കൈപ്പമംഗലത്തെ അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് കലാവാടി ഏകദിന ശില്പശാലയുമായി കൊച്ചി ബിനാലെ ഫൌണ്ടേഷൻ
Kochi / August 9, 2025
കൊച്ചി: കൈപ്പമംഗലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി കൊച്ചി ബിനാലെ ഫൌണ്ടേഷൻ 'കലാവാടി' എന്ന പേരില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കൊച്ചി ബിനാലെ ആറാം ലക്കത്തിന്‍റെ മുന്നോടിയായി പൊതുസമൂഹത്തില്‍ കലാ സാന്നിദ്ധ്യം കൊണ്ടു വരുന്നതിന് ലക്ഷ്യമിട്ടുള്ള എബിസി ആര്‍ട്ട് റൂം പരിപാടിയുടെ ഭാഗമായാണ് 'കലാവാടി' സംഘടിപ്പിച്ചത്.
കൈപ്പമംഗലം ഗ്രാമപഞ്ചായത്തിന്‍റെ 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങളുമായി ഏകോപിപ്പിച്ചാണ് ശില്‍പശാല സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 33 അങ്കണവാടി പ്രവര്‍ത്തകരും ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
കലയെ പൊതുമണ്ഡലത്തില്‍ പരിചിതമാക്കുന്നതിന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍(കെബിഎഫ്) നടത്തുന്ന പ്രധാനപ്പെട്ട ഉദ്യമങ്ങളിലൊന്നാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍. കല, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കലാപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും സുപ്രധാന ഘടകമാക്കാനുമുള്ള കെബിഎഫിന്‍റെ പരിപാടിയാണിത്. ബിനാലെയുടെ തുടക്ക കാലം മുതല്‍ക്കു തന്നെ വിവിധ കലാ പ്രദര്‍ശനങ്ങള്‍, വിദ്യാഭ്യാസ പരിപാടികള്‍, സിമ്പോസിയങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചു വരുന്നു.
വിദ്യാര്‍ഥികള്‍, കലാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഫൗണ്ടേഷന്‍റെ ഗവേഷണാധിഷ്ഠിത കലാ വിദ്യാഭ്യാസ പദ്ധതിയാണിത്. കുട്ടികളെ കലാകാരډാരാക്കി മാറ്റുക എന്നതല്ല മറിച്ച് അവര്‍ക്ക് ചുറ്റും കലയുടെയും സര്‍ഗ്ഗാത്മകതയുടെയും അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നതാണ് ലക്ഷ്യം.
കേരളത്തിലുടനീളം സര്‍ക്കാര്‍ സ്കൂളുകളിലും കമ്മ്യൂണിറ്റി സെന്‍ററുകളിലും തദ്ദേശ പഞ്ചായത്ത് സ്ഥാപനങ്ങളുമായി സഹകരിച്ച് കലാ ശില്‍പശാലകള്‍ ആരംഭിക്കാന്‍ എബിസി ഉദ്ദേശിക്കുന്നുണ്ട്.
വയോജന സൗഹൃദ സമിതികളിലും, സ്ത്രീകള്‍ക്കുള്ള 'ജാഗ്രത സമിതികളിലും, ഭിന്ന ശേഷി കുട്ടികള്‍ക്കുള്ള സ്കൂളുകളിലും, 35 പേരുള്ള രണ്ട് ബാച്ചുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസത്തേക്ക് കലാ ശില്‍പശാലകള്‍ നടത്തുമെന്നും കെബിഎഫ് അറിയിച്ചു.
2025 ഡിസംബര്‍ 12-നാണ് രാജ്യാന്തരതലത്തില്‍ പ്രശസ്തി നേടിയ കൊച്ചി ബിനാലെ ആരംഭിക്കുന്നത്. പ്രശസ്ത കലാകാരന്‍ നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ ആറാം ലക്കം 110 ദിവസത്തെ കലാ പ്രദര്‍ശനത്തിനു ശേഷം മാര്‍ച്ച് 31 ന് അവസാനിക്കും.