, ഭക്ഷണ സൗകര്യങ്ങള്‍, പ്രൊഫഷണലുകളുടെ പിന്തുണ, സാംസ്‌ക്കാരിക പൈതൃകം, വാസ്തുകല എന്നിവയും പരിചയപ്പെടുത്തുന്നു. രാജ്യത്തിനകത്തും പുറത്തു നിന്നുമായി 675 ലേറെ ബയര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
വന്‍കിട വെഡ്ഡിങ് കമ്പനികള്‍ നൂതന വിപണന തന്ത്രങ്ങള്‍, ലോജിസ്റ്റിക്‌സ്, സാങ്കേതികവിദ്യാ വിന്യാസം എന്നിവയിലൂടെ പ്രദര്‍ശനത്തെ ആകര്‍ഷകമാക്കുന്നു. കേരളത്തിലെ മികച്ച ബീച്ചുകള്‍, പൈതൃക മന്ദിരങ്ങള്‍, കായല്‍ റിസോര്‍ട്ടുകള്‍ എന്നിവയ്ക്ക് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് മേഖലയില്‍ പ്രത്യേക പ്രചാരം നല്‍കുന്നുണ്ട്.
കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍റെ (കെടിഡിസി) ഹോട്ടലുകള്‍ക്ക് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങില്‍ നിരവധി ആവശ്യക്കാരാണുള്ളത്. കൊച്ചി ബോള്‍ഗാട്ടി പാലസ് ഐലന്‍ഡ് റിസോര്‍ട്ട് ആണ് 'പ്രൈം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പ്രോപര്‍ട്ടി' ആയി അവതരിപ്പിക്കുന്നതെന്ന് കെടിഡിസി അധികൃതര്‍ പറഞ്ഞു. ഡച്ച് കൊട്ടാരത്തിന്‍റെ വാസ്തുഗാംഭീര്യവും സ്വാഭാവികമായ കായല്‍ഭംഗിയും ബോള്‍ഗാട്ടിയെ ആകര്‍ഷമാക്കുന്നു. ബീച്ചിന് അഭിമുഖമായുള്ള കോവളം സമുദ്ര, കായല്‍പരപ്പിന്‍റെ സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന കുമരകത്തെ വാട്ടര്‍സ്‌കേപ്‌സ്, കുമരകം ഗേറ്റ് വേ, മൂന്നാര്‍ ടീ കൗണ്ടി എന്നിവയും കെടിഡിസിയുടെ സ്വീകാര്യതയുള്ള ഡെസ്റ്റിനേഷനുകളാണ്.
ആലപ്പുഴ, കുമരകം, കൊച്ചി, മൂന്നാര്‍, വയനാട്, കോവളം, വര്‍ക്കല, പൂവാര്‍, എന്നിവയാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി കേരളത്തില്‍ ഏറെ ആവശ്യക്കാരുള്ള സ്ഥലങ്ങള്‍. ബീച്ച്, കായല്‍തീരം, മലയോരങ്ങള്‍, ഹൗസ്‌ബോട്ട് എന്നിവയ്ക്കാണ് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. സ്ഥലം, താമസം, എത്തിച്ചേരാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ആളുകള്‍ മുന്‍ഗണന കൊടുക്കുന്നത്. കേരളത്തിന്‍റെ പരമ്പരാഗത വിവാഹ ചടങ്ങുകളും ആചാരങ്ങളും അനുകരിക്കാന്‍ താത്പര്യപ്പെടുന്നവരുമേറെ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ വിവാഹ ചടങ്ങ് നടത്തുന്നതിനായി കേരളത്തിലെത്തുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഈ പ്രവണത വര്‍ധിച്ചുവരികയാണ്. ചടങ്ങുകള്‍ക്കായി ദിവസങ്ങളോളം ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നതാണ് രീതി.
വ്യത്യസ്ത നാടുകളില്‍ നിന്നുള്ളവര്‍ക്കായി അവരുടെ പശ്ചാത്തലങ്ങള്‍ സൃഷ്ടിച്ചും ആചാരങ്ങളനുസരിച്ചും ഭക്ഷണമൊരുക്കിയും ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ടെന്ന് ഈയിടെ ജൈനമതാചാരമനുസരിച്ചുള്ള വിവാഹത്തിന് വേദിയൊരുക്കിയ കൊച്ചിയിലെ ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. മറ്റ് നാടുകളിലെയും കേരളത്തിലെയും വിവാഹരീതികള്‍ കോര്‍ത്തിണക്കുന്ന ചടങ്ങുകള്‍ക്കും ആവശ്യക്കാരുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ആവശ്യത്തിനസരിച്ച് കേരളത്തിലെ ഏതു പ്രദേശത്തും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി വേദിയൊരുക്കുന്ന രീതിക്ക് പ്രചാരമേറെയാണെന്ന് ആലപ്പുഴ ആസ്ഥാനമായ സ്ഥാപനം വ്യക്തമാക്കി. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി കേരളത്തെ തെരഞ്ഞെടുക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്നും 29 വര്‍ഷമായി ഈ മേഖലയിലുള്ള സ്ഥാപനം സാക്ഷ്യപ്പെടുത്തുന്നു.
സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ ഡെസ്റ്റിനേഷന്‍ ഒരുക്കിയാണ് നെടുമ്പാശ്ശേരി ആസ്ഥാനമായ വെഡ്ഡിങ് പ്ലാനര്‍ സ്ഥാപനം വ്യത്യസ്തമാകുന്നത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതാണ് ഇവരുടെ രീതി. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാള്‍ തുടങ്ങിയ ആഘോഷവേളകളില്‍ നടക്കുന്ന വിവാഹങ്ങളില്‍ അതിന്റെ ആശയം കൂടി ഉള്‍പ്പെടുത്തിയുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും ഇവരുടെ വേറിട്ട രീതിയാണ്.
കോണ്‍ക്ലേവ് ഇന്ന് (ശനി) സമാപിക്കും.